ധാക്കയില്‍ തടാകത്തില്‍ മാധ്യമ പ്രവര്‍ത്തകയെ മരിച്ചനിലയില്‍ കണ്ടെത്തി. 32 കാരിയായ സാറാ റഹനുമയാണ് മരിച്ചത്. ധാക്കയിലെ ഹാതിര്‍ഝീല്‍ തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഗാസി ടിവി മീഡിയ ന്യൂസ് റൂം എഡിറ്ററായിരുന്നു സാറ. സാറയെ തടാകത്തില്‍ കണ്ടെത്തിയ സാഗര്‍ എന്നയാളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാറയുടെ മരണം തുറന്നുപറയാനുള്ള സ്വാതന്ത്ര്യത്തിന്റെ 'മറ്റൊരു ക്രൂരമായ ആക്രമണം' ആണെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വസെദ് പ്രതികരിച്ചു. മരിക്കുന്നതിന് തലേന്ന് രാത്രി സാറ തന്റെ ഫേസ്ബുക്കില്‍ സുഹൃത്തിനെ ആശംസിച്ചുകൊണ്ടും ജീവിതം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയും പോസ്റ്റ് പങ്കുവെച്ചിരുന്നു.
'നിന്നെപ്പോലൊരു സുഹൃത്ത് ഉണ്ടാകുന്നത് നല്ലതാണ്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിന്റെ സ്വപ്നങ്ങള്‍ എല്ലാം ഉടന്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്കറിയാം നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് പ്ലാന്‍ ചെയ്തിട്ടുണ്ട്. ക്ഷമിക്കുക, ആ പ്ലാനുകള്‍ നിറവേറ്റാന്‍ കഴിയില്ല. നിന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദൈവം അനുഗ്രഹിക്കട്ടെ.'; ഫഹിം ഫൈസല്‍ എന്ന അക്കൌണ്ട് ടാഗ് ചെയ്തുകൊണ്ട് സാറ കുറിച്ചു. മറ്റൊരു പോസ്റ്റില്‍ 'മരണത്തിന് സമാനമായി ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്' എന്നും സാറ കുറിച്ചിരുന്നു.