വളരെ അടുത്ത സൗഹൃദ രാജ്യമായിരുന്നിട്ടു കൂടി ഇസ്രയേല്‍ പുറത്തുവിട്ട മാപ്പില്‍ കശ്മീര്‍, പാകിസ്ഥാന്റെ ഭാഗമായി ചിത്രീകരിച്ചത് ഇന്ത്യയില്‍ നിന്ന് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ അത് മാറ്റിയെങ്കിലും ഇത്തരം കാര്യങ്ങള്‍ ഇനി ഒരിക്കലും ആവര്‍ത്തിക്കരുതെന്ന താക്കീത് ഇന്ത്യ ഇസ്രയേലിന് നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പാകിസ്ഥാന്‍ വിഷയം ഉയര്‍ത്തിക്കാട്ടി അമേരിക്കന്‍ മുന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട് ഫ്‌ളാഗ്രണ്ട് പോഡ്കാസ്റ്റില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. പാകിസ്ഥാന്റെ ഭീഷണികളെ ഇന്ത്യ പ്രതിരോധിക്കുന്ന രീതികള്‍ ആയിരുന്നു ട്രംപിന്റെ പ്രശംസയ്ക്ക് ആധാരം.
താനും അദ്ദേഹവും പങ്കുചേര്‍ന്ന ഹൗഡി മോഡി പരിപാടി വളരെ മനോഹരം ആയിരുന്നു. 80,000ത്തോളം ആളുകള്‍ പങ്കെടുത്ത ആ പരിപാടി ശരിക്കും രസകരമായിരുന്നു. തങ്ങള്‍ രണ്ട് പേരും ഒരുമിച്ച് നടന്നു. ഒരു പക്ഷേ ഇന്ന് തങ്ങള്‍ക്ക് അതിന് സാധിക്കുകയില്ലെന്നും ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രിയെ സുഹൃത്ത് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നല്ലൊരു മനുഷ്യനാണ് നരേന്ദ്ര മോദി. അതേസമയം ഒരു സര്‍വ്വസംഹാരകനും ആണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്റെ പേര് പറയാതെ ചില പരാമര്‍ശങ്ങളും അദ്ദേഹം നടത്തി.
ഒരു രാജ്യം ഇന്ത്യയ്‌ക്കെതിരെ നിരന്തരം ഭീഷണി ഉയര്‍ത്തുകയാണ്. എന്നാല്‍ ആ ഭീഷണിയെ അദ്ദേഹം നേരിടുന്ന രീതി അതിശയിപ്പിക്കുന്നതാണ്. രണ്ട് തവണ ശത്രുരാജ്യത്തിന് നിന്നും ഇന്ത്യ ഭീഷണി നേരിട്ടു. ഈ സമയം താന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മോദി അത് സ്‌നേഹപൂര്‍വ്വം നിരസിച്ചു.
തനിക്ക് നേരിടാവുന്നതേയുള്ളൂ എന്നായിരുന്നു അദ്ദേഹം തന്നോട് പറഞ്ഞതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇത് ആ രാജ്യത്തിന്റെ കരുത്ത് എടുത്തുകാട്ടുന്നതാണെന്നും മോദി വിചാരിച്ചാല്‍ ആ ശത്രുരാജ്യം നിമിഷ നേരം കൊണ്ട് വെന്തുരുകുമെന്നും ട്രംപ് പറഞ്ഞു.
അടുത്തകാലത്തായി ചൈനയുമായി ചേര്‍ന്ന് പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചുവരികയാണ്. കശ്മീരില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു. എന്നാല്‍ ഇനി ചൈനയോ, പാകിസ്ഥാനോ ഏത് ശത്രുരാജ്യത്തിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളും ഞൊടിയിടയില്‍ തിരിച്ചറിയാനും പ്രതിരോധക്കാനുമുള്ള മാര്‍ഗങ്ങള്‍ ഇന്ത്യ സ്വീകരിക്കുന്നുണ്ട്.
ബഹിരാകാശത്ത് നിന്നും കൃത്രിമോപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ മേഖലയിലെ നിരീക്ഷണം ശക്തമാക്കാനുള്ള ഒരുക്കം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇന്ത്യ. നിര്‍ണായക ഘട്ടങ്ങളിലും അല്ലാതെയും കര-നാവിക മേഖലകളെക്കുറിച്ചുള്ള ധാരണ ലഭിക്കുവാന്‍ ബഹിരാകാശ അധിഷ്ഠിത നിരീക്ഷണ ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്. ഒന്നും രണ്ടുമല്ല 52 സാറ്റലൈറ്റുകള്‍ ആണ് ഈ ആവശ്യത്തിന് വേണ്ടി ഇന്ത്യ വിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. ഇതോടു കൂടി ഇന്ത്യ അറിയാതെ പ്രദേശത്ത് ഒരു ഈച്ച പോലും അനങ്ങില്ല എന്ന അവസ്ഥയിലേക്ക് രാജ്യം ഉടനടി എത്തിച്ചേരും.
പ്രതിരോധ മന്ത്രാലയത്തിലെ സംയോജിത ആസ്ഥാനത്തിന് കീഴിലുള്ള ഡിഫന്‍സ് സ്പേസ് ഏജന്‍സിയുമായി ചേര്‍ന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്.
സുരക്ഷാ കാബിനറ്റ് കമ്മിറ്റി അനുമതി നല്‍കിയ ഈ ഉദ്യമത്തില്‍ കുറഞ്ഞത് 52 ഉപഗ്രഹങ്ങളെങ്കിലും ലോ എര്‍ത്ത് ഓര്‍ബിറ്റിലും ജിയോസ്റ്റേഷണറി ഓര്‍ബിറ്റിലും നിരീക്ഷണത്തിനായി വിക്ഷേപിക്കാന്‍ ആണ് തീരുമാനം. 26,968 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയില്‍ 21 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒയും ബാക്കി 31 സ്വകാര്യ കമ്പനികളും നിര്‍മ്മിക്കുകയും വിക്ഷേപിക്കുകയും ചെയ്യും
2001-ല്‍ വാജ്‌പേയി സര്‍ക്കാരാണ് എസ്ബിഎസ് 1 ആരംഭിച്ചത്. 2013ല്‍ ആറ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് എസ്ബിഎസിന്റെ രണ്ടാം ഘട്ടം വന്നു. എന്നാല്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന മൂന്നാം ഘട്ടത്തില്‍ അടുത്ത ദശാബ്ദത്തിനുള്ളില്‍ ഇന്ത്യ 52 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. ഇതില്‍ കര, കടല്‍. വായു അധിഷ്ഠിത ദൗത്യങ്ങള്‍ക്കായി പ്രത്യേക ഉപഗ്രഹങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് പറയുന്നത്.