ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. രാജ്യത്തിന്റെ നിലവിലെ സൈനിക ഓപ്പറേഷനുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കിയത്.
പ്രതിരോധ വകുപ്പ് മന്ത്രിയായി ഇസ്രയേല്‍ കാറ്റ്സ് ചുമതലയേല്‍ക്കുമെന്നാണ് വിവരം. ''യുദ്ധത്തിന്റെ നടുവില്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഇടയില്‍ പൂര്‍ണ്ണ വിശ്വാസം അത്യാവശ്യമാണ്. ആദ്യ മാസങ്ങളില്‍ വളരെയധികം വിശ്വാസവും ഫലപ്രദമായ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്'' യോവ് ഗലാന്റിനെ പുറത്താക്കിയതിനു പിന്നാലെ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ നടത്തുന്ന പ്രതികാര നടപടിയെച്ചൊല്ലി ഇരുവരും പലതവണ പരസ്പരം ഏറ്റുമുട്ടിയിട്ടിരുന്നു. ഗാസ യുദ്ധത്തിലുടനീളം ഗലാന്റും നെതന്യാഹുവും തമ്മില്‍ പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. 2023 മാര്‍ച്ചില്‍ തനിക്കെതിരെ വ്യാപക തെരുവ് പ്രതിഷേധങ്ങള്‍ നടന്നപ്പോള്‍ പ്രതിരോധ മേധാവിയെ പുറത്താക്കാന്‍ നെതന്യാഹു ശ്രമിച്ചിരുന്നു.അതിനിടെ ഇറാന്‍ ഏത് നിമിഷവും ഇസ്രയേലിനെ ആക്രമിക്കുമെന്ന ഭീതിയെ തുടര്‍ന്ന് ഇറാന് എതിരെ ഇസ്രയേല്‍ രണ്ടുംകല്‍പ്പിച്ചുള്ള പടപ്പുറപ്പാടിലാണെന്നാണ് വിവരം.
അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനും ജനുവരി 20ന് പുതിയ ഗവണ്‍മെന്റിന്റെ സ്ഥാനാരോഹണത്തിനും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ഇറാന് എതിരെ മിസൈല്‍ ആക്രമണത്തിന് ഇസ്രയേല്‍ തയ്യാറെടുക്കുകയാണ്.
ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള അലി ഖമേനി ശനിയാഴ്ച ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ വീണ്ടും ഭീഷണി മുഴക്കി രംഗത്ത് എത്തിയിരുന്നു. 'ശത്രുക്കള്‍, സയണിസ്റ്റ് ഭരണകൂടമായാലും, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയായാലും, തീര്‍ച്ചയായും അവര്‍ക്ക് ഇറാന്റെ ഭാഗത്ത് നിന്ന് തക്കതായ പ്രതികരണം ലഭിക്കും' എന്നായിരുന്നു ഖമേനിയുടെ ഭീഷണി.
ഷിയാ രാജ്യത്തിലെ സൈനിക സൈറ്റുകള്‍ പ്രധാനമായും ലക്ഷ്യം വച്ച ഇസ്രായേല്‍ ആക്രമണങ്ങളോടുള്ള ഖമേനിയുടെ പ്രാരംഭ പ്രതികരണം സൗമ്യമായിരുന്നു, ആക്രമണം ''അതിശയോക്തിയോ ചെറുതാക്കുകയോ ചെയ്യരുത്'' എന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം കൂടുതല്‍ ആക്രമണാത്മക നിലപാടാണ് സ്വീകരിച്ചത്.
അതേസമയം, ഖമേനിയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് മൊഹമ്മദി ഗോള്‍പയേഗാനിയും ഇസ്രയേലിന് എതിരെ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരുന്നു. ഇറാനിയന്‍ ആക്രമണങ്ങള്‍ 'ഉഗ്രവും അതിഭീകരവും ആയിരിക്കുമെന്നായിരുന്നു ആ മുന്നറിയിപ്പ്. കൂടുതല്‍ ആയുധങ്ങളും ശക്തമായ പോര്‍മുനകളും ഉള്‍പ്പെടുന്ന മുന്‍ ഇറാന്‍ ആക്രമണത്തേക്കാള്‍ ശക്തമായ ആക്രമണമാണ് ഇനി ഉണ്ടാകയെന്ന് ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസം ഇറാഖില്‍ നിന്നായിരുന്നു ഇറാന്‍ ഇസ്രയേലിന് എതിരെ ആക്രമണം നടത്തിയത്.
ഇറാന്റെ ആക്രമണങ്ങള്‍ ശക്തമായി നേരിടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയില്‍ ഇസ്രയേലിനുള്ള പ്രതിരോധ പിന്തുണയും അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബറില്‍ എഫ്-16 യുദ്ധവിമാനങ്ങളുടെയും ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളുടെയും ഒരു സ്‌ക്വാഡ്രണ്‍ ഖത്തറില്‍ വിന്യസിച്ചിരുന്നു. ഇപ്പോള്‍, ആറ് അധിക അമേരിക്കന്‍ ബി-52 ബോംബറുകളും വാരാന്ത്യത്തില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, അമേരിക്കന്‍ യുദ്ധക്കപ്പലുകളും പശ്ചിമേഷ്യയിലെ അമേരിക്കന്‍ താവളങ്ങളും ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പില്‍ ഭീതിയിലായത് ഇസ്രയേലാണ്. അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ ആണ് ഇത്തരം ഒരു റിപ്പോര്‍ട്ട് അമേരിക്കന്‍ ഭരണകൂടത്തിന് കൈമാറിയത്. ഇറാന്റെ മുന്നറിയിപ്പ് ലഭിച്ചതിന് ശേഷമാണ് ആധുനിക ബോംബറുകള്‍ ഉള്‍പ്പെടെയുള്ള സൈനിക സജ്ജീകരണങ്ങള്‍ മേഖലയിലേക്ക് അമേരിക്ക അയച്ചിരിക്കുന്നത്. ബാലിസ്റ്റിക് മിസൈല്‍ ഡിസ്ട്രോയറുകള്‍, ഫൈറ്റര്‍ സ്‌ക്വാഡ്രണ്‍, ടാങ്കര്‍ എയര്‍ക്രാഫ്റ്റുകള്‍, ബി -52 ലോംഗ് റേഞ്ച് സ്‌ട്രൈക്ക് ബോംബറുകള്‍ എന്നിവയാണ് പുതുതായി മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്ക അയച്ചിരിക്കുന്നത്. ഇറാന്റെ ഈ ഭീഷണി വെറുതെ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
ഇറാനെയും സഖ്യകക്ഷികളെയും സംബന്ധിച്ച് ഒരിക്കലും പൊറുക്കാന്‍ പറ്റാത്ത മുറിവുകളാണ് ഇസ്രയേല്‍ സൈന്യം, ഗാസയിലും ലെബനനിലും ഉണ്ടാക്കിയിരിക്കുന്നത്. ഭീകരരെയാണ് തങ്ങള്‍ നിഷ്‌കാസനം ചെയ്യുന്നതെന്ന ഇസ്രയേലിന്റെ വാദം യുക്തിക്ക് നിരക്കാത്തതാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സാധാരണക്കാരെയാണ് ഇസ്രയേല്‍ കൂട്ടഹത്യയ്ക്കിരയാക്കുന്നത്.
ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍, ഇതുവരെ ഗാസയില്‍ 43,314 പേര്‍ കൊല്ലപ്പെടുകയും, 102,019 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ലെബനനില്‍ 2,968 പേര്‍ കൊല്ലപ്പെടുകയും 13,319 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി, ആ രാജ്യത്തെ ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
2023 ഒക്ടോബര്‍ 7-ന്, ഹമാസ് നടത്തിയ ആക്രമണത്തില്‍, 300-ലധികം സൈനികര്‍ ഉള്‍പ്പെടെ 1,200-ഓളം ഇസ്രയേലികളാണ് കൊല്ലപ്പെട്ടിരുന്നത്. ഗാസയിലെ സൈനിക നടപടിയില്‍, 366 ഇസ്രയേല്‍ സൈനികരും ഇതുവരെ കൊല്ലപ്പെട്ടു, ഇതിനു പുറമെ, ഗാസയിലും ലെബനനിലും സംഭവിച്ചിരിക്കുന്ന നാശനഷ്ടങ്ങളും വളരെ വലുതാണ്.
എന്നാല്‍, ഹമാസിന്റെയോ ഹിസ്ബുള്ളയുടെയോ ആക്രമണങ്ങള്‍ ഏറെനാള്‍ അതിജീവിക്കാന്‍ ഇസ്രയേലിന് ത്രാണിയില്ലെന്നും അമേരിക്കന്‍ സഹായംകൊണ്ടു മാത്രമാണ് അവര്‍ പിടിച്ചുനില്‍ക്കുന്നതെന്നുമാണ് ഖമേനി ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയെ പേപ്പട്ടിയെന്നും ഇസ്രയേലിനെ രക്തരക്ഷസ്സെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. അഫ്ഗാനിസ്ഥാന്‍ മുതല്‍ യെമന്‍ വരെയും ഇറാന്‍ മുതല്‍ പാലസ്തീന്‍ വരെയുമുള്ള രാഷ്ട്രങ്ങള്‍ ഇസ്രയേല്‍ അതിക്രമത്തിനെതിരെ ഒത്തുചേരണമെന്നും ഖമേനി ആഹ്വാനം ചെയ്തിരുന്നു.
ഇതിനെല്ലാം ചേര്‍ത്ത് ഒരു മറുമരുന്നെന്ന രീതിയിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാനെതിരെ വീണ്ടും യുദ്ധഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നതെന്നുവേണം കരുതാന്‍. തങ്ങളുടെ സൈനിക കരുത്തില്‍ അഹങ്കരിക്കുകയാണ് നെതന്യാഹുവും ഇസ്രയേല്‍ എന്ന ജൂതരാജ്യവും.
ലോകത്ത് എത്ര ഉന്നതനായാലും, അവരെ ഏത് സ്ഥലത്ത് വെച്ചും വകവരുത്താനുള്ള പ്രത്യേക വൈദഗ്ദ്ധ്യമാണ് ഇസ്രയേലിന്റെ മൊസാദിനുള്ളത്. അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയെ വെല്ലുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ച മൊസാദ് തന്നെയാണ് ഗാസയിലെയും ലെബനനിലെയും സകല നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. ഇറാനില്‍ കയറി ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയെ വകവരുത്തിയതും ഇതിനു പിന്നാലെ