ടോക്കിയോ: തായ്വാൻറെ കിഴക്കൻ മേഖലയിൽ വൻ ഭൂകമ്പം.25 വർഷത്തിനിടെ തായ്വാനിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിതെന്നാണ് റിപ്പോർട്ട്. ജപ്പാൻ്റെയും ചൈനയുടെയും ചില ഭാഗങ്ങളിലും ഇത് അനുഭവപ്പെട്ടു.റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.തായ്വാനിലെ ഹുവാലിയൻ സിറ്റിയിൽ നിന്ന് 18 കിലോമീറ്റർ തെക്ക് 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം.
റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ, തെക്കൻ ജപ്പാൻറെ ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ.
റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയതായി ജപ്പാൻറെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിയാകോജിമ ദ്വീപ് ഉൾപ്പെടെ മേഖലയിലെ വിദൂര ജാപ്പനീസ് ദ്വീപുകളിൽ മൂന്ന് മീറ്റർ (10 അടി) വരെ ഉയരമുള്ള സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ഭൂകമ്പത്തെത്തുടർന്ന് വിദ്യാലയങ്ങളും തൊഴിൽ സ്ഥാപനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി ഹുവാലിയൻ കൗണ്ടിയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്തെ അപകടാവസ്ഥയിലായതും പാതി തകർന്നതുമായ കെട്ടിടങ്ങളുടെയും മണ്ണിടിച്ചിലിൻ്റെയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്.