ഒന്റാറിയോ: പ്രശസ്ത കനേഡിയൻ സാഹിത്യകാരിയും നോബേൽ ജേതാവുമായ ആലിസ് മൺറോ (92) അന്തരിച്ചു. പത്തു കൊല്ലത്തിത്തിലേറെയായി ഡിമെൻഷ്യ ബാധിച്ചിരുന്ന ആലിസ്, ഒന്റാറിയോയിലെ കെയർ ഹോമിലാണു കഴിഞ്ഞിരുന്നത്. ‘കനേഡിയൻ ചെക്കോവ്’ എന്നു വിശേഷണമുള്ള ആലിസ്, കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് ഏറെയും എഴുതിയത്.
2009ലെ മാൻ ബുക്കർ സമ്മാനവും 2013ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനവും കരസ്ഥമാക്കിയിരുന്നു. ഡാൻസ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ് (1968), ലിവ്‌സ് ഓഫ് ഗേൾസ് ആൻഡ് വുമൺ (1971), ഹൂ ഡു യു തിങ്ക് യു ആർ ? (1978), ദി മൂൺസ് ഓഫ് ജൂപ്പിറ്റർ (1982), റണ്ണവേ (2004), ദി വ്യൂ ഫ്രം കാസിൽ റോക്ക് (2006), റ്റൂ മച്ച് ഹാപ്പിനെസ് (2009) എന്നിവയാണ് പ്രധാന കൃതികൾ.
സാഹിത്യ നോബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയാണ് ആലിസ്. സമകാലിക ചെറുകഥയുടെ രാജ്ഞിയെന്നാണ് ആലിസിനെ പുരസ്കാര സമിതി വിശേഷിപ്പിച്ചത്. 1968ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം. ആ വര്‍ഷം കനേഡിയന്‍ സര്‍ക്കാരിന്റെ പുരസ്‌കാരം ഈ പുസ്തകം നേടിയിരുന്നു.