ഇസ്രയേലുമായുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തലിനുവേണ്ടി കെഞ്ചില്ലെന്നും തങ്ങള്‍ക്കുകൂടി സ്വീകാര്യമായ വെടിനിര്‍ത്തലിന് ഇസ്രയേല്‍ മുന്നോട്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും ഹിസ്ബുള്ളയുടെ പുതിയ നേതാവ് നയീം കാസിം. പോരാട്ടം തുടരാന്‍ തന്നെയാണ് തീരുമാനം. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുക മാത്രമാണ് പോംവഴിയെന്നും നയീം കാസിം പറഞ്ഞു. ഹിസ്ബുള്ളയുടെ നേതാവായി ചുമതലയേറ്റെടുത്ത ശേഷം അജ്ഞാത കേന്ദ്രത്തില്‍നിന്ന് നല്‍കിയ ആദ്യ വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു നയീം കാസിം.
ലെബനിലെയും ഗാസയിലേയും വെടിനിര്‍ത്തല്‍ സംബന്ധിച്ച് അന്താരാഷ്ട്ര മധ്യസ്ഥര്‍ ചര്‍ച്ച തുടങ്ങിയ സാഹചര്യത്തിലായിരുന്നു നയീം കാസിമിന്റെ സന്ദേശം. 2023 ഒക്ടോബര്‍ എട്ടിന് ഇസ്രയേലില്‍ ഹിസ്ബുള്ള റോക്കറ്റ് ആക്രണം നടത്തിയതിന് ശേഷം നടന്ന യുദ്ധത്തില്‍ ഇതുവരെ ലബനനില്‍ 2790 ആളുകള്‍ കൊല്ലപ്പെടുകയും 12700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ലബനന്‍ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേല്‍ സൈന്യം ലബനനില്‍ കടന്ന് കഴിഞ്ഞമാസം കരയുദ്ധം ആരംഭിക്കുകകൂടി ചെയ്തതോടെ സംഘര്‍ഷം രൂക്ഷമാവുകയും ചെയ്തു. ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം ആളുകളെ കാണാതായതായും ലബനന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്രയേലില്‍ ഹിസ്ബുള്ള നടത്തിയ റോക്കറ്റ്, ഡ്രോണ്‍ ആക്രമണത്തില്‍ ഇതുവരെ 63 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഏകദേശം അറുപതിനായിരത്തോളം ആളുകള്‍ അതിര്‍ത്തിപ്രദേശങ്ങളില്‍നിന്ന് മാറിപ്പോവുകയും ചെയ്തു.
ഹിസ്ബുള്ളയെ ദീര്‍ഘകാലം നയിച്ചിരുന്ന ഹസന്‍ നസറുള്ള കഴിഞ്ഞ മാസം കൊല്ലപ്പെട്ട ശേഷം ചൊവ്വാഴ്ചയാണ് നയീം കാസിമിനെ പുതിയ നേതാവായി പ്രഖ്യാപിച്ചത്. കഴിഞ്ഞ മുപ്പത് കൊല്ലത്തോളം ഹിസ്ബുള്ളയുടെ നിയുക്താധികാരിയായി പ്രവര്‍ത്തിക്കുകയായിരുന്നു നയീം കാസിം. ലബനനില്‍ ഇസ്രയേല്‍ കരയുദ്ധം ശക്തമാക്കിയതോടെ ഹിസ്ബുള്ളയുടെ നിരവധി പ്രധാന നേതാക്കളാണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്.
ഹിസ്ബുള്ളയുടെ യുദ്ധ സന്നാഹങ്ങള്‍ എന്ത് വെല്ലുവളിയും നേരിടാന്‍ സജ്ജമാണെന്നും കാസിം പറഞ്ഞു. എത്രകാലം യുദ്ധം തുടരുന്നോ അത്രകാലം തുടരാനുള്ള ശക്തി ഹിസ്ബുള്ളയ്ക്കുണ്ട്. ഹസന്‍ നസ്‌റുള്ളയടക്കമുള്ള നേതാക്കളുടെ കൊലപാതകത്തിന് ഇസ്രയേല്‍ മറുപടി പറയേണ്ടിവരും. ഇനി മുന്നോട്ട് ഏത് തരത്തിലുള്ള യുദ്ധതന്ത്രമാണ് സ്വീകരിക്കേണ്ടത് എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും കാസിം പറഞ്ഞു.
വെടിനിര്‍ത്തലിനായി കെഞ്ചില്ല, പോരാട്ടം തുടരും: ഹിസ്ബുള്ള തലവന്‍
തങ്ങള്‍ക്കുകൂടി സ്വീകാര്യമായ വെടിനിര്‍ത്തലിന് ഇസ്രയേല്‍ മുന്നോട്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും ഹിസ്ബുള്ളയുടെ പുതിയ നേതാവ് നയീം കാസിം. പോരാട്ടം തുടരാന്‍ തന്നെയാണ് തീരുമാനം
New Update