ഉത്തര കൊറിയയിലെ പുതിയ ടൂറിസം പദ്ധതി; അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും

നിരവധി പ്രതിസന്ധി നേരിട്ട പദ്ധതി 2025ല്‍ തുറന്ന് നല്‍കുമെന്നും രാജ്യത്തെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് റിസോര്‍ട്ടാണ് ഇവിടെ ഒരുക്കുന്നതെന്നും കിം ജോങ് ഉന്‍ അഭിപ്രായപ്പെട്ടു.

author-image
Athira Kalarikkal
New Update
north korea

Kim Jong un

Listen to this article
0.75x 1x 1.5x
00:00 / 00:00



സോള്‍ : വിദേശ സഞ്ചാരികളെ രാജ്യത്തേക്കടുപ്പിക്കാനുള്ള ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പുത്തന്‍ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നു. വോന്‍സാന്‍ കല്‍മ തീരദേശത്ത് നിര്‍മിക്കുന്ന ടൂറിസം സോണ്‍ 2025 മെയില്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും. നിരവധി പ്രതിസന്ധി നേരിട്ട പദ്ധതി 2025ല്‍ തുറന്ന് നല്‍കുമെന്നും രാജ്യത്തെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് റിസോര്‍ട്ടാണ് ഇവിടെ ഒരുക്കുന്നതെന്നും കിം ജോങ് ഉന്‍ അഭിപ്രായപ്പെട്ടു. 605 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ടൂറിസം സോണില്‍ ആയിരക്കണക്കിന് മുറികളുള്ള ആഡംബര ഹോട്ടലുകളും റിസോര്‍ട്ടുകളുമാണുള്ളത്. 2018ല്‍ ആരംഭിച്ച പദ്ധതി നിരവധി പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോയി.

2019ല്‍ ഉദ്ഘാടനം ചെയ്യുമെന്നറിയിച്ചെങ്കിലും കോവിഡിന് പിന്നാലെ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി. അമേരിക്കയുടെ ഉപരോധം മൂലം നിര്‍മാണ സാമഗ്രികള്‍ ലഭിക്കാതിരുന്നതും പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ടൂറിസ്റ്റ് സോണിലേക്ക് 'വിദേശ സുഹൃത്തുക്കളെ' ക്ഷണിക്കാന്‍ താല്‍പര്യമുണ്ടെന്ന് കിം പറഞ്ഞതായി നേരത്തേ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പാശ്ചാത്യ രാജ്യങ്ങളിലുള്ളവരെ ടൂറിസം കേന്ദ്രത്തിലേക്ക് ക്ഷണിക്കുമോ എന്നതില്‍ വ്യക്തതയില്ല. റഷ്യയും ചൈനയുമടക്കമുള്ള ഉത്തര കൊറിയയുമായി സൗഹൃദം സൂക്ഷിക്കുന്ന രാജ്യത്തിലെ പൗരന്‍മാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

 

international news north korea