മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്രികാസമര്‍പ്പണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മഹാ വികാസ് അഘാഡിയിലും (ഇന്ത്യാമുന്നണി) മഹായുതിയിലും (എന്‍ഡിഎ) സീറ്റ് തര്‍ക്കം അവസാനിക്കുന്നില്ല. ആകെ 288 സീറ്റുകളുള്ള സംസ്ഥാനത്ത് 260 ഇടങ്ങളില്‍ മഹാ വികാസ് അഘാഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് 99 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഉദ്ധവ് 85, എന്‍സിപി (ശരദ്) 76 എന്നിങ്ങനെയാണ് ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളുടെ എണ്ണം. മഹായുതി 215 സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ബിജെപി 121 പേരെ പ്രഖ്യാപിച്ചപ്പോള്‍ ശിവസേനാ ഷിന്‍ഡെ വിഭാഗം 45 സ്ഥാനാര്‍ഥികളുടെയും എന്‍സിപി അജിത് പക്ഷം 49 സ്ഥാനാര്‍ഥികളുടെയും പട്ടിക പുറത്തിറക്കി.
ശിവസേനാ (ഉദ്ധവ്) കൂടുതല്‍ സീറ്റിനായി കടുംപിടിത്തം തുടരുന്നതാണ് അഘാഡിയില്‍ സീറ്റ് വിഭജനം നീളാന്‍ കാരണം. ഹരിയാന തിരഞ്ഞെടുപ്പിലെ തിരിച്ചടി മഹാരാഷ്ട്രയിലെ സീറ്റ് ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ വിലപേശല്‍ ശക്തി കുറച്ചിട്ടുണ്ട്. 120 സീറ്റ് വരെ ലക്ഷ്യമിട്ടിരുന്ന കോണ്‍ഗ്രസ് 105 സ്ഥാനാര്‍ഥികളെയെങ്കിലും ഉറപ്പിക്കാനുള്ള ബലംപിടുത്തത്തിലാണ്. 36 സീറ്റുള്ള മുംബൈ മേഖലയില്‍ 10 സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിനു ലഭിച്ചിട്ടുള്ളൂ. ഭൂരിഭാഗം സീറ്റും ഉദ്ധവ് പക്ഷം കൈപ്പിടിയിലാക്കി.
മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു കരുതുന്ന വിദര്‍ഭയില്‍ 34 സീറ്റുകള്‍ കോണ്‍ഗ്രസ് ഉറപ്പിച്ചിട്ടുണ്ട്. മറുവശത്ത് എന്‍ഡിഎയില്‍ ശിവസേനയും (ഷിന്‍ഡെ) എന്‍സിപിയും (അജിത്) ബിജെപിയുമായി വിലപേശല്‍ തുടരുകയാണ്. സഖ്യത്തില്‍ എഴുപതിലധികം സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്. പ്രഖ്യാപിച്ച ചില സീറ്റുകളില്‍ അഭിപ്രായവ്യത്യാസവുമുണ്ട്.
മാഹിമില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ സ്ഥാനാര്‍ഥി രാജ് താക്കറെയുടെ മകന്‍ അമിത്തിനെതിരെ ശിവസേനാ (ഷിന്‍ഡെ) കരുത്തനായ സദാ സര്‍വങ്കറെ നിര്‍ത്തിയിരിക്കുന്നത് ബിജെപിയോട് അനുഭാവം പുലര്‍ത്തുന്ന രാജിനെ ചൊടിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ ബിജെപി മുംബൈ ഘടകം ഷിന്‍ഡെ പക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും മുതിര്‍ന്ന നേതാവിനെ പിന്‍വലിക്കുന്നത് ഷിന്‍ഡെക്കു ക്ഷീണമാകും. മുന്‍ എംഎല്‍എ ബബന്റാവു ഗൊലാപ് ശിവസേനയില്‍ (ഷിന്‍ഡെ) നിന്ന് ഉദ്ധവ് പക്ഷത്തേക്കു തിരിച്ചുപോയി. മകന്‍ യോഗേഷ് ഗൊലാപിന് നാസിക്കിലെ ദേവ്ലാലിയില്‍ ഉദ്ധവ് വിഭാഗം സീറ്റ് നല്‍കിയതിനു പിന്നാലെയാണിത്.