ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അമ്പരപ്പിക്കുന്ന പ്രഖ്യാപനമാണ് ചര്‍ച്ചയാകുന്നത്.
ശത്രുക്കള്‍ സൈനികാക്രമണം നടത്തിയാല്‍ മുഴുവന്‍ ശേഷിയും പ്രയോഗിച്ച് പ്രതിരോധിക്കുമെന്നും ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്നുമാണ് കിമ്മിന്റെ പുതിയ പ്രഖ്യാപനം. ഒപ്പം സൈനികമായി തന്റെ രാജ്യത്തെ വന്‍ശക്തിയാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറയുന്നു.
ദക്ഷിണ കൊറിയക്കും അമേരിക്കക്കും മുന്നറിയിപ്പായാണ് കിം ജോങ് ഉന്‍ നല്‍കയിരിക്കുന്നത് എന്ന് വ്യക്തമാണ്. ഇരുരാജ്യങ്ങളും പ്രകോപനമുണ്ടാക്കുകയാണെന്നും വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കിം കുറ്റപ്പെടുത്തുകയും ചെയ്തു. അടുത്തിടെ, ദക്ഷിണ കൊറിയയും അമേരിക്കയും പുതിയ കരാറില്‍ ഒപ്പുവച്ചിരുന്നു. ഉത്തര കൊറിയയുടെ ആണവായുധ ഭീഷണിയെ നേരിടുന്നതിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തുന്നത്.
എന്നാല്‍ കിമ്മിന്റെ ഭീഷണി അത്ര നിസാരമായി കാണാനാവില്ല. ആണവ ആയുധങ്ങളില്‍ ഉത്തര കൊറിയയ്ക്കുള്ളത് വലിയ മേല്‍ക്കൈ തന്നെയാണ്. 30 മുതല്‍ 40 വരെ ആണവ പോര്‍മുനകള്‍ അവര്‍ക്കുണ്ടെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ദക്ഷിണ കൊറിയയ്ക്ക് ആണവായുധമില്ല. എങ്കിലും പുതിയ സാഹചര്യങ്ങളില്‍ അവരും ആണവായുധ വികസനം തുടങ്ങുമോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
ഉത്തര കൊറിയയില്‍ നിന്നുള്ള മിസൈല്‍ ഭീഷണി നേരിടാന്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കാനുള്ള പദ്ധതി ദക്ഷിണ കൊറിയ നടപ്പാക്കുന്നുണ്ട്. 260 കോടി യുഎസ് ഡോളര്‍ മുതല്‍മുടക്കിലാണ് പദ്ധതി. 2035 ല്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ദക്ഷിണ കൊറിയയുടെ ലക്ഷ്യം. 38 പാരലല്‍ എന്നറിയപ്പെടുന്ന അതിര്‍ത്തിയാണ് ഇരു കൊറിയകളെയും വിഭജിക്കുന്നത്. 1953ല്‍ കൊറിയന്‍ യുദ്ധം തീര്‍ന്ന ശേഷം ലോകശക്തികളുടെ നിര്‍ദേശത്തില്‍ ഇവിടെ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും പാലിക്കപ്പെടുന്നുണ്ട്. എന്നാല്‍ അതിര്‍ത്തി വലിയ സമ്മര്‍ദത്തിലാണ് നില്‍ക്കുന്നത്. ഏതു നിമിഷവും ആക്രമണമുണ്ടാകാമെന്ന ഭീതിയില്‍.
അതിര്‍ത്തി രേഖയ്ക്ക് വടക്ക് ഉത്തരകൊറിയ ആയിരത്തിലധികം റോക്കറ്റ് ലോഞ്ചറുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരിയും രാജ്യത്തിന്റെ ഹൃദയവുമായ സോളിനെ ലക്ഷ്യം വച്ചാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. ഇതോടൊപ്പം തന്നെ മേഖലയിലെ മറ്റു സൈനിക ശക്തികളായ ചൈന, ജപ്പാന്‍, റഷ്യ എന്നിവരോടും ഒരു സൂക്ഷ്മത ദക്ഷിണ കൊറിയ പുലര്‍ത്തുന്നുണ്ട്.
2010ല്‍ ഇരുകൊറിയകളുടെയും അതിര്‍ത്തിക്ക് സമീപമുള്ള ദക്ഷിണ കൊറിയന്‍ ദ്വീപായ യോന്‍പിയോങ്ങില്‍ ഉത്തരകൊറിയ ഷെല്‍ ആക്രമണം നടത്തി 4 പേരെ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഉത്തരകൊറിയയുടെ ആര്‍ട്ടിലറി ശക്തിയെ ചെറുക്കാനുള്ള സംവിധാനം വികസിപ്പിക്കണമെന്നത് ദക്ഷിണ കൊറിയയുടെ പ്രധാന ചിന്തയായി മാറി. ഈ ലക്ഷ്യം മുന്‍ നിര്‍ത്തി 100 കിലോമീറ്റര്‍ പരിധിയുള്ള കെടിഎസ്എസ്എം എന്ന മിസൈല്‍ ദക്ഷിണ കൊറിയ വികസിപ്പിച്ചിരുന്നു. എന്നാല്‍ ഇവയുടെ പ്രഹരശേഷിയും വേഗവും കുറവാണ്. ഇവ ആര്‍ട്ടിലറി സംവിധാനത്തെ ആക്രമിക്കുന്ന സമയം കൊണ്ട് ഉത്തരകൊറിയയ്ക്ക് ദക്ഷിണ കൊറിയയിലെ തന്ത്രപ്രധാനമേഖലകളില്‍ പ്രഹരം നടത്താന്‍ സാധിക്കുകയും ചെയ്യും.