ജറുസലം: ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയുടെ കൊലപാതകം മധ്യപൂർവദേശത്തെ ശക്തിസന്തുലനം മാറ്റിമറിക്കാൻ സാധ്യതയുള്ള ചരിത്ര മുഹൂർത്തമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എന്നാൽ വരാനിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദിവസങ്ങൾ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘നസ്റല്ല ഒരു തീവ്രവാദിയായിരുന്നില്ല, അയാൾ ആയിരുന്നു തീവ്രവാദി’ – നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രയേലിന്റെ യുദ്ധലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും വടക്കൻ പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിനും വരും വർഷങ്ങളിൽ മേഖലയിലെ ശക്തിസന്തുലനം മാറ്റുന്നതിനും ഹസൻ നസ്റല്ലയെ വധിച്ചത് അനിവാര്യമായ ചുവടുവയ്പ്പായിരുന്നു. ഹിസ്ബുല്ലയുടെ മറ്റ് ഉന്നത കമാൻഡർമാരെ മാത്രം വധിച്ചാൽ മതിയാവില്ല, ഹസൻ നസ്റല്ലയും വധിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു. ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ ശിൽപിയായിരുന്നു നസ്റല്ലയെന്നും നെതന്യാഹു ആരോപിച്ചു.