പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയായി മിഷേല്‍ ബാര്‍ണിയര്‍

ബ്രക്സിറ്റ് മധ്യസ്ഥനും എല്‍ ആര്‍ പാര്‍ട്ടി നേതാവുമാണ് മിഷേല്‍ ബാര്‍ണിയര്‍. തെരഞ്ഞെടുപ്പു നടന്ന് 50 ദിവസങ്ങള്‍ക്കുശേഷമാണ് പുതിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചത്.

author-image
anumol ps
New Update
barnier

michel barnier

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

പാരിസ്: പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയായി മിഷേല്‍ ബാര്‍ണിയര്‍ അധികാരമേറ്റു. അമ്പതു ദിവസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഫ്രാന്‍സില്‍ പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നാഷണല്‍ അസംബ്ലിയെയാണ് 73കാരനായ ബാര്‍ണിയര്‍ക്ക് നയിക്കേണ്ടി വരിക.

ബ്രക്സിറ്റ് മധ്യസ്ഥനും എല്‍ ആര്‍ പാര്‍ട്ടി നേതാവുമാണ് മിഷേല്‍ ബാര്‍ണിയര്‍. തെരഞ്ഞെടുപ്പു നടന്ന് 50 ദിവസങ്ങള്‍ക്കുശേഷമാണ് പുതിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ തീവ്ര ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ടിനെ അവഗണിച്ചാണ് മക്രോണിന്റെ നീക്കം. ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനുമായുള്ള നിരവധി ചര്‍ച്ചകളില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ബാര്‍ണിയര്‍. ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ നടന്ന ബ്രക്സിറ്റ് ചര്‍ച്ചകളിലും മധ്യസ്ഥന്റെ റോളില്‍ പ്രവര്‍ത്തിച്ചത് ബാര്‍ണിയറായിരുന്നു.

നാല് തവണ കാബിനറ്റ് മന്ത്രിയും രണ്ട് തവണ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുള്ള ബാര്‍ണിയര്‍ 1958-നുശേഷം ഫ്രഞ്ച് പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ്. മറീന്‍ ലീ പെന്നിന്റെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ വലതുപക്ഷ നിലപാടുകളോട് ആഭിമുഖ്യം പുലര്‍ത്തുന്നയാളാണ് ബാര്‍ണിയര്‍. 126 എം പിമാരും 16 സഖ്യകക്ഷികളുമുള്ള നാഷണല്‍ റാലിയുടെ അഭിപ്രായത്തിന് മക്രോണ്‍ ചെവികൊടുത്തുവെന്നതിന്റെ തെളിവാണ് ബാര്‍ണിയറുടെ പ്രധാനമന്ത്രിപദം.

കുടിയേറ്റങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന നാഷണല്‍ റാലി പാര്‍ട്ടിയുടെ നിലപാടു തന്നെയാണ് ബാര്‍ണിയര്‍ക്കുമുള്ളത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത 577 അംഗ പാര്‍ലമെന്റില്‍ 142 സീറ്റുകളാണ് നാഷണല്‍ റാലിക്കുള്ളതെങ്കില്‍ 193 സീറ്റുകളാണ് ന്യൂ പോപ്പുലര്‍ ഫ്രണ്ടിനുള്ളത്. മക്രോണിന്റെ റിനൈസെന്‍സ് പാര്‍ട്ടി 166 സീറ്റ് നേടി രണ്ടാം സ്ഥാനത്താണ്.

prime minister france michel barnier