പോർട്ട് മൊറെസ്ബി: വെള്ളിയാഴ്ചയുണ്ടായ പാപുവ ന്യൂഗിനിയിലെ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം പേർ ജീവനോടെ മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ട്. പാപുവ ന്യൂഗിനി ദേശീയ ദുരന്ത നിവാരണ സെന്റർ ഐക്യരാഷ്ട്ര സംഘടനയ്ക്കു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അപകടം രാജ്യത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
എൻഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മുൻഗ്ലോ പർവത്തിന്റെ ഒരു ഭാഗം ഇടിഞ്ഞത്. ഒട്ടേറെ കെട്ടിടങ്ങളും വയലുകളും ഇല്ലാതായെന്നും അത് രാജ്യത്തിന്റെ സാമ്പത്തികമേഖലയെ ദുരന്തം ബാധിച്ചെന്നും ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. നാലു ദിവസമായി തുടർച്ചയായി മണ്ണിടിച്ചിൽ തുടരുകയാണ്. ഇത് രക്ഷാപ്രവർത്തകർക്കും ദുരന്തത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കും ഭീഷണിയുയർത്തുന്നുണ്ട്. ആയിരത്തോളം മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് വിവരം. രക്ഷാപ്രവർത്തനത്തിന് മറ്റു രാജ്യങ്ങളുടെ സൈനികസഹായമുൾപ്പെടെ ആവശ്യമുണ്ടെന്നും പാപുവ ന്യൂഗിനി യുഎന്നിനെ അറിയിച്ചു.