ന്യൂഡൽഹി: കോവിഡ് 19 വൈറസിന്റെ വ്യാപനശേഷി കൂടിയ വകഭേദം എക്‌സ്ഇസി(XEC) യെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രഞ്ജർ. ജർമനിയിൽ ജൂണിലാണ് എക്‌സ്ഇസിയെ ആദ്യമായി തിരിച്ചറിഞ്ഞതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ യുകെ, യുഎസ്, ഡെന്മാർക്ക് തുടങ്ങി മറ്റു പല രാജ്യങ്ങളിലും വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു.
യൂറോപ്പിൽ കോവിഡ് വകഭേദത്തിന്റെ വ്യാപനം ത്വരിതഗതിയിലാണെന്നാണു ശാസ്ത്രഞ്ജർ വ്യക്തമാക്കുന്നത്. ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമാണിത്. ഒമിക്രോണ്‍ വകഭേദങ്ങളായ കെ.എസ്.1.1, കെ.പി.3.3 എന്നിവയുടെ ഹൈബ്രിഡാണ് എക്‌സ്ഇസി. പോളണ്ട്, നോർവേ, യുക്രെൻ, പോർച്ചുഗൽ, ചൈന, ലക്സംബർഗ് തുടങ്ങി 27 രാജ്യങ്ങളിൽനിന്നായി എക്‌സ്ഇസി അടങ്ങിയ 500 സാംപിൾസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
ഡെന്മാർക്ക്, ജർമനി, യുകെ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ വകഭേദത്തിന്റെ വ്യാപനം ത്വരിതഗതിയിലായിരിക്കുമെന്നും വിദഗ്ധർ പറയുന്നു. എക്സ്ഇസി കോവിഡ് വകഭേദത്തിന്റെ രോഗലക്ഷണങ്ങൾ മറ്റു കോവിഡ് വകഭേദങ്ങളുടേതിന് സമമാണ്. പനി, ചുമ, തൊണ്ടവേദന, വിശപ്പില്ലായ്മ, മണമില്ലായ്മ, ശരീരഭാഗങ്ങളിൽ വേദന തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ.