അക്കാഫ് പൊന്നോണക്കാഴ്ചയുടെ തിരശീലയുയർന്നു

പ്രാഥമിക റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്ത് പേർ വീതമാണ് സെപ്തംബർ 15നു തിരുവോണദിനത്തിൽ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പൊന്നോണക്കാഴ്ചയുടെ വേദിയിൽ മാറ്റുരയ്ക്കുക.

author-image
Anagha Rajeev
New Update
akkaf onam celebration
Listen to this article
0.75x 1x 1.5x
00:00 / 00:00

ദുബായ് : അക്കാഫ് അസോസിയേഷന്റെ ഓണാഘോഷമായ പൊന്നോണക്കാഴ്ചയുടെ ആരംഭം കുറിച്ചു കൊണ്ട് മലയാളി മങ്ക , പുരുഷ കേസരി നാടൻപാട്ട് വിഭാഗങ്ങളിലെ പ്രാരംഭഘട്ട മത്സരങ്ങൾ ഇക്കഴിഞ്ഞ ദിവസം ഖിസൈസിലെ ഇന്ത്യൻ അക്കാദമി  സ്‌കൂളിൽ വെച്ചു നടന്നു.

വിവിധ കോളജുകളിൽ നിന്നായി നൂറിലേറെ പേർ പുരുഷ കേസരി - മലയാളി മങ്ക മത്സരത്തിന്റെ പ്രാഥമികഘട്ടത്തിൽ പങ്കെടുത്തു. പ്രാഥമിക റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്ത് പേർ വീതമാണ് സെപ്തംബർ 15നു തിരുവോണദിനത്തിൽ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പൊന്നോണക്കാഴ്ചയുടെ വേദിയിൽ മാറ്റുരയ്ക്കുക. പതിമൂന്ന് കോളജുകൾ മാറ്റുരച്ച നാടൻ പാട്ട് മത്സരത്തിൽ ചിന്മയമിഷൻ കോളജ് തൃശൂർ, ഒന്നാം സ്ഥാനവും , ദേവസ്വം കോളജ് ശാസ്താംകോട്ട, രണ്ടാം സ്ഥാനവും ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ടീമുകൾ തിരുവോണദിനത്തിൽ വേൾഡ്ട്രേഡ് സെന്ററിൽ നടക്കുന്ന പൊന്നോണക്കാഴ്ച വേദിയിൽ അവതരിപ്പിക്കും. 

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരിപാടികൾ ആരംഭിച്ചത്. പ്രസിഡന്റ് പോൾ ടി ജോസഫ് നിലവിളക്ക് കൊളുത്തിക്കൊണ്ട് മത്സര പരിപാടികൾ ഉദ്ഘടാനം ചെയ്തു. സെക്രട്ടറി ദീപു എ എസ്‌ , പൊന്നോണക്കാഴ്ച ജനറൽ കൺവീനർ ശങ്കർ നാരായൺ , ഡയറക്ട് ബോർഡ് മെമ്പർമാരായ ഷൈൻ ചന്ദ്രസേനൻ , മച്ചിങ്ങൽ രാധാകൃഷ്ണൻ,, ജോയിന്റ് ജനറൽ കൺവീനർമാർ എ വി ചന്ദ്രൻ, ഡോ ജയശ്രീ , സഞ്ജുകൃഷ്ണൻ , ഫെബിൻ ജോൺ , മൻസൂർ  സി പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

മാതൃവന്ദനമാണ് ഇത്തവണയും അക്കാഫ് അസോസിയേഷന്റെ  ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നത്. പ്രവാസലോകത്തെ ഏറ്റവും വലിയ കലാലയ സൗഹൃദ കൂട്ടായ്മയായ അക്കാഫ് അസോസിയേഷൻ   ഓണാഘോഷത്തിന്റെ  ഭാഗമായാണ് കേരളത്തിൽ നിന്നും 26 അമ്മമാരെ സുവർണ്ണ നഗരമായ ദുബായിൽ എത്തിച്ചുകൊണ്ട് അമ്മയോണം ആഘോഷിക്കുന്നത്. ദുബായിൽ ജോലിചെയ്യുന്ന സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഇരുപത്തിയാറു പേരുടെ അമ്മമാരെയാണ് അക്കാഫ് സ്വന്തം ചെലവിൽ മലയാളികളുടെ എക്കാലത്തെയും സ്വപ്നഭൂമിയായ യു എ ഇ യിൽ  എത്തിച്ചുകൊണ്ട് ആദരിക്കുവാനും യു എ യിലെ വിവിധ പ്രദേശങ്ങൾ സന്ദര്ശിക്കുവാനുമുള്ള അവസരം ഒരുക്കുന്നത്. 

 അക്കാഫിലെ വിവിധ മെമ്പർ കോളജുകളാണ് മാതൃവന്ദനത്തിനെത്തുന്ന അമ്മമാരുടെ ചെലവുകൾ വഹിക്കുന്നത്.

സെപ്റ്റംബർ 15നു ദുബായുടെ  അഭിമാനമായ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അക്കാഫിന്റെ ഓണാഘോഷമായ പൊന്നോണക്കാഴ്ച വേദിയിലാണ് മാതൃവന്ദനം എന്ന പേരിൽ അമ്മമാരെ ആദരിക്കുന്നത്. ഇത് തുടർച്ചയായി രണ്ടാം വർഷമാണ് അക്കാഫ് അസോസിയേഷൻ ഇത്തരത്തിലുള്ള വേറിട്ടൊരു പരിപാടിയുമായി മുന്നോട്ട് വരുന്നത്. വർഷങ്ങളായി ഈ പ്രവാസഭൂമിയിൽ വിയർപ്പൊഴുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ ഒരിക്കലും നടക്കാത്ത സ്വപ്നമാണ് അക്കാഫ് അസോസിയേഷൻ സാക്ഷാൽക്കരിക്കുന്നത്.

Onam 2024