വാഷിങ്ടന്‍ : ദൈവം പറഞ്ഞാലേ താന്‍ മത്സരരംഗത്ത് നിന്നു പിന്മാറുകയുള്ളൂവെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അറ്റ്ലാന്റയില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപുമായുള്ള ടിവി സംവാദത്തില്‍ ബൈഡന്‍ മോശം പ്രകടനം നടത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് ബൈഡന്‍ പിന്മാറണമെന്ന പാര്‍ട്ടി അണികളുടെയും നേതാക്കളുടെയും ആവശ്യം ശക്തമായിരിന്നു. ജനങ്ങള്‍ ഉറ്റുനോക്കിയിരുന്ന ആദ്യത്തെ ചാനല്‍ സംവാദം പരാജയപ്പെട്ടത് ബൈഡനെയും ഡെമോക്രാറ്റുകളെയും ഭീതിപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ക്ഷീണം മാറ്റുന്നതിനായി വിവിധ അഭിമുഖ പരമ്പരകളാണ് ബൈഡനുവേണ്ടി ഡെമോക്രാറ്റ് പാര്‍ട്ടി ഒരുക്കിയിരിക്കുന്നത്. പ്രായമായതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുള്ള വാദത്തെ ബൈഡന്‍ തള്ളുകയും ചെയ്തിട്ടുണ്ട്.
ട്രംപുമായുള്ള ആദ്യ സംവാദ ദിവസം ക്ഷീണിതനായിരുന്നെന്നും അസുഖബാധിതനായിരുന്നുവെന്നുമാണു പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള അഭിമുഖത്തില്‍ ബൈഡന്‍ വിശദീകരിക്കുന്നത്. പ്രസിഡന്റാകാന്‍ തന്നെക്കാള്‍ യോഗ്യനായ മറ്റൊരാള്‍ വേറെയില്ലെന്നും ബൈഡന്‍ അഭിമുഖത്തില്‍ പറഞ്ഞു. ടിവി സംവാദത്തില്‍ ട്രംപ് 28 തവണ നുണ പറഞ്ഞുവെന്നും ബൈഡന്‍ പറഞ്ഞു.