കീവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൈകൂപ്പി സെലൻസ്കിയെ അഭിവാദ്യം ചെയ്ത മോദി ഹസ്തദാനം നൽകി അദ്ദേഹത്തെ ആശ്ലേഷിച്ചു. സുഹൃത്തിനോടെന്ന പോലെ സെലൻസ്കിയുടെ തോളിൽ കയ്യിട്ടുകൊണ്ടാണു തുടർന്ന് മോദി മുന്നോട്ടു നീങ്ങിയതും. യുക്രെയ്ൻ റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം ആദ്യമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്നിൽ സന്ദർശനം നടത്തുന്നത്.
അതേസമയം, റഷ്യ–യുക്രെയ്ൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ള പ്രശ്ന പരിഹാര സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഇരു നേതാക്കളും തനിച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ആറ് ആഴ്ചകൾക്കു മുൻപ് മോദി റഷ്യൻ സന്ദർശനം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണു യുക്രെയ്നിലും മോദി സന്ദർശനത്തിനെത്തിയത്.
കഴിഞ്ഞമാസത്തെ നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനം പാശ്ചാത്യലോകത്തുണ്ടാക്കിയ കടുത്ത വിമർശനത്തിനു പരിഹാരമായാണു യുക്രെയ്ൻ സന്ദർശനമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരുസന്ദർശനങ്ങളും ഇന്ത്യ നേരത്തേതന്നെ ഉദ്ദേശിച്ചിരുന്നതാണെന്നു വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കി . റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം ഇരുരാജ്യങ്ങളും മോദി സന്ദർശിച്ചിരുന്നില്ലെങ്കിലും ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുമായി മറ്റു വേദികളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.