ബാള്‍ട്ടിമോര്‍: യു.എസ്സിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് തകര്‍ന്ന ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യൻ തുടങ്ങി. ഈസ്റ്റേണ്‍ സീബോര്‍ഡ് എന്നറിയപ്പെടുന്ന അമേരിക്കയുടെ കിഴക്കന്‍ തീരത്തെ ഏറ്റവും വലിയ ക്രെയിനാണ് ഇതിനായി എത്തിച്ചത് .1000 ടണ്‍ ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള ക്രെയിനാണ് ഇത്. ദൗത്യത്തിനായി 400 ടണ്‍ ശേഷിയുള്ള മറ്റൊരു ക്രെയിനും ബാൾട്ടിമോറിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
തകര്‍ന്ന പാലത്തിന്റെ ലോഹഭാഗങ്ങളും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാനായിട്ടാണ് ക്രെയിനുകള്‍ എത്തിച്ചത്. അതിനൊപ്പം, പാലത്തില്‍ ഇടിച്ച ദാലി എന്ന ചരക്കുകപ്പലും ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. ഈ അവശിഷ്ടങ്ങൾ നീക്കം ചെയ്താൽ മാത്രമേ ബാൾട്ടിമോർ തുറമുഖദി ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂഎന്നാണ് റിപ്പോർട്ടുകൾ.
അപകടത്തില്‍ 6 പേരെ കാണാതായിരുന്നു . ഇതിൽ രണ്ട് പേരുടെ മൃതദേഹങ്ങള്‍ പടാപ്‌സ്‌കോ നദിയില്‍ നിന്ന് മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. നാല് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ കാരണം വൈകുകയാണ്. ഇരുട്ടുമുറിയില്‍ അകപ്പെട്ടതുപോലെയാണ് നദിയില്‍ മുങ്ങുമ്പോള്‍ തോന്നുന്നതെന്നു . ഒട്ടും തന്നെ ദൃശ്യപരിധി ലഭ്യമല്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
അതേ സമയം, പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കാനെത്തിയ ക്രെയിനുകള്‍ കാണാനായി നിരവധി പേരാണ് സംഭവ സ്ഥലത്തെത്തുന്നത്. 1972-ല്‍ സ്‌കോട്ട് കീ പാലം നിര്‍മ്മിക്കുന്നത് നേരില്‍ കണ്ട കാഴ്ചയാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നതെന്ന് പ്രദേശവാസിയായ 71-കാരന്‍ റൊണാള്‍ഡ് ഹോക്കിന്‍സ് പറഞ്ഞു.