ഇസ്ലാമാബാദ്: കഴിഞ്ഞ വർഷം മെയ് 9 ലെ കലാപവുമായി ബന്ധപ്പെട്ട 12 കേസുകളിൽ മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പൊലീസ് റിമാൻഡിൽ വിടാനുള്ള ഭീകരവിരുദ്ധകോടതിയുടെ ഉത്തരവ് ലഹോർ ഹൈക്കോടതി റദ്ദാക്കി. കേസുകളിൽ ഇമ്രാൻ ഖാനെ 10 ദിവസം റിമാൻഡിൽ വിട്ടുനൽകാനുള്ള ഉത്തരവ് അസാധുവെന്നാണ് ലാഹോർ ഹൈകോടതി വിധി.
നുണ, ശബ്ദ പരിശോധനകൾ നടത്താൻ കൂടുതൽ ദിവസം റിമാൻഡിൽ വിട്ടുതരണമെന്നാവശ്യപ്പെട്ട പഞ്ചാബ് പ്രോസിക്യൂട്ടർ ജനറലിനെ ലാഹോർ ഹൈകോടതിയുടെ രണ്ടംഗ ബെഞ്ച് വിമർശിച്ചു. സംശയിക്കുന്നയാൾ കസ്റ്റഡിയിലുള്ളതിനാൽ റിമാൻഡ് ഇല്ലാതെപോലും ജയിലിൽ വളരെ നേരത്തേതന്നെ പരിശോധനകൾ നടത്താമായിരുന്നു.
പിന്നെ എന്താവശ്യത്തിനാണ് റിമാൻഡെന്നും എന്ത് തെളിവാണ് അന്വേഷണസംഘത്തിന് ലഭിക്കേണ്ടതെന്നും ജസ്റ്റിസ് താരിഖ് സലീം ശൈഖ്, ജസ്റ്റിസ് അൻവാറുൽ ഹഖ് പന്നു എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. റിമാൻഡിൽ വിട്ടുനൽകി ജൂലൈ 16നാണ് ഭീകരവാദ വിരുദ്ധ കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഇമ്രാൻ ഖാൻ ലാഹോർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.