ടെഹ്‌റാൻ: ഇസ്രയേലിനെതിരെ കഴിഞ്ഞദിവസം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന്റെ പേരാണ് ഓപ്പറേഷൻ ട്രൂ പ്രോമിസ് 2.ഏകദേശം 180 ഓളം ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലും അധിനിവിഷ്ട പലസ്തീനും ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ടത്. ഹമാസ് മേധാവി ഇസ്മയിൽ ഹനിയ, ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള വഎന്നിവരുടെ ചോരയ്ക്കു പകരം ചോദിക്കുകയായിരുന്നു 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 2' ന്റെ ഉദ്ദേശ്യലക്ഷ്യം.
ഗദ്ദർ, ഇമാദ് എന്നീ മിസൈലുകൾക്ക് പുറമെ ഇറാന്റെ ഏറ്റവും പുതിയ ഫത്ത ഹൈപ്പർ സോണിക് മിസൈലുകളും ഇസ്രയേലിനെതിരെ ഉപയോഗിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. തങ്ങളുടെ മിസൈലുകൾ 90 ശതമാനവും ലക്ഷ്യം കണ്ടുവെന്ന് ഇറാൻ അവകാശപ്പെടുമ്പോൾ മിസൈലുകളെ ഒരുപരിധിവരെ നേരിടാൻ തങ്ങൾക്ക് കഴിഞ്ഞുവെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുമ്പോൾ.
ഫത്ത ഹൈപ്പർസോണിക് മിസൈൽ
കഴിഞ്ഞ ജൂണിലാണ് ഫത്ത-1 മിസൈൽ ഇറാൻ അവതരിപ്പിച്ചത്. 'തുറക്കുന്നത്' എന്നാണ് അറബിയിൽ ഫത്ത എന്ന വാക്കിന്റെ അർഥം. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമെയ്‌നിയാണ് മിസൈലിന് ഈ പേര് നൽകിയത്. ശബ്ദത്തേക്കാൾ വേഗതയുണ്ട് ഫത്തയ്ക്ക്.ഈ മിസൈലിന് ഏത് ശത്രു മിസൈൽ സംവിധാനങ്ങളെയും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ടെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.ഇറാനിയൻ റവല്യൂഷനറി ഗാർഡ്‌സിന്‌റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് സ്‌പെഷലിസ്റ്റുകളാണ് ഫത്താ വികസിപ്പിച്ചിരിക്കുന്നത്. ഇറാനിയൻ പ്രസിഡന്‌റ് ഇബ്രാഹിം റെയ്‌സി, റവല്യൂഷനറി ഗാർഡ്‌സിന്‌റെ മറ്റു മുതിർന്ന കമാൻഡർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഫത്താ അവതരിപ്പിച്ചത്. കൃത്യമായി ലക്ഷ്യം കാണുന്ന പ്രിസിഷൻ ഗൈഡഡ് മിസൈലായ ഫത്തയുടെ രണ്ട് ഘട്ടങ്ങളിലായി പ്രവർത്തിക്കുന്ന റോക്കറ്റുകൾക്ക് കരുത്തേകുന്നത് ഖര ഇന്ധനമാണ്.
1400 കിലോമീറ്റർ വരെ ഈ മിസൈലിന് റേഞ്ചുണ്ട്. ശബ്ദവേഗത്തിന്‌റെ 15 മടങ്ങുവേഗം കൈവരിക്കാനും ഇതിനു കഴിയും. പൊതുവെ ഹൈപ്പർസോണിക് മിസൈലുകളെ തടയാനോ ചെറുക്കാനോ പാടാണ്. ഇതിനു പുറമേ ഫത്തായിൽ അധികമായുള്ള രഹസ്യചലന സംവിധാനങ്ങൾ മിസൈലിനെ കൂടുതൽ അപകടകാരിയാക്കുന്നു.ചലിക്കാൻ കഴിയുന്ന നോസിലുകൾ ഉള്ളതിനാൽ ഏത് ദിശയിൽ സഞ്ചരിക്കാനും ഫത്തയ്ക്ക് കഴിയും. ഇങ്ങനെ ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്കും അകത്തേക്കും പോകാൻ കഴിയുമെന്നതിനാൽ തന്നെ, നിലവിലുള്ള എല്ലാ മിസൈൽ പ്രതിരോധ സംവിധാനങ്ങളുടേയും കണ്ണുവെട്ടിച്ച് പറക്കാൻ ഫത്ത-1-ന് കഴിയും.അത്യാധുനിക റോക്കറ്റ് എഞ്ചിനുകൾ, ഉയർന്ന താപനിലയെ പ്രതിരോധിക്കാനുള്ള ശേഷി, സങ്കീർണമായ ഗൈഡൻസ് സംവിധാനം എന്നിവയാണ് ഫത്തയുടെ എടുത്തുപറയേണ്ട പ്രത്യേകതകൾ.
കഴിഞ്ഞ നവംബറിൽ ഫത്ത-1-ന്റെ പരിഷ്‌കരിച്ച പതിപ്പായ ഫത്ത-2 ഇറാൻ അവതരിപ്പിച്ചിരുന്നു. ഫത്ത-2-ന്റെ ആദ്യഘട്ട സംവിധാനങ്ങൾ ഫത്ത ഒന്നിന് സമാനമാണ്. എന്നാൽ രണ്ടാം ഘട്ടത്തിൽ പോർമുനയുടെ ഘടനയിൽ ഉൾപ്പെടെ കാതലായ മാറ്റമുണ്ട്. ഹൈപ്പർ സോണിക് ക്രൂയിസ് ഗ്ലൈഡ് വെഹിക്കിൾ എന്ന പുതിയ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ഫത്ത-2. 12 മീറ്റർ നീളമുള്ള ഫത്ത-2 മിസൈലിന്റെ ഭാരം 4,100 കിലോഗ്രാമാണ്. 1400 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി.
ലോകത്തെ പല പ്രമുഖ എയർ ഡിഫൻസ് സംവിധാനങ്ങളെയും ചെറുക്കാൻ ഫത്തായ്ക്കു കഴിയും. ഇസ്രയേലിന്‌റെ അയൺ ഡോം പോലുള്ള സംവിധാനങ്ങളെയും ഫത്താ നിഷ്പ്രഭമാക്കുമെന്ന് ഇറാൻ അവകാശപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇന്‌റലിജൻസ് ശേഷിയും മിസൈലിനുണ്ടെന്ന് റവല്യൂഷനറി ഗാർഡ്‌സ് പറയുന്നു. മധ്യപൂർവദേശ മേഖലയിൽ ഹൈപ്പർസോണിക് മിസൈൽ അവതരിപ്പിക്കുന്ന ആദ്യരാജ്യമായി ഇതോടെ ഇറാൻ മാറിയിരിക്കുകയാണ്.റഷ്യ, ചൈന, യുഎസ് എന്നിവയാണ് ഹൈപ്പർസോണിക് മിസൈൽ സ്വന്തമായുള്ള മറ്റു രാജ്യങ്ങൾ.
ഗദ്ദർ മിസൈലുകൾ
2005-ലാണ് ഗദ്ദർ മിസൈലുകൾ ഇറാൻ അവതരിപ്പിച്ചത്. 2003 വരെ ഇറാൻ ഉപയോഗിച്ചിരുന്ന ഷഹബ്-3 എന്ന മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഗദ്ദർ.ഇടത്തരം ബാലിസ്റ്റിക് മിസൈലാണ് ഇത്.ഒന്നാം ഘട്ടത്തിൽ ദ്രവ ഇന്ധനവും രണ്ടാം ഘട്ടത്തിൽ ഖര ഇന്ധനവുമാണ് ഗദ്ദറിന് കരുത്തേകുക.1800 മുതൽ 2000 കിലോമീറ്റർ വരെയാണ് ഇതിൻ്റെ ദൂര പരിധി. പ്രവചിക്കാൻ കഴിയാത്ത വേഗതയുള്ള മിസെെൽ കൂടിയാണിത്. മണിക്കൂറിൽ 11,113.2 കിലോമീറ്റർ വേഗതയിലാണ് ഈ മിസെെൽ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. ആൻ്റി സാറ്റലൈറ്റ് മിസൈൽ, ഐആർബിഎം എന്നിവയായും ഗദ്ദർ ഉപയോഗിക്കുന്നുണ്ട്.
ഇനേർഷ്യൽ ഗൈഡൻസ്, ജിപിഎസ് നാവിഗേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ മിസൈൽ പ്രവർത്തിക്കുന്നത്. ഇതിൻ്റെ സിഇപി 110 മീറ്ററാണ്. അതായത് ലക്ഷ്യത്തിൽ നിന്ന് 110 മീറ്റർ ചുറ്റളവിൽ എവിടെയെങ്കിലും ഈ മിസെെൽ പതിക്കുകയാണെങ്കിൽ ഉറപ്പായും അത് ലക്ഷ്യത്തെ നശിപ്പിക്കും. രണ്ട് ഘട്ടങ്ങളുള്ള മിസൈലിൽ ആദ്യ ഘട്ടം ദ്രാവകവും രണ്ടാമത്തേത് ഖര ഇന്ധനവുമാണ് നിറച്ചിരിക്കുന്നത്. ഈ മിസെെലിൻ്റെ നീളം 15.5 മീറ്ററാണ്.
ഇമാദ് മിസൈൽ
ഗദ്ദർ മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇമാദ് ബാലിസ്റ്റിക് മിസൈൽ.ദ്രവ ഇന്ധനം നിറച്ച ഇടത്തരം ബാലിസ്റ്റിക് മിസൈലാണിത്. ഉയർന്ന കൃത്യത, മികച്ച ഗൈഡൻസ് സംവിധാനം എന്നിവയാണ് ഇമാദിന്റെ പ്രധാന പ്രത്യേകതകൾ. 2015 മുതലാണ് ഇറാൻ ഇമാദ് മിസൈലുകൾ ഉപയോഗിച്ച് തുടങ്ങിയത്.15.5 മീറ്ററാണ് ഇമാദിന്റെ നീളം. ഇറാന്റെ ആദ്യ പ്രിസിഷൻ-ഗൈഡഡ് മിസൈലാണ് ഇത്. 750 കിലോ ഭാരമുള്ള മിസെെലിൻ്റെ സിഇപി 10 മീറ്ററാണ്. അതായത് ലക്ഷ്യത്തിന്റെ 5-10 മീറ്ററിനുള്ളിൽ പതിച്ചാൽ ലക്ഷ്യം പൂർണ്ണമായും നശിപ്പിക്കപ്പെടും. ഇതിൻ്റെ ദൂരപരിധി 1700 കിലോമീറ്ററാണ്. ഈ മിസൈലിന് മാനുവറബിൾ റീഎൻട്രി വെഹിക്കിൾ (എംആർവി) എന്ന പ്രത്യേകതയുമുഉണ്ട്. അതായത് ആവശ്യമെങ്കിൽ മിസെെലിൻ്റെ ദിശ മാറ്റാം. ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ വിഭാഗത്തിലും ഇത് ഉൾപ്പെടുന്നു.