ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ആക്രമണം. പാകിസ്താൻറെ രണ്ടാമത്തെ വലിയ നാവിക വ്യോമ താവളത്തിനുനേരെയാണ് ആക്രമണം നടന്നത്.ബലൂചിസ്താനിലെ തുർബത്തിൽ സ്ഥിതിചെയ്യുന്ന പി.എൻ.എസ് സിദ്ദിഖി നാവിക വ്യോമ താവളത്തിനുനേരെയാണ് സ്ഫോടനവും വെടിവെപ്പും നടന്നത്.\
നിരോധിത സംഘടനയായ ബലൂചിസ്താൻ ലിബറേഷൻ ആർമിയുടെ (ബി.എൽ.എ) മജീദ് ബ്രിഗേഡ് ആക്രമണത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തു. വ്യോമതാവളത്തിൽ നുഴഞ്ഞുകയറിയതായും ഒരു ഡസനിലധികം പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായും ബി.എൽ.എ അവകാശപ്പെട്ടു.ആക്രമണത്തിൽ ആളപായത്തെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമല്ല. കനത്ത വെടിവെപ്പും സ്‌ഫോടനങ്ങളും മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്നതായാണ് റിപ്പോർട്ട്. പ്രദേശത്തെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം നൽകുകയും ഡോക്ടർമാരോട് ഡ്യൂട്ടിക്ക് ഹാജരാകാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ബലൂചിസ്താനിലെ ചൈനയുടെ നിക്ഷേപങ്ങളെ എതിർക്കുന്ന മജീദ് ബ്രിഗേഡ്, ചൈനയും പാകിസ്താനും മേഖലയിലെ വിഭവങ്ങൾ ചൂഷണം ചെയ്യുകയാണെന്ന് ആരോപിക്കുന്നു.നേരത്തെ, ജനുവരി 29ന് ബലൂചിസ്താനിലെ ഗ്വാദർ തുറമുഖത്തുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികരും എട്ട് അക്രമികളും കൊല്ലപ്പെട്ടിരുന്നു.