സിറിയയിലെ പാർപ്പിട സമുച്ചയത്തിൽ ഇസ്രയേൽ ആക്രമണം; നസ്രള്ളയുടെ മരുമകൻ കൊല്ലപ്പെട്ടു

ദമാസ്‌കസിലെ മാസെ ജില്ലയിലെ പാർപ്പിട സമുച്ചയം കേന്ദ്രീകരിച്ചായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്.

author-image
anumol ps
New Update
syria

ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടം

 

 

ദമാസ്‌കസ്: സിറിയയിലെ പാർപ്പിട സമുച്ചയത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ളയുടെ മരുമകൻ ജാഫർ അൽ ഖാസിർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ള കൊല്ലപ്പെട്ടിരുന്നു.  ദമാസ്‌കസിലെ മാസെ ജില്ലയിലെ പാർപ്പിട സമുച്ചയം കേന്ദ്രീകരിച്ചായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ അൽ ഖാസിർ ഉൾപ്പടെ മറ്റു നാലു പേർ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനയായ സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹുമൻ റൈറ്റ്‌സ് അറിയിച്ചു.

ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയുടെ ബയ്‌റൂത്തിലെ ആസ്ഥാനത്തിനുനേരെ സെപ്റ്റംബർ 27-ന് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ള കൊല്ലപ്പെട്ടത്.

അതിനിടെ, ഇസ്രയേലിന്റെ മണ്ണിലേക്ക് ഇറാൻ നേരിട്ടാക്രമണം നടത്തിയതോടെ ഉടലെടുത്ത യുദ്ധഭീതി പശ്ചിമേഷ്യയെ വേട്ടയാടുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് തലസ്ഥാനമായ ടെൽ അവീവിലേക്കും ജറുസലേമിലേക്കും ഇറാൻ 200-ലേറെ റോക്കറ്റുകളയച്ചത്. ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ സുരക്ഷാമന്ത്രിസഭ അടിയന്തരയോഗം ചേർന്നിരുന്നു. പിന്നാലെ ലെബനനിലെ ബയ്‌റുത്തിൽ ഇസ്രായേൽ വീണ്ടും വ്യോമാക്രമണം നടത്തി.

ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ള, ഹമാസ് നേതാവ് ഇസ്മായിൽ ഹനിയെ, ഇറാൻ റെവലൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) കമാൻഡർ അബ്ബാസ് നിൽഫോർഷൻ എന്നിവരെ വധിച്ചതിനുള്ള കണക്കുചോദിക്കലാണ് ആക്രമണമെന്ന് ഇറാൻ പ്രതികരിച്ചിരുന്നു. ഇറാൻ ആക്രമണത്തിന് തുനിയുന്നുണ്ടെന്ന് ചൊവ്വാഴ്ച യു.എസ്. ഇസ്രയേലിന് മുന്നറിയിപ്പു നൽകിയിരുന്നു. അതേത്തുടർന്ന് ഒരുകോടിയോളം പേർ ബങ്കറുകളിൽ അഭയം തേടിയെന്നാണ് കണക്ക്. ഇറാന്റെ മിസൈലുകൾ വെടിവെച്ചിടാൻ പശ്ചിമേഷ്യയിൽ നിലകൊള്ളുന്ന സെൻട്രൽ കമാൻഡിന് (സെന്റ്കോം) യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് മിസൈൽ ആക്രമണമുണ്ടായത്.

syria israel Attack nasrallahs son in law