ടെല്‍ അവീവ്: ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ലെബനനിലുടനീളം പേജര്‍ സ്ഫോടനം നടത്താന്‍ താന്‍ അനുമതി കൊടുത്തിരുന്നെന്ന് സമ്മതിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സംഭവത്തില്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യ തുറന്നുപറച്ചിലാണിത്.
സെപ്റ്റംബര്‍ 17-നാണ് ലെബനന്റെയും സിറിയയുടെയും വിവിധഭാഗങ്ങളില്‍ ഒരേസമയം പേജറുകള്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 40 പേര്‍ മരിക്കുകയും 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പേജര്‍സ്ഫോടനത്തിനു പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ലെബനനില്‍ യുദ്ധം ആരംഭിച്ചത്.
പേജര്‍ ആക്രമണത്തില്‍ നിരവധി ഹിസ്ബുള്ള അംഗങ്ങള്‍ക്ക് കൈവിരലുകള്‍ നഷ്ടമാവുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിങില്‍ നിന്ന് രക്ഷപ്പെടാനാണ് മൊബൈലിന് പകരമുള്ള ആശയവിനിമയ മാര്‍ഗമായി ഹിസ്ബുള്ള പേജറിനെ ആശ്രയിച്ചിരുന്നത്. 1996ല്‍ ഹമാസിന്റെ ബോംബ് നിര്‍മാതാവായിരുന്ന യഹ്യ അയ്യാഷിനെ ഇസ്രയേല്‍ കൊലപ്പെടുത്തയതിന് പിന്നാലെയാണ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ ഹിസ്ബുള്ളയെ പ്രേരിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചായിരുന്നു യഹ്യ അയ്യാഷിന്റെ മരണം.
പേജര്‍ ആക്രമണത്തിനെതിരേ ലബനന്‍ ഐക്യരാഷ്ട്ര സഭ ലേബര്‍ ഏജന്‍സിക്ക് പരാതി നല്‍കിയിരുന്നു. ഇസ്രയേല്‍ ലബനനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ 3000 ത്തിലേറെ ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് വിവരം.
അതിനിടെ സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിനുസമീപം ഞായറാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ ബഹുനിലക്കെട്ടിടത്തിനു നേരേയാണ് ആക്രമണമുണ്ടായത്.