അമേരിക്കയില്‍ അടുക്കളപ്പോര്; കണ്ണില്‍ കുത്തിയാലും മിണ്ടില്ല! വിരുന്ന് ഒഴിവാക്കി

അമേരിക്കയില്‍ പുതിയ പ്രസിഡന്റുമാര്‍ എത്തുമ്പോള്‍ അവരെക്കാളുപരി വാര്‍ത്തകളില്‍ ഇടംപിടിക്കാറ് അവരുടെ ഭാര്യമാരാണ്. ചരിത്രം ചികഞ്ഞും ഭാവി പ്രവചിച്ചും പാപ്പരാസികള്‍ പുറകെക്കൂടുന്നതും പതിവ് കാഴ്ചയാണ്. ഇക്കുറിയും അത് തെറ്റിയിട്ടില്ല.

author-image
Rajesh T L
New Update
TRUMP

ചിത്രം : ബ്രെൻഡൻ മക്ഡെർമിഡ് / REUTERS

അമേരിക്കയില്‍ പുതിയ പ്രസിഡന്റുമാര്‍ എത്തുമ്പോള്‍ അവരെക്കാളുപരി വാര്‍ത്തകളില്‍ ഇടംപിടിക്കാറ് അവരുടെ ഭാര്യമാരാണ്. ചരിത്രം ചികഞ്ഞും ഭാവി പ്രവചിച്ചും പാപ്പരാസികള്‍ പുറകെക്കൂടുന്നതും പതിവ് കാഴ്ചയാണ്. ഇക്കുറിയും അത് തെറ്റിയിട്ടില്ല. ട്രംപ് അധികാരത്തിലെത്തുമെന്ന് ഉറപ്പായപ്പോള്‍ ഉടന്‍ ഒരു വിവാദവവും പൊങ്ങിവരുന്നു. 

ഇപ്പോള്‍ ആ കൃത്യം ഏറ്റെടുത്തിരിക്കുന്നത് റഷ്യന്‍ മാദ്ധ്യമങ്ങളാണ്.റഷ്യ- നെറ്റ് വര്‍ക്ക് എന്ന വാര്‍ത്താചാനലിന്റെ '60 മിനിറ്റ്‌സ്' എന്ന പരിപാടിയില്‍ ട്രംപിന്റെ ഭാര്യ മെലാനിയയുടെ നഗ്ന- അര്‍ധനഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് വന്‍ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചാനലാണിത്.എഴുത്തുകാരി ജൂലിയ ഡേവിസ് ഇതിന്റെ ദൃശ്യം എക്‌സില്‍ പങ്കുവച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് .പിന്നാലെ, ചാനലിന്റെ നടപടിക്കെതിരെ വന്‍വിമര്‍ശനമാണ് ഉയര്‍ന്നത്.

'മെലാനിയയുടെ ഭര്‍ത്താവ് വിജയിച്ചിരിക്കുന്നു. അവര്‍ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ്. 2000-ന് മുമ്പ് മെലാനിയ എങ്ങനെയായിരുന്നുവെന്നാണ് ഇനി കാണിക്കാന്‍ പോകുന്നത്. ജി.ക്യു. മാസികയുടെ കവറാണ്  ഇതെന്ന  അവതാരകന്റെ മുഖവുരയോടെയാണ് മെലാനിയയുടെ പഴയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

മോഡലായിരുന്ന മെലാനിയ 2000-ല്‍ ജി.ക്യു. മാഗസിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ചാനല്‍ കാണിച്ചത്. 'പ്രൈവറ്റ് ജെറ്റിനടുത്തും വിമാനത്തിനുള്ളിലുമുള്ള മെലാനിയയുടെ സെക്‌സി ചിത്രങ്ങളെന്നും  'ഒരു ചിത്രത്തില്‍ അടിവസ്ത്രം മാത്രമാണ് ധരിച്ചിട്ടുള്ളതെന്നുമെല്ലാം' ഓരോ ചിത്രത്തിനും അവതാരകന്‍ വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്.

റഷ്യന്‍ ചാനലിന്റെ നടപടിക്കെതിരെ വന്‍ വിമര്‍ശനം എക്‌സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നു. ട്രംപിനേയും ഭാര്യയേയും പരിഹസിക്കുകയാണ് ചാനലെന്നും അവരുടെ നടപടി അമ്പരപ്പിക്കുന്നതാണെന്നുമുള്ള അഭിപ്രായപ്രകടനങ്ങളാണ് പലരും നടത്തുന്നത്.

