റഷ്യയിലെ കസാനിൽ മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന്

ഇന്ത്യ-ചൈന അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ പട്രോളിംഗ് പുന:രാരംഭിക്കാൻ തീരുമാനമായതിന് പിന്നാലെയാണ് മോദിയും ഷി ജിൻപിങും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.

author-image
anumol ps
New Update
modi-jingping

 

കസാൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ബ്രിക്സ് ഉച്ചകോടി നടക്കുന്ന റഷ്യയിലെ കസാനിൽ ചർച്ച നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. അതിർത്തിയിൽ സേന പിൻമാറ്റത്തിൽ ധാരണയായെന്ന് രണ്ട് രാജ്യങ്ങളും അറിയിച്ചിരുന്നു. ഇന്ത്യ-ചൈന അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ പട്രോളിംഗ് പുന:രാരംഭിക്കാൻ തീരുമാനമായതിന് പിന്നാലെയാണ് മോദിയും ഷി ജിൻപിങും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.

2019 ഒക്ടോബറിൽ മഹാബലിപുരത്താണ് മോദിയും ഷി ജിൻപിങും തമ്മിൽ അവസാനമായി കൂടിക്കാഴ്ച നടന്നത്. 2020ൽ ലഡാക്കിലെ ഗാൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. അതിർത്തിയിൽ സമാധാനം നിലനിൽക്കാതെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. 

കസാനിൽ മോദി ഇന്നലെ ഇറാൻ പ്രസിഡന്റിനെ കണ്ടിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷം തീർക്കാൻ ഇന്ത്യയ്ക്ക് പങ്കുവഹിക്കാൻ കഴിയും എന്നാണ് ഇറാൻ പ്രസിഡന്റ് മോദിയെ അറിയിച്ചത്. റഷ്യ - യുക്രൈൻ സംഘർഷം പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി മോദി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചയായി. സംഘർഷം പരിഹരിക്കാൻ ഇന്ത്യ നടത്തിയ നീക്കങ്ങളിൽ പുടിൻ സന്തോഷം അറിയിച്ചു. 

അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ക്ഷണപ്രകാരമാണ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി റഷ്യയിലെത്തിയത്. ഈ വർഷം ഇത് രണ്ടാം തവണയാണ് മോദി റഷ്യ സന്ദർശിക്കുന്നത്. നേരത്തെ, 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മോദി റഷ്യയിലെത്തിരുന്നു. ആഗോള വികസനത്തിനും സുരക്ഷയ്ക്കും ബഹുസ്വരതയെ ശക്തിപ്പെടുത്തുക എന്നതാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം. 

narendra modi Xi Jinping