ഇസ്ലാമാബാദ്: ഭരണസ്ഥിരതയില്ലായ്മയും തീവ്രവാദ പിടിമുറുക്കവുമൊക്കെക്കൂടി ആകെ താറുമാറായ പാകിസ്ഥാനില്‍ മരുന്നിന് പോലും പണമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. തീവ്രവാദ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം പറഞ്ഞ് ലോകശക്തികളും ഐഎംഎഫും ഉള്‍പ്പെടെയുള്ളവര്‍ പാകിസ്ഥാനുള്ള സാമ്പത്തിക സഹായത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഞ്ചാവ് കൃഷി പ്രോത്സാഹിപ്പിക്കാനൊരുങ്ങുകയാണ് പാകിസ്ഥാന്‍. രാജ്യത്ത് കഞ്ചാവ് കൃഷി വ്യാപകമാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഈ കഞ്ചാവ് ഔഷധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണ് ലക്ഷ്യം.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ഷം ജനുവരിയില്‍ തന്നെ കഞ്ചാവ് കൃഷി വ്യാപിപ്പിക്കാന്‍ പാകിസ്ഥാന്‍ ആലോചിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് നിയന്ത്രണ അതോറിറ്റി രൂപീകരിക്കുകയും ചെയ്തതാണ്. ഇതിന് പിന്നാലെയാണ് നീക്കങ്ങള്‍ വേഗത്തിലാക്കിയത്. രാജ്യത്തിനുള്ളില്‍ കൃഷി വ്യാപിപ്പിക്കുന്നതിന് പുറമേ ഇറക്കുമതി വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇത് വഴി ആഗോള കഞ്ചാവ് വിപണിയില്‍ സ്ഥാനം ഉണ്ടാക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം. കയറ്റുമതി, വിദേശ നിക്ഷേപം, ആഭ്യന്തര വില്‍പ്പന എന്നിവ ത്വരിതപ്പെടുന്നതിലൂടെ വരുമാനം വര്‍ദ്ധിക്കുമെന്നും പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നു. നിലവില്‍ 25 ശതമാനം ആണ് പാകിസ്ഥാന്റെ നാണയപ്പെരുപ്പം. കഞ്ചാവ് കൃഷി വഴി 64.74 ബില്യണ്‍ ഡോളര്‍ നേട്ടം ഉണ്ടാക്കാമെന്നും രാജ്യം പ്രതീക്ഷിക്കുന്നു.
13 അംഗങ്ങള്‍ ആണ് നിയന്ത്രണ അതോറിറ്റിയില്‍ ഉള്ളത്. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി ആയിരിക്കെ 2020 ല്‍ തന്നെ കഞ്ചാവിന്റെ കൃഷി വ്യാപിപ്പിക്കാന്‍ ആലോചന നടത്തിയിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ തുടര്‍ നടപടികള്‍ക്ക് തടസ്സം നേരിടുകയായിരുന്നു.
അതിനിടെ ബജറ്റ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ചൈന പോലുള്ള പ്രധാന സഖ്യകക്ഷികളില്‍ നിന്ന് 12 ബില്യണ്‍ യുഎസ് ഡോളര്‍ കടം വാങ്ങാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്.
പണമില്ലാത്ത രാജ്യത്തേക്ക് അന്താരാഷ്ട്ര നാണയ നിധി ടീം വരുന്നതിന് മുമ്പ് പണം കൈവരിക്കാനാണ് പാകിസ്ഥാന്റെ ലക്ഷ്യം. സൗദി അറേബ്യയില്‍ നിന്ന് 5 ബില്യണ്‍ ഡോളറും യുഎഇയില്‍ നിന്ന് 3 ബില്യണ്‍ ഡോളറും ചൈനയില്‍ നിന്ന് 4 ബില്യണ്‍ യുഎസ് ഡോളറും വാങ്ങാനാണ് ധനമന്ത്രാലയം ഉള്‍പ്പെട്ടവര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ചൈനയില്‍ നിന്നുള്ള കൂടുതല്‍ പുതിയ ധനസഹായത്തിന്റെ എസ്റ്റിമേറ്റ് അടുത്ത സാമ്പത്തിക ബജറ്റ് വര്‍ഷത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
പാക്കിസ്ഥാന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ സൈന്യത്തെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളുടെ വിതരണം വെട്ടിക്കുറച്ചതിനാല്‍ സൈനികരുടെ മെസ്സുകളില്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ സൈനിക മെസ്സുകളിലും പട്ടാളക്കാര്‍ക്കുള്ള ഭക്ഷണ വിതരണം വെട്ടിക്കുറച്ചതായാണ് വിവരം.
എല്ലാ സൈനിക മെസ്സുകളിലെയും സൈനികര്‍ക്കുള്ള ഭക്ഷണ വിതരണം വെട്ടിക്കുറച്ചത് ചൂണ്ടിക്കാണിച്ച്, ചില ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ജനറല്‍ ഓഫീസിലേക്ക് കത്തുകള്‍ അയച്ചതായാണ് വിവരം. ഭക്ഷ്യ വിതരണവും ലോജിസ്റ്റിക് പ്രശ്‌നങ്ങളും ചീഫ് ഓഫ് ലോജിസ്റ്റിക് സ്റ്റാഫ്, ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സ് എന്നിവരുമായി ക്യുഎംജി ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
പതിറ്റാണ്ടുകളായി ഉയര്‍ന്ന പണപ്പെരുപ്പവും ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനെയും തുടര്‍ന്ന് സൈനികര്‍ക്ക് രണ്ടുനേരം ശരിയായി ഭക്ഷണം നല്‍കാന്‍ സൈന്യത്തിന് കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014-ല്‍ ഓപ്പറേഷന്‍ സര്‍ബ്-ഇ-അസ്ബ് സമയത്ത് മുന്‍ കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് അംഗീകരിച്ച ഭക്ഷണ ഫണ്ടും വെട്ടിക്കുറച്ചതായി ആര്‍മി വൃത്തങ്ങള്‍ പറയുന്നുണ്ട്.