ബെയ്‌റൂട്ട്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രല്ലയുടെ പിന്‍ഗാമിയായ ഹാഷെം സൈഫുദിനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബെയ്‌റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാര്‍ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നു. അതില്‍ സൈഫുദിനും ഉള്‍പ്പെട്ടതായി വാര്‍ത്താ ഏജന്‍സി അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രയേല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നസ്രല്ലയുടെ ബന്ധു കൂടിയാണ് സൈഫുദിന്‍. 1964ല്‍ തെക്കന്‍ ലെബനനിലെ ദേര്‍ ഖനുന്‍ അല്‍നഹറില്‍ സൈഫുദിന്‍ ജനിച്ചത്. ഇറാനിലും ഇറാഖിലുമടക്കം മതപഠനം നടത്തിയിട്ടുണ്ട്. 1994 മുതല്‍ ഹിസ്ബുള്ളയില്‍ സജീവമായി. അന്ന് മുതല്‍ നസ്രള്ളയുടെ പിന്‍ഗാമിയായിയായാണ് അറിയപ്പെട്ടിരുന്നത്.
തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിര്‍ദേശിച്ചതിന് പിന്നാലെയാണ് ആക്രമണം ശക്തമാക്കിയത്. ലെബനനില്‍ കരയാക്രമണം തുടങ്ങി രണ്ടാംദിനമായ ബുധനാഴ്ച ഇസ്രയേലിന്റെ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ആക്രമണം ശക്തമാക്കിയത്.