അതേസമയം, നഗ്ന മോഡലിങ്ങിനെ നേരത്തെ മെലാനിയ ന്യായീകരിച്ചിരുന്നു. മനുഷ്യ ശരീരത്തിന്റെ സൗന്ദര്യത്തെ ആസ്വദിക്കാന്‍ നമുക്ക് കഴിയില്ലേ എന്നാണ് അവര്‍ ചോദിച്ചത്. ചരിത്രത്തിലുടനീളം മനുഷ്യ ശരീരത്തെ പ്രമുഖ കലാകാരന്മാര്‍ ആവിഷ്‌കാരത്തിനുള്ള ശക്തമായ മാര്‍ഗമായി ഉപയോഗിച്ചിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

പക്ഷെ അവിടം കൊണ്ടൊന്നും തീര്‍ന്നില്ല കാര്യങ്ങള്‍. നേര്‍ക്ക് നേര്‍ വന്ന് കണ്ണില്‍ കുത്തിയാലും മിണ്ടില്ലാത്ത രണ്ടുപേര്‍ തമ്മിലാണ് ഇപ്പോള്‍ അമേരിക്കയില്‍ അടി മൂത്തിരിക്കുന്നത്. പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിയുന്നതിന് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കില്ലെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് അറിയിച്ചതോടെയാണ് വീണ്ടും വിവാദം ഉയര്‍ന്നത്.പരിപാടിയില്‍ പങ്കെടുക്കാന്‍ ജോ ബൈഡനും പത്നി ജില്‍ ബൈഡനും ചേര്‍ന്ന് ക്ഷണിക്കുകയും ചെയ്തിരുന്നു.

വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നതാണ് ഈ വിടവാങ്ങല്‍ വിരുന്ന്.നിലവിലെ നിയുക്ത പ്രസിഡന്റിനെ വൈറ്റ്ഹൗസിലെ തന്റെ ഓഫീസായ ഓവല്‍ ഓഫീസില്‍ സ്വീകരിക്കുമ്പോള്‍ പ്രസിഡന്റിന്റെ പത്നി നിയുക്ത പ്രസിഡന്റിന്റെ ഭാര്യയെ അവിടെ തന്നെയുള്ള ഔദ്യോഗിക വസതിയിലാണ് ചായസല്‍ക്കാരത്തിനായി സ്വീകരിക്കുന്നത്. 2016 ല്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റായ ബരാക്ക് ഒബാമയുടെ പത്നിയായ മിഷേല്‍ ഒബാമ മെലാനിയയെ ഇത്തരത്തില്‍ സ്വീകരിച്ചിരുന്നു.എന്നാല്‍ 2020 ല്‍ ട്രംപ് പ്രസിഡന്റ് പദവി ഒഴിഞ്ഞ സന്ദര്‍ഭത്തില്‍ മെലാനിയ ട്രംപ്  ജില്‍ ബൈഡനെ ഇത്തരത്തില്‍ ക്ഷണിച്ചിരുന്നില്ല.

പ്രസിഡന്റ് തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ട്രംപിന്റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങളുടെയും നിയമ നടപടികളുടേയും പശ്ചാത്തലത്തിലാണ് മെലാനിയ അന്ന് ജില്‍ ബൈഡനെ ക്ഷണിക്കാത്തതെന്ന് കരുതപ്പെടുന്നു. താനാണ് തിരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയി എന്ന് ട്രംപ് അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കമലാ ഹാരീസിന്റെ പരാജയത്തെ തുടര്‍ന്ന് ട്രംപും ജോ ബൈഡനും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നെങ്കിലും ഇരുവരുടേയും ഭാര്യമാര്‍ ഇനിയും അതിന് പോലും തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മെലനിയയും ജില്ലും അവസാനമായി ഒരുമിച്ച് കണ്ടത് കഴിഞ്ഞ വര്‍ഷം നവംബറില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടറുടെ ഭാര്യ റോസലിന്‍ കാര്‍ട്ടറുടെ ശവസംസ്‌ക്കാര വേളയിലായിരുന്നു. ചടങ്ങിലെല്ലാം  മുന്‍ പ്രസിഡന്റുമാരുടെയും ഭാര്യമാര്‍ പങ്കെടുത്തിരുന്നു. കൂടാതെ മെലാനിയ ട്രംപ് ഇക്കുറി വൈറ്റ്ഹൗസില്‍ സ്ഥിരതാമസത്തിന് എത്തില്ലെന്നും  വാര്‍ത്തകള്‍ പരന്നിരുന്നു. അവര്‍ മകനോടൊപ്പം ന്യൂയോര്‍ക്കിലെ സ്വന്തം വീട്ടