അമേരിക്കന്‍ പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ കമലാഹാരിസ് എത്തുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ഇന്ത്യാക്കാരും.തമിഴ്‌നാട്ടിലാണ് വേരുകളെങ്കിലും അയല്‍ സംസ്ഥാനമായ കേരളവും അഭിമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആ പ്രതീക്ഷ ഇല്ലാതായെങ്കിലും അതിലേറെ ഇന്ത്യാക്കാര്‍ക്ക് അഭിമാനിക്കാനുള്ള വക നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപ് ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ട്... പ്രത്യേകിച്ച് കേരളത്തിനും.
ട്രംപിന്റെ ആദ്യ പ്രഖ്യാപനത്തില്‍തന്നെ 6 ഇന്ത്യന്‍ വംശജര്‍ ഇടംപിടിച്ചിരുന്നു.ജനുവരിയിലാണ് പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നതെങ്കിലും തന്റെ ക്യാബിനറ്റിലേക്കുള്ള അംഗങ്ങളെ നിയമിക്കുന്ന തിരക്കിലാണ് അദ്ദേഹം. ഇപ്പോള്‍ സര്‍വ്വരെയും ഞെട്ടിച്ചുകൊണ്ടാണ് ട്രംപിന്റെ ക്യാബിനറ്റിലെ പുതിയ പ്രഖ്യാപനം വന്നത്. അതും കേരളവുമായി നേരിട്ട് ബന്ധമുള്ള വ്യക്തിയെ ഉള്‍പ്പെടുത്തിക്കൊണ്ട്. ട്രംപ് അവതരിപ്പിച്ച പുതുമുഖമായ ലോക കോടീശ്വരന്‍ ലോണ്‍ മസ്‌കിനൊപ്പം 39കാരനായ വിവേക് രാമസ്വാമിയും ഇടംപിടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ട്രംപ് പുതുതായി അവതരിപ്പിക്കുന്ന വകുപ്പും അതിനെ നിയന്ത്രിക്കാന്‍ നിയമിക്കപ്പെട്ട രണ്ട് പുതുമുഖങ്ങളുമാണ് ഇപ്പോള്‍ ലോകമെമ്പാടും ചര്‍ച്ച.
പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ ചുമതല വഹിക്കാന്‍ ട്രംപ് തിരഞ്ഞെടുത്തത് സാക്ഷാല്‍ ഇലോണ്‍ മസ്‌കിനെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ വിവേക് രാമസ്വാമിയെയുമാണ്.
മസ്‌കും വിവേകും ചേര്‍ന്ന് 'സേവ് അമേരിക്ക' ക്യാമ്പയ്‌ന്റെ ഭാഗമായി തന്റെ ഗവണ്‍മെന്റിന്റെ ഉദ്യോഗസ്ഥൃതല പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും അധികച്ചെലവുകള്‍ നിയന്ത്രിക്കുമെന്നും ട്രംപ് പ്രതിികരിക്കുകയും ചെയ്തു. സര്‍ക്കാരിലെ മാലിന്യങ്ങളെയും തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ മസ്‌കിനും വിവേകിനും കഴിയുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ പുതിയ വകുപ്പായ ഡോജ് എന്നത് യഥാര്‍ഥത്തില്‍ യുഎസ് ഗവണ്‍മെന്റിന്റെ ഔദ്യോഗിക ഭരണവകുപ്പ് അല്ല. വൈറ്റ്ഹൗസിനെയും ഗവണ്‍മെന്റിന്റെ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റിനെയും നയരൂപീകരണത്തില്‍ ഉപദേശിക്കുകയായിരിക്കും ഡോജിന്റെ ദൗത്യം. ഇലോണ്‍ മസ്‌കിന്റെ പ്രിയപ്പെട്ട ക്രിപ്‌റ്റോകറന്‍സിയായ ഡോജ്‌കോയിനോട് സാമ്യമുള്ളതാണ് പേരെന്നതിനാല്‍, ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡോജ്‌കോയിന്റെ മൂല്യവും കൂടിത്തുടങ്ങിയിട്ടുണ്ട്.
1985 ഓഗസ്റ്റ് 9ന് അമേരിക്കയിലെ ഒഹായോയിലാണ് വിവേകിന്റെ ജനനം. ഇക്കുറി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ വിവേക് രാമസ്വാമിയും രംഗത്തുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ട്രംപിനുവേണ്ടി വഴിമാറി. ജന്മംകൊണ്ട് അമേരിക്കക്കാരന്‍ ആയതുകൊണ്ടാണ് വിവേകിന് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത്.
പാലക്കാട് വടക്കഞ്ചേരി ബാലവിഹാറില്‍ സി.ആര്‍. ഗണപതി അയ്യരുടെ മകന്‍ വി.ജി. രാമസ്വാമിയാണ് വിവേകിന്റെ അച്ഛന്‍. അമ്മ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ഗീത രാമസ്വാമി. ഭാര്യ ഉത്തര്‍പ്രദേശ് സ്വദേശി അപൂര്‍വ തിവാരി. അപൂര്‍വയുമൊത്ത് ഏതാനും വര്‍ഷം മുമ്പ് വിവേക് കേരളത്തില്‍ വന്നിരുന്നു. കുടുംബത്തില്‍ തമിഴാണ് സംസാരിക്കുന്നതെങ്കിലും വിവേകിന് മലയാളവും അറിയാം.
ഒഹായോയിലെ ജെസ്യൂട്ട് ഹൈസ്‌കൂളിലായിരുന്നു വിവേകിന്റെയും അനുജന്‍ ശങ്കര്‍ രാമസ്വാമിയുടെയും പ്രാഥമിക വിദ്യാഭ്യാസം. 2007ല്‍ ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്ന് ബയോളജിയില്‍ ബിരുദം നേടിയ വിവേക്, 2013ല്‍ യേല്‍ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും സ്വന്തമാക്കി. 29-ാം വയസ്സിലാണ് റോയ്‌വന്റ് സയന്‍സസ് എന്ന സ്വന്തം സംരംഭത്തിന് തുടക്കമിട്ടത്.
ഫോബ്‌സ് മാഗസിന്റെ അണ്ടര്‍ 30, അണ്ടര്‍ 40 ശതകോടീശ്വര സംരംഭപ്പട്ടികയില്‍ ഇടംപിടിച്ച വിവേക് രാമസ്വാമിയുടെ ആസ്തി 100 കോടി ഡോളറിന് മുകളിലാണ്. 2014ല്‍ അദ്ദേഹം സ്ഥാപിച്ച റോയ്‌വന്റ് സയന്‍സസ് എന്ന ബയോടെക് കമ്പനിയാണ് പ്രധാന വരുമാനസ്രോതസ്സ്. മരുന്നുല്‍പാദന സ്ഥാപനമായ റോയ്‌വന്റ് സയന്‍സസിന്റെ ഉപകമ്പനി മ്യോവന്റ് സയന്‍സസ് 2016ല്‍ യുഎസ് ഓഹരി വിപണിയായ നാസ്ഡാക്കില്‍ 218 മില്യണ്‍ ഡോളര്‍ ഐപിഒയിലൂടെ സമാഹരിച്ച് ലിസ്റ്റ് ചെയ്തിരുന്നു. യുഎസിലെ ആ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായിരുന്നു അത്.
ഇലോണ്‍ മസ്‌കിനെപ്പോലെ ക്രിപ്‌റ്റോകളുടെ ആരാധകനാണ് വിവേകും. വിവേകിന്റെ നിക്ഷേപങ്ങളില്‍ നല്ലൊരുപങ്കും ബിറ്റ്‌കോയിന്‍, എഥറിയം എന്നിവയിലാണ്. ക്രിപ്‌റ്റോ പേയ്‌മെന്റ്‌സ് സ്ഥാപനമായ മൂണ്‍മണി, യൂട്യൂബിന്റെ എതിരാളികളായ റംപിള്‍ എന്നിവയിലും അദ്ദേഹത്തിന് നിക്ഷേപ പങ്കാളിത്തമുണ്ട്. സംരംഭകന്‍ എന്നതിന് പുറമേ എഴുത്തുകാരനും പ്രഭാഷകനുമാണ് വിവേക് രാമസ്വാമി. നേഷന്‍ ഓഫ് വിക്ടിംസ്, ക്യാപിറ്റലിസ്റ്റ് പണിഷ്‌മെന്റ് എന്നിവയാണ് ശ്രദ്ധേയ പുസ്തകങ്ങള്‍.