ഇസ്രയേലില്‍ കള്ളന്‍ കപ്പലില്‍ തന്നെ. ചാരനെ തിരഞ്ഞുപോയ നെതന്യാഹു ഞെട്ടി. തന്റെ ഓഫീസിലെ വിശ്വസ്തന്‍ തന്നെയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്.ഗസ യുദ്ധവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ന്നിരുന്നു. ചോര്‍ച്ച ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുതന്നെയെന്നാണ് റിപ്പോര്‍ട്ട്. നെതന്യാഹുവിന്റെ വിശ്വസ്തനായ എലി ഫെല്‍ഡ്സ്‌റ്റൈന്‍ ആണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട മൂന്നുപേര്‍ ചോര്‍ച്ചയില്‍ ഭാഗമായിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ അമേരിക്കയ്ക്കു കൈമാറിയ ഇറാനെതിരായ പ്രത്യാക്രമണ പദ്ധതികള്‍ വിവരിക്കുന്ന റിപ്പോര്‍ട്ട് ചോര്‍ന്നിരുന്നു. ഇതു വലിയ വിവാദം ഉയര്‍ത്തുകയായിരുന്നു.
രഹസ്യവിവരങ്ങള്‍ ചോര്‍ന്ന കേസില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് തെല്‍ അവീവിലെ റിഷോണ്‍ ലെസിയോണ്‍ മജിസ്ട്രേറ്റ് കോടതി തടഞ്ഞിരുന്നു. ഈ ഉത്തരവ് കഴിഞ്ഞ ദിവസം കോടതി പിന്‍വലിച്ചതോടെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തായത്.
ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ വക്താക്കളിലൊരാളാണ് എലി ഫെല്‍ഡ്സ്‌റ്റൈന്‍. ഇയാളാണു ദേശസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യവിവരങ്ങള്‍ യൂറോപ്യന്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിനല്‍കിയതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
കേസില്‍ മറ്റു മൂന്നു പ്രതികളുമുണ്ട്. മറ്റു രണ്ടു പേരുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നത് കോടതി തടഞ്ഞിട്ടുണ്ട്. പ്രതിരോധ വകുപ്പുമായി ബന്ധമുള്ള ഉദ്യോഗസ്ഥരാണ് മൂന്നുപേരുമെന്നാണ് വിവരം.ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റും ഐഡിഎഫും ഉയര്‍ത്തിയ സംശയങ്ങള്‍ക്കു പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതെന്ന് കോടതി പറഞ്ഞു.
ഐഡിഎഫില്‍ നിന്ന് രഹസ്യവിവരങ്ങള്‍ കൈപ്പറ്റിയ ശേഷം, ചോര്‍ത്തി നല്‍കുകയാണ് ഇവര്‍ ചെയ്തത്.ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ പരിക്കുണ്ടാക്കുമെന്നും ഗസ്സയിലുള്ള ബന്ദികളെ മോചിപ്പിക്കുക എന്ന പ്രതിരോധ സേനയുടെ ലക്ഷ്യം കൈവരിക്കുന്നതിനും ഇതു തിരിച്ചടിയാകുമെന്നും ഇസ്രായേല്‍ കോടതി ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ അവസാനത്തില്‍ തന്നെ എലി ഫെല്‍ഡ്സ്‌റ്റൈന്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച മാത്രമാണ് വിവരം പുറത്തുവരുന്നത്. പുലര്‍ച്ചെ ഇയാളുടെ വീട്ടില്‍ നടന്ന റെയ്ഡിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അടുത്ത ചൊവ്വാഴ്ച വരെ കോടതി റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് നെതന്യാഹു ഒഴിഞ്ഞുമാറിയിരുന്നു. തന്റെ ഓഫീസിലെ ആരും അറസ്റ്റിലായിട്ടില്ലെന്നും ഒരാള്‍ക്കെതിരെയും അന്വേഷണമില്ലെന്നുമായിരുന്നു അദ്ദേഹം വാദിച്ചത്.
നെതന്യാഹുവിന്റെ ഏറ്റവും അടുത്തയാളാണ് ഫെല്‍ഡ്സ്‌റ്റൈന്‍ എന്നാണ് 'ടൈംസ് ഓഫ് ഇസ്രായേല്‍' റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിലെ എല്ലാ കാര്യങ്ങളിലും ഇയാൾ ഇടപെട്ടിരുന്നു. നെതന്യാഹുവിനൊപ്പം നില്‍ക്കുന്ന നിരവധി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നുണപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സുരക്ഷാ ക്ലിയറന്‍സ് എലി ഫെല്‍ഡ്സ്‌റ്റൈനു ലഭിച്ചിരുന്നില്ല. എന്നാല്‍, ഇതിനുശേഷവും നിരന്തരം നെതന്യാഹുവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നുവെന്നാണാണ് ഇസ്രായേല്‍ മാധ്യമമായ 'കാന്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐഡിഎഫ് വക്താക്കളുടെ വിഭാഗത്തിലും ഫെല്‍ഡ്സ്‌റ്റൈന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നെറ്റ്സ യെഹൂദ ബറ്റാലിയന്‍, വെസ്റ്റ് ബാങ്ക് ഡിവിഷന്‍ എന്നീ വിഭാഗങ്ങളിലാണു സേവനമനുഷ്ഠിച്ചത്. സൈനിക വക്താക്കളുടെ വിഭാഗത്തില്‍ ഓപറേഷന്‍സ് ഓഫീസറുമായിരുന്നു. ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമര്‍ ബെന്‍ ഗവിറിന്റെ വക്താവായും പിന്നീട് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസിദ്ധീകരണമായ 'ജ്യൂയിഷ് ക്രോണിക്കിളി'ല്‍ ആണ് ചോര്‍ച്ചയുടെ വിവരങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സ്ഥാപനം ഇതു പിന്നീടു പിന്‍വലിക്കുകയും ചെയ്തിരുന്നു. ജര്‍മനിയിലെ ടാബ്ലോയ്ഡ് പത്രമായ 'ബില്‍ഡി'ലും ഇതേ വിവരങ്ങള്‍ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടുകള്‍ വന്നു.