ഗസയില്‍ നിന്നുവരുന്നത് കരളലിയിക്കുന്ന വാര്‍ത്തകളാണ്. ഇസ്രയേല്‍ വംശഹത്യയാണ് ഗസയില്‍ ലക്ഷ്യമിടുന്നതെന്ന വിവരവും അതിനിടെ പുറത്തുവന്നു. ഗസയിലേക്കുള്ള അവശ്യ സാധനങ്ങളും കുടിവെള്ളവും ഔഷധങ്ങളും ഉള്‍പ്പെടെ തടഞ്ഞ് ജനങ്ങളെ പട്ടിണിക്കിട്ട് കൊലപ്പെടുത്താനുള്ള നെതന്യാഹുവിന്റെ ജനറല്‍സ് പ്ലാന്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്.
ഇസ്രയേല്‍ സൈനികര്‍ ഈ പ്ലാന്‍ തുടരാന്‍ വിസമ്മതിച്ചെന്നും ഗസയിലേക്ക് അവശ്യസാധനങ്ങളുമായി എത്തിയ ട്രക്കുകള്‍ കടന്നുപോകാന്‍ അനുവദിച്ചെന്നും വെളിപ്പെടുത്തിയത് നെതന്യാഹുവിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള മുന്‍ ഉന്നതോദ്യോഗസ്ഥന്‍ തന്നെയാണ്.
ഗസയില്‍ ഉടനെയൊന്നും സമാധാനം എത്തില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഗസ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിച്ചിരുന്നു എന്നാണ് ചര്‍ച്ചയില്‍ പുരോഗതിയില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച പുനരാരംഭിച്ചത്. സിഐഎ മേധാവി വില്യം ബേണ്‍സും മൊസാദ് തലവന്‍ ഡേവിഡ് ബര്‍ണിയയും ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളായ ഈജിപ്ത്, ഖത്തര്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
എന്നാല്‍, ഹമാസ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നു. ഹമാസിനെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാനുള്ള മധ്യസ്ഥ രാജ്യങ്ങളുടെ ശ്രമം വിജയിച്ചിട്ടില്ല. ആക്രമണം അവസാനിപ്പിച്ച് സൈന്യം ഗസ വിടാതെയുള്ള ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഹമാസ്. ഇക്കാര്യം മധ്യസ്ഥ രാജ്യങ്ങളെ ഹമാസ് അറിയിക്കുകയും ചെയ്തു.
അതിനിടെ, ഫിലാഡല്‍ഫി, നെത് സറിം ഇടനാഴികളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നെതന്യാഹു. ഇതാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പ്രതിസന്ധിയായി നില്‍ക്കുന്നത്.
സൈനിക നടപടിയിലൂടെ മാരതം യുദ്ധലക്ഷ്യങ്ങള്‍ നേടാന്‍ കഴിയില്ലെന്ന് ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അഭിപ്രായപ്പെട്ടു. നെതന്യാഹുവിന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിരോധമന്ത്രി തന്റെ ഭിന്നത പ്രകടിപ്പിച്ചത്.
കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ അനുസമരണ ചടങ്ങിലാണ് യോവ് ഗാലന്റിന്റെ തുറന്നുപറച്ചില്‍. തുടര്‍ന്ന് പ്രസംഗിക്കാന്‍ എഴുന്നേറ്റ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ബന്ദികളുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. ബഹളം കാരണം പ്രസംഗം പൂര്‍ത്തിയാക്കാതെ നെതന്യാഹു മടങ്ങി.
അതിനിടെ, ഇസ്രയേല്‍, ഇറാനെ ആക്രമിച്ച സംഭവത്തില്‍ അമേരിക്കയ്ക്കും പങ്കുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസം ഇറാന്‍ ഉന്നയിച്ചിരുന്നു. ഒക്ടോബര്‍ 26 ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ യുഎസിന് നേരിട്ട് പങ്കുണ്ടെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. അമേരിക്ക ആക്രമണത്തില്‍ പൂര്‍ണ പങ്കാളികളായിരുന്നു എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അഗ്രാചി ആരോപിച്ചത്.
ആക്രമണം നടത്താന്‍ ഇസ്രയേല്‍ എയര്‍ ഫോഴ്‌സിന് വഴിയൊരുക്കികൊടുത്തത് യുഎസ് ആണ്. ആക്രമണത്തിനിടെ ഇസ്രായേല്‍ ഉപയോഗിച്ച പ്രതിരോധ സംവിധാനങ്ങള്‍ ഇതിലെ യുഎസിന്റെ പങ്ക് വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.വ്യോമാക്രമണത്തില്‍ ഏങ്കിലും തരത്തില്‍ തിരിച്ചടിയുണ്ടായാല്‍ ഇസ്രായേല്‍ പൈലറ്റുമാരെ സഹായിക്കാനായി യുഎസ് യുദ്ധ വിമാനങ്ങള്‍ തയ്യാറാക്കിയിരുന്നു എന്ന വിവരവും പുറത്തുവന്നു. ഇക്കാര്യം ഇസ്രായേലി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാനെതിരായ ഓപ്പറേഷന്‍ വിജയിച്ചില്ലെങ്കില്‍ പൈലറ്റുമാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഇസ്രായേലും യുഎസും ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് ഒരു ഇസ്രായേല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.
സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്നായിരുന്നു ആക്രമണത്തിനു പിന്നാലെ യുഎസ് പ്രതികരിച്ചത്. ലോകം മുഴുവന്‍ അപലപിക്കുമ്പോഴും യുഎസ് ഇസ്രായേലിനെ പിന്തുണക്കുകയായിരുന്നു. ആക്രമണത്തെകുറിച്ച് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന് അറിയാമായിരുന്നുവെന്നും ആക്രമണം നടത്തുമ്പോള്‍ തന്നെ പ്രസിഡന്റ് ജോ ബൈഡനെ വിവരം ധരിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുമുണ്ട്.