ലെബനന്‍ സംഘര്‍ഷം: ആശങ്ക അറിയിച്ച് സൗദി അറേബ്യ

ഇസ്രയേലിന്റെ ലെബനന്‍ ആക്രമണത്തില്‍ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ലെബനന്റെ പരമാധികാരം മറ്റ് രാജ്യങ്ങള്‍ മാനിക്കണമെന്ന ആവശ്യവും സൗദി അറേബ്യ മുന്നോട്ട് വച്ചു.

author-image
Prana
New Update
saudi flag

ലെബനനില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് സൗദി അറേബ്യ. ലെബനന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും ബഹുമാനിക്കപ്പെടണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ലെബനനില്‍ നടക്കുന്ന സംഭവങ്ങളില്‍ സൗദി അറേബ്യയ്ക്ക് ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
ഇസ്രയേലിന്റെ ലെബനന്‍ ആക്രമണത്തില്‍ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ലെബനന്റെ പരമാധികാരം മറ്റ് രാജ്യങ്ങള്‍ മാനിക്കണമെന്ന ആവശ്യവും സൗദി അറേബ്യ മുന്നോട്ട് വച്ചു. മേഖലയെയും അതിന്റെ ജനങ്ങളെയും യുദ്ധങ്ങള്‍ വഴിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും പ്രാദേശിക സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും സൗദി അറേബ്യ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ലെബനനിനെ കേന്ദ്രീകരിച്ച് ദിവസങ്ങളായി ഇസ്രയേല്‍ ആക്രമണം നടത്തുകയാണ്. ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സന്‍ നസ്‌റല്ല ലെബനനില്‍ വച്ചാണ് ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒപ്പം മറ്റ് ഉന്നത നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ബെയ്‌റൂത്തിലെ കോല ജില്ലയില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ മൂന്ന് പേര്‍ പലസ്തീനില്‍ നിന്നുള്ള നേതാക്കളാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലെബനനില്‍ നഗര പരിധിക്കുള്ളില്‍ അതിക്രമിച്ച് കയറി ഇസ്രയേല്‍ ആക്രമണം നടത്തുന്നത് ഇത് ആദ്യമാണ്. ആക്രമണത്തില്‍ കോലയില്‍ കെട്ടിടം തകര്‍ന്നുവീണു. കൊല്ലപ്പെട്ട മൂന്ന് പേര്‍ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പലസ്തീന്റെ നേതാക്കളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആറായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി പേര്‍ ഭവനരഹിതരായതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ലെബനന് പിന്നാലെ യെമനിലും ഇസ്രയേല്‍ കഴിഞ്ഞ രാത്രിയില്‍ ആക്രമണം നടത്തി. ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് പവര്‍ സ്‌റ്റേഷനുകളും തുറമുഖവും ഉള്‍പ്പെടെ യെമനിലെ നിരവധി ഹൂതി വിമത കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

saudi arabia israel lebanon