ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് ഇന്നേക്ക് ഒരു വർഷം; ​ഗാസയിൽ ഇതുവരെ ജീവൻ നഷ്ടമായത് 42000 പേർക്ക്

2023 ഒക്‌ടോബർ 7- ഇസ്രയേലിനെതിരായ ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണം. ആക്രമണത്തിൽ 1200 ഇസ്രയേലികൾ കൊല്ലപ്പെട്ടു. 250 ലേറെ പേരെ ബന്ദികളാക്കി.

author-image
anumol ps
New Update
hamas

 


ടെൽ അവീവ്: ലോകത്തെ നടുക്കിയ ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു ലോകത്തിന്റെ ​ഗതി മാറ്റിയ, ഇസ്രയേലിന് മേൽ ഹമാസ് ആക്രമണം തൊടുത്തുവിട്ടത്. ഇന്ന് ലോകത്തിന്റെ വിവിധ ന​ഗരങ്ങളിൽ യുദ്ധവിരുദ്ധ റാലികൾ നടക്കും. 

2023 ഒക്‌ടോബർ 7- ഇസ്രയേലിനെതിരായ ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണം. ആക്രമണത്തിൽ 1200 ഇസ്രയേലികൾ കൊല്ലപ്പെട്ടു. 250 ലേറെ പേരെ ബന്ദികളാക്കി. ഇസ്രയേൽ അന്നോളം പുലർത്തിയ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും അപ്പാടെ തകർന്ന ഒളിയുദ്ധം. അതേസമയം, ഹമാസ് ആക്രമണം ആരംഭിച്ച് ഏതാനും മണിക്കൂറുകൾ തികയും മുമ്പ് ഹമാസിന്റെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രത്യാക്രമണം തുടങ്ങി. ഒരു വർഷത്തിനിപ്പുറം ഇന്നുവരെ ഗാസയിൽ കൊല്ലപ്പെട്ടത് 42000 പേരാണ്. അതിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്. ഒരു ലക്ഷം പേർക്ക് പരിക്കേറ്റു. ഇതോടെ ലോകത്തെ ഏറ്റവും വലിയ ദുരന്തഭൂമി ആയി ഗാസ മാറി. 

ഇപ്പോൾ സംഘർഷം പശ്ചിമേഷ്യയുടെ കൂടുതൽ മേഖലകളിലേക്ക് പടരുകയാണ്. ലെബനൻ ഗാസ പോലെ മറ്റൊരു യുദ്ധഭൂമിയായി മാറുന്നു. യെമനിലും സിറിയയിലും ആക്രമണങ്ങൾ നടക്കുന്നു. ഇറാൻ നേരിട്ട് രണ്ടു വട്ടം ഇസ്രയേലിനെ ആക്രമിച്ചു. യുഎന്നിന്റെ സമാധാന ആഹ്വാനം ഇരുപക്ഷവും തള്ളി. യുഎൻ തലവൻ അന്റോണിയോ ഗുട്ടറസിന് ഇസ്രയേൽ പ്രവേശന വിലക്കും പ്രഖ്യാപിച്ചു.

ഹമാസിന്റെ പൂർണ്ണമായ ഉന്മൂലനം ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയ ഇസ്രയേൽ ഇന്ന് നേരിടുന്നത് ഹിസ്ബുല്ലയും ഹൂതികളും ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസും അടക്കം നിരവധി സായുധ സംഘങ്ങളെയാണ്. അവർക്കെല്ലാം പരസ്യ ആയുധ സാമ്പത്തിക സഹായവുമായി ഇറാനും നിൽക്കുന്നു. 

israel hamas war one year