വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്ന് മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇതേ തുടര്‍ന്ന് 'സ്‌ക്വാക്കിംഗ് 7700 ' എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന അടിയന്തരാവസ്ഥ വിമാനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, വിമാനം സുരക്ഷിതമായി ഹീത്രൂ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങി. ഇന്ന് ഇതുള്‍പ്പെടെ ഒന്‍പത് വിമാനങ്ങള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. അഞ്ച് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കും രണ്ട് വിസ്താര വിമാനങ്ങള്‍ക്കും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കുമാണ് ഭീഷണി ഉണ്ടായത്. നാല് ദിവസത്തിനിടെ ബോംബ് ഭീഷണി ലഭിച്ച വിമാനങ്ങളുടെ എണ്ണം ഇതോടെ 20 ആയി ഉയര്‍ന്നു.
വിമാനത്തിലെ സ്ഥിതി എയര്‍ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കാന്‍ പൈലറ്റുമാര്‍ ഉപയോഗിക്കുന്ന കോഡാണ് 'സ്‌ക്വാക്കിംഗ് 7700'. വിമാനത്തില്‍ അടിയന്തര സാഹചര്യം ഉണ്ട് എന്നാണ് ഇത്‌കൊണ്ട് അര്‍ഥമാക്കുന്നത്. ഇന്ന് രാവിലെ 7.05ന് മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ ബോയിംഗ് 777 വിമാനം ഇംഗ്ലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
കഴിഞ്ഞ നാല് ദിവസമായി രാജ്യത്ത് സര്‍വീസ് നടത്തുന്ന വിവിധ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണി ലഭിക്കുകയാണ്. പ്രതിസന്ധി നേരിടാന്‍ കേന്ദ്രവും സിവില്‍ വ്യോമയാന അധികാരികളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തോട് ആവശ്യട്ടു.
ഈ വിഷയത്തില്‍ ഇന്നലെ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. നേരത്തെ സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായും ഡിജിസിഎ അധികൃതരുമായും ചര്‍ച്ച നടത്തിയിരുന്നു.