ടേക്ക് ഓഫിന് പിന്നാലെ കാർഗോ ഭാഗത്ത് ശബ്ദം; ഭയന്ന് യാത്രക്കാർ

തിരിച്ചിറക്കിയ വിമാനത്തെ കാത്തിരുന്നത് ആയുധധാരികളായ സൈന്യം. കാർഗോ ഹോൾഡിൽ അരിച്ച് പെറുക്കിയുള്ള പരിശോധനയിൽ കണ്ടെത്തിയത് വിമാനത്താവള ജീവനക്കാരനെ.

author-image
Anagha Rajeev
New Update
boeingin 77 e

ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിലെ കാർഗോ ഹോൾഡിന്റെ ഭാഗത്ത് നിന്ന് വലിയ ശബ്ദം. ആയുധം കൊണ്ടുള്ളതിന് സമാനമായ തട്ടും മുട്ടും വലിയ രീതിയിൽ ഉയർന്നതോടെ വിമാനം തിരിച്ചിറക്കി. തിരിച്ചിറക്കിയ വിമാനത്തെ കാത്തിരുന്നത് ആയുധധാരികളായ സൈന്യം. കാർഗോ ഹോൾഡിൽ അരിച്ച് പെറുക്കിയുള്ള പരിശോധനയിൽ കണ്ടെത്തിയത് വിമാനത്താവള ജീവനക്കാരനെ. ഒക്ടോബർ 31 അമേരിക്കൻ എയർലൈനിന്റെ എഎ 954 എന്ന വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. 

അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നത്. ബ്യൂണസ് ഐറിസിൽ നിന്ന് ടേക്ക് ഓഫിന് പിന്നാലെ തന്നെ യാത്രക്കാരുടെ ബാഗുകൾ സൂക്ഷിച്ച ഭാഗത്ത് നിന്ന് ചെറിയ രീതിയിലുള്ള തട്ടും മുട്ടും കേൾക്കാൻ തുടങ്ങിയത്. പിന്നാലെ തന്നെ തട്ടും മുട്ടും ആയുധം കൊണ്ടെന്ന രീതിയിൽ കേൾക്കാനും തുടങ്ങിയതോടെ യാത്രക്കാർ ഭയപ്പാടിലായി. പിന്നാലെ തന്നെ വിമാനത്താവളത്തിൽ വിവരം അറിയിച്ച് പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.

തിരിച്ചിറക്കിയ വിമാനത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചത് ആയുധധാരികളായ സേനാംഗങ്ങളായിരുന്നു. തുറന്ന ഡോറിലൂടെ വിമാനത്തിലേക്ക് ആയുധധാരികളായ സൈനികർ കയറി. ഇതിന് പിന്നാലെയാണ് ബാഗുകൾ വച്ചിരുന്ന ഭാഗത്ത് പരിശോധന തുടങ്ങിയത്. ഈ സമയത്താണ്  കാർഗോ ഭാഗത്ത് നിന്ന് വിമാനത്താവള ജീവനക്കാരനെ കണ്ടെത്തിയത്. 

കൺവേയർ ബെൽറ്റിലൂടെ ബാഗുകൾ നിറയ്ക്കുന്ന കാർഗോ ഭാഗത്ത് ജീവനക്കാരൻ എങ്ങനെയാണ് എത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ബോയിംഗ് 777 300 ഇ ആർ വിമാനത്തിലാണ് സംഭവം. ദീർഘദൂര യാത്രകൾക്ക് ഏറെ പേരുകേട്ടതാണ് ബോയിംഗ് 777  വിമാനങ്ങൾ. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്.

flight