മാലെ: ഇസ്രയേൽ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി മാലദ്വീപ്. മന്ത്രിസഭ ശുപാർശയിലായിരുന്നു ഇസ്രയേലി പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. സുരക്ഷാ–സാങ്കേതിക മന്ത്രി അലി ഇഹ്സാനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലി പൗരന്മാർ മാലദ്വീപിൽ പ്രവേശിക്കുന്നത് തടയുന്നതിന് വേണ്ടി നിയമഭേദഗതികൾ വരുത്താനും മന്ത്രിസഭ തീരുമാനമെടുത്തു. ഇസ്രയേൽ –ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പലസ്തീനുവേണ്ടി ധനസഹായ ക്യാംപെയ്ൻ നടത്താനും പ്രസിഡന്റ് മുയിസു തീരുമാനിച്ചിട്ടുണ്ട്. പലസ്തീന് ആവശ്യമായ സഹായങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രത്യേക നയതന്ത്രപ്രതിനിധിയെ നിയമിക്കാനും മന്ത്രിസഭയിൽ തീരുമാനമായി.