'ബന്ധം പൂർണമായും ഉപേക്ഷിക്കുന്നു'; ദ​ക്ഷിണ കൊറിയയിലേക്കുള്ള റോഡുകൾ ബോംബിട്ട് തകർത്ത് ഉത്തര കൊറിയ

പ്യോയാങ് റോഡുകൾ തകർക്കുമെന്നും ദക്ഷിണകൊറിയയുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റോഡുകൾ ബോംബിട്ട് തകർത്തത്.

author-image
anumol ps
New Update
kim joung un

സിയോൾ: ദക്ഷിണ കൊറിയയിലേക്കുള്ള പ്രധാന റോഡുകൾ ഉത്തര കൊറിയ ബോംബിട്ട് തകർത്തതായി റിപ്പോർട്ട്. ഉത്തര കൊറിയയുടെ വടക്കൻ മേഖലയിലൂടെയുള്ള റോഡുകളാണ് തകർത്തത്. ദക്ഷിണ കൊറിയയുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ബോംബിടലെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ചയായിരുന്നു ബോംബിടൽ. ദക്ഷിണകൊറിയയിലെ ഉപയോഗശൂന്യമായ റോഡുകളാണ് തകർത്തത്. രണ്ടു രാജ്യങ്ങളെയും വിഭജിക്കുന്ന സൈനിക അതിർത്തിക്കടുത്തുള്ള റോഡുകളാണ് ബോംബിടലിൽ തകർന്നിരിക്കുന്നത്.

ദക്ഷിണ കൊറിയൻ സംയുക്ത മേധാവിയാണ് ബോംബിടലിനേക്കുറിച്ച് വ്യക്തമാക്കിയത്. ദക്ഷിണ കൊറിയയുടെ സൈന്യവും ഇന്റലിജൻസും സംഭവിച്ച നാശ നഷ്ടങ്ങളേക്കുറിച്ച് വിലയിരുത്തുകയാണെന്നാണ് റിപ്പോർട്ട്. ഉന്നത സൈനിക നേതാക്കളുമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം. അടുത്തിടെ ദക്ഷിണ കൊറിയയിൽ നിന്നുള്ള ചാര ഡ്രോണുകൾ ഉത്തര കൊറിയയിൽ എത്തിയതാണ് കിമ്മിനെ പ്രകോപിപ്പിച്ചതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

പ്യോയാങ് റോഡുകൾ തകർക്കുമെന്നും ദക്ഷിണകൊറിയയുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റോഡുകൾ ബോംബിട്ട് തകർത്തത്. രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുന്നതിനായുള്ള പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായാണ് നിലവിലെ നടപടിയെന്നാണ് അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.

മുൻനിര സേനാ വിന്യാസവും ഉത്തര കൊറിയ അതിർത്തികളിൽ സജ്ജമാക്കിയതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. എന്നാൽ ദക്ഷിണ കൊറിയ ഡ്രോണുകളെ അയച്ചതായുള്ള വിവരം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് ദക്ഷിണ കൊറിയയുമായുള്ള അതിർത്തികൾ സ്ഥിരമായി അടയ്ക്കുന്നതായി ഉത്തര കൊറിയ അറിയിച്ചത്.

south korea north korea