നാലാം തവണയും നേപ്പാള്‍ പ്രധാനമന്ത്രിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കെ.പി. ശര്‍മ ഓലി അധികാരമേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിക്കു കാഠ്മണ്ഡുവിലെ രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടമായ ശീതല്‍ നിവാസില്‍ നടന്ന ചടങ്ങിലാണു ശര്‍മ ഓലി നേപ്പാള്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണു നേപ്പാള്‍ യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎന്‍യുഎംഎല്‍) അധ്യക്ഷനായ ശര്‍മ ഓലി പ്രധാനമന്ത്രിയാകുന്നത്.കെ.പി.ശര്‍മ ഓലിയെ പ്രസിഡന്റ് റാം ചന്ദ്ര പൗഡേല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയായി അംഗീകരിച്ചിരുന്നു. ഓലിയുടെ പാര്‍ട്ടിയും നേപ്പാളി കോണ്‍ഗ്രസും അടങ്ങുന്ന സഖ്യത്തിന് 193 എംപിമാരുടെ പിന്തുണയാണ് ഉള്ളത്. വെള്ളിയാഴ്ച നടന്ന വിശ്വാസവോട്ടില്‍ പുഷ്പ കമാല്‍ ദഹല്‍ (പ്രചണ്ഡ) സര്‍ക്കാര്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് കെ.പി. ഓലി അധികാരമുറപ്പിച്ചത്. 275 അംഗ പാര്‍ലമെന്റില്‍ 63 പേര്‍ മാത്രമേ പ്രചണ്ഡയെ പിന്തുണച്ചുള്ളൂ. 194 പേര്‍ പ്രമേയത്തെ എതിര്‍ത്തു വോട്ട് ചെയ്തു.