ഡൊണാള്‍ഡ് ട്രംപ് രണ്ടാമതും അമേരിക്കയില്‍ അധികാരത്തില്‍ എത്തി. നിലപാടുകളില്‍ രണ്ടറ്റത്ത് നില്‍ക്കുന്നവരാണ് ട്രംപും കമലയും. പുരോഗമന ആശയങ്ങളുടെ വക്താവായിരുന്നു കമല. ട്രംപ് കടുത്ത യാഥാസ്ഥിതികനും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നിലെ തിരഞ്ഞെടുപ്പു ഫലം അതുകൊണ്ടുതന്നെ ആശങ്ക ഉയര്‍ത്തുന്നതാണ്.
അമേരിക്കന്‍ ജനത മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ചൊരിഞ്ഞാണ് ട്രംപ് ഇലക്ഷന്‍ ക്യാംപയിനുകള്‍ മുന്നോട്ടുകൊണ്ടുപോയത്. അമ്പരപ്പിക്കുന്ന രീതിയില്‍ കമല ഹാരിസിനെ വംശീയമായി പോലും ട്രംപ് അധിക്ഷേപിച്ചു.നേരത്തെ ബറാക് ഒബാമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍,ബറാക് ഹുസൈന്‍ ഒബാമ എന്നു തിരുത്തിയായിരുന്നു എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി വംശീയ അധിക്ഷേപം നടത്തിയത്.എന്നാല്‍,ഈ അധിക്ഷേപം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയായെന്ന വിലയിരുത്തലും പിന്നീടുണ്ടായി.
2024 ല്‍ എത്തുമ്പോള്‍ അമേരിക്കന്‍ ജനത ഒരുപാട് മാറിയെന്നു വേണം കരുതാന്‍. പച്ചയ്ക്ക് അധിക്ഷേപവും വംശീയതയും പറഞ്ഞാണ് ട്രംപ് കമലയെ പരിഹസിച്ചത്. നാണംകെട്ട പ്രചാരണമെന്ന് പ്രമുഖ മാധ്യമമായ ദി ഗാര്‍ഡിയന്‍ പോലും തുറന്നടിച്ചു.പക്ഷേ, ട്രംപ് വിജയിച്ചു. അമേരിക്ക മാത്രമല്ല, ലോകം എങ്ങോട്ടാണ് പോകുന്നതെന്ന ആശങ്കയാണ് ജനാധിപത്യവാദികളുടെയും , സോഷ്യലിസ്റ്റുകളുടെയും മനസ്സില്‍ നിറയുന്നത്.
ട്രംപിന്റെ രണ്ടാം വരവിനെ ആശങ്കയോടെയാണ് ലോകം കാണുന്നത്. അന്താരാഷ്ട്ര രാഷ്ട്രീയത്തെ സമൂലമായി ട്രംപ് മാറ്റിമറിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുഎസിന്റെ വിദേശ നയത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു.
നിലവിലുള്ള സഖ്യരാജ്യങ്ങളെയും ട്രംപ് വിമര്‍ശിച്ചു. അമേരിക്കയോട് സഖ്യ രാജ്യങ്ങളുടെ പെരുമാറ്റം വളരെ മോശമായിട്ടാണെന്ന് ട്രംപ് തുറന്നടിച്ചിരുന്നു. പാരമ്പര്യ വൈരികളെക്കാള്‍, അമേരിക്കയോട് നീതികേട് കാട്ടിയത് സുഹൃത്തുക്കളായി കരുതിയ രാജ്യങ്ങളാണെന്നാണ് ട്രംപ് പറഞ്ഞത്. സൈനികമായി ഈ രാജ്യങ്ങളെ സംരക്ഷിച്ചെങ്കിലും വാണിജ്യ മേഖലയില്‍ ഇവരെല്ലാം ചതിച്ചെന്നും ട്രംപ് ആരോപിച്ചു. അത് ആവര്‍ത്തിക്കാന്‍ ഇനി അനുവദിക്കരുതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള സഖ്യ രാജ്യങ്ങളെ രണ്ടാം വരവില്‍ ട്രംപ് എങ്ങനെയാവും പരിഗണിക്കുയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇസ്രയേലിനെ ട്രംപ് ചേര്‍ത്തു പിടിക്കും എന്നുതന്നെയാണ് വിലയിരുത്തല്‍. യുദ്ധം തുടരാനാണ് പ്രചാരണത്തിനിടെ ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടത്. അതിനാല്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷം സങ്കീര്‍ണമായി തുടരാനാണ് സാധ്യത.ഇസ്രയേലിനെ സൈനികമായി അകമഴിഞ്ഞു സഹായിക്കാനും ട്രംപ് തയ്യാറായേക്കും.
ആദ്യമായി പ്രസിഡന്റായപ്പോള്‍, പാരീസ് കാലാവസ്ഥ ഉടമ്പടി, ഇറാന്‍ ആണവ കരാര്‍ പോലുള്ള പ്രധാനപ്പെട്ട അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് ഒറ്റയടിക്ക് ട്രംപ് പിന്‍വാങ്ങിയിരുന്നു. വീണ്ടും അധികാരത്തിലെത്തുമ്പോള്‍, ഈ വിഷയങ്ങളില്‍ മുന്‍ നിലപാട് തുടരാനാണ് സാധ്യത. ഇറാന്‍ കരാര്‍ എന്നു വിളിക്കുന്ന ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം അന്താരാഷ്ട്ര കരാറുകളില്‍ നിന്നാണ് ട്രംപ് യുഎസിനെ പിന്‍വലിച്ചത്.
പ്രസിഡന്റ് ബറാക് ഒബാമയുടെ കീഴില്‍ 2015-ല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഇറാന്‍ കരാര്‍ പ്രകാരം അമേരിക്ക, ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ലഘൂകരിച്ചു. ഇറാന്റെ ആണവ പരിപാടി നിയന്ത്രിക്കുക, കൂടുതല്‍ അന്താരാഷ്ട്ര മേല്‍നോട്ടം അനുവദിക്കുക എന്നീ നിബന്ധനകള്‍ക്ക് പകരമായാണ് ഇറാന്‍ ഒബാമയുടെ കാലത്ത് കരാറില്‍ ഒപ്പുവച്ചത്.
ഏറ്റവും മോശവും ഏകപക്ഷീയവുമെന്നാണ് ഇറാന്‍ കരാറിനെ ട്രംപ് വിശേഷിപ്പിച്ചത്. മാത്രമല്ല, 2018ൽ ഇറാന്‍ കരാര്‍ ട്രംപ് ഭരണകൂടം റദ്ദാക്കി. തുടര്‍ന്നാണ് ഇറാന്‍ സ്വന്തം നിലയില്‍ യുറേനിയം സംമ്പുഷ്ടീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയത്. ഇറാനെ, ഹമാസിനെക്കാള്‍ വലിയ ശത്രുവായാണ് ട്രംപ് കാണുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനെതിരെ അതിശക്തമായ ഉപരോധവുമായി അമേരിക്കന്‍ ഭരണകൂടം മുന്നോട്ടുപോകുമെന്ന് ഉറപ്പാണ്.
ലോകം അതിനിര്‍ണായകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. തീവ്ര നിലപാടുകാരനായ കിറുക്കന്‍ ആശയങ്ങളിലൂടെ നിലപാടുകളിലൂടെ കുപ്രസിദ്ധനായ ട്രംപ് അധികാര കസേരയില്‍ തിരിച്ചെത്തിയതിനെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.