ടോക്കിയോ : ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയിലും പലസ്തീന്‍ അനുകൂല പ്രതിഷേധം. ഇന്‍തിഫാദ മുദ്രാവാക്യവുമായുള്ള പ്രകടനമാണ് ശനിയാഴ്ച ടോക്കിയോയില്‍ നടന്നത്. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണ് പ്രതിഷേധം. ടോക്കിയോയിലെ ഷിബുയാ സ്ട്രീറ്റില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി പേരാണ് ഭാഗമായത്. ഇസ്രയേലിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുള്ളതായിരുന്നു റാലിയില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങളിലേറെയും.
പൊലീസ് സാന്നിധ്യത്തിലായിരുന്നു തെരുവുകള്‍ തോറുമുള്ള ഇസ്രയേല്‍ വിരുദ്ധ റാലി നടന്നത്. ഇസ്രയേല്‍ റാഫയില്‍ നടത്തുന്ന വ്യോമാക്രമണങ്ങളേയും ശക്തമായി അപലപിക്കുന്നതായിരുന്നു പ്രതിഷേധ റാലി. സമാധാനപരമായി നടന്ന പ്രതിഷേധ റാലി ടോക്കിയോയിലെ പ്രധാന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഹബ്ബിന് സമീപത്താണ് അവസാനിച്ചത്. ജപ്പാനിലെ പ്രധാന സര്‍വ്വകലാശാലകളില്‍ ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധം നടന്നിരുന്നു.
ടോക്കിയോ സര്‍വ്വകലാശാലയിലും വസീദാ സര്‍വ്വകലാശാലയിലും ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നു. പാലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൂടാരങ്ങള്‍ അടക്കമുള്ളവ കെട്ടിയായിരുന്നു സര്‍വ്വകലാശാലകളിലെ പ്രതിഷേധം. നേരത്തെ അമേരിക്കയിലെ വിവിധ സര്‍വ്വകലാശാലകളിലും യൂറോപ്പിലെ വിവിധ പ്രമുഖ സര്‍വ്വകലാശാലകളിലും ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ സജീവമായിരുന്നു. അമേരിക്കന്‍ സര്‍വ്വകലാശാലകളിലെ ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധത്തിന്റെ പേരില്‍ നിരവധി പേരാണ് അറസ്റ്റിലായത്.