ഹമാസ് ആയുധം വച്ച് കീഴടങ്ങുന്നതുവരെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദികളെ വിട്ടയച്ചാല്‍ അടുത്ത ദിവസം തന്നെ യുദ്ധം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യഹ്യ സിന്‍വാറിനെ വധിച്ചതായുള്ള ഹമാസിന്റെ സ്ഥിരീകരണത്തിന് പിന്നാലെയായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.
യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇസ്രായേല്‍ സൈന്യത്തിലെ ധീര സൈനികര്‍ റഫയില്‍ നടത്തിയ ആക്രമണത്തില്‍ യഹ്യയയെ വധിച്ചിരിക്കുന്നു. എന്നാല്‍ ഗാസയിലെ യുദ്ധത്തിന്റെ അവസാനം ഇതല്ല. ഇത് അവസാനത്തിന്റെ തുടക്കമാണ്. ഗാസയിലെ ജനങ്ങള്‍ക്ക് ചെറിയ സന്ദേശം ആണ് ഈ വേളയില്‍ പറയാനുള്ളത്. നാളെയെങ്കില്‍ നാളെ യുദ്ധം അവസാനിപ്പിക്കാം. അങ്ങനെ അവസാനിപ്പിക്കണം എങ്കില്‍ ഹമാസ് ആയുധം വച്ച് കീഴടങ്ങുകയും ബന്ദികളെ തിരികെ അയക്കുകയും വേണം. നെതന്യാഹു ഏറ്റവും പുതിയ സന്ദേശത്തില്‍ പറയുന്നു.
യഹ്യ സിന്‍വാറിന്റെ മരണത്തിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ തിരികെ അയക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുകയും ബന്ദികളാക്കിയ ഭീകരരെ വിട്ടയക്കുകയും ചെയ്യണം എന്നാണ് ഹമാസിന്റെ ആവശ്യം ഇതിന് പിന്നാലെയാണ് നെതന്യാഹു നിലപാട് ആവര്‍ത്തിച്ച് രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസമാണ് വ്യോമാക്രമണത്തിലൂടെ യഹ്യയെ ഇസ്രായേല്‍ സേന വധിച്ചത്. നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത് യഹ്യ ആയിരുന്നുവെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഇസ്രയേല്‍ വധിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ഹമാസ് നേതാക്കളില്‍ അവശേഷിച്ച ആളായിരുന്നു യഹ്യ.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ സിന്‍വറിനെ കൊല്ലുക ഇസ്രയേലിന്റെ പ്രധാന ലക്ഷ്യമായിരുന്നു. യഹ്യ വധത്തില്‍ ലോകത്തിന് തന്നെ നല്ല ദിവസമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. ഗസ്സ വെടിനിര്‍ത്തലിനും ബന്ദികളെ വിട്ടയ്ക്കാനുള്ള ഇടപാടിനുമുണ്ടായിരുന്ന പ്രധാന തടസം നീങ്ങിക്കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഗസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും പറഞ്ഞു.
ഹമാസ് തലവനെ വകവരുത്തിയ ഇസ്രായേലിന് അഭിനന്ദനമറിയിക്കാന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിക്കുമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയ്ക്കുള്ള വഴികള്‍ തിരക്കുമെന്നും ചര്‍ച്ച ചെയ്യുമെന്നും ബൈഡന്‍ വ്യക്തമാക്കി. ഹമാസിന്റെ അധികാരമില്ലാത്ത ഗസ വിദൂരമല്ല. ഇസ്രായേലികള്‍ക്കും പലസ്തീനികള്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്ന രാഷ്ട്രീയ ഒത്തുതീര്‍പ്പിനുള്ള അവസരം വന്നുചേര്‍ന്നിരിക്കുന്നു. ഈ ലക്ഷ്യങ്ങളെല്ലാം നേടുന്നതില്‍ ഏറ്റവും വലിയ വിലങ്ങുതടിയായിരുന്നു യഹിയ സിന്‍വാര്‍. ആ തടസം ഇനിയില്ല, ഇനിയുമെറേ ചെയ്യാനുണ്ടെന്നും ബൈഡന്‍ പറഞ്ഞു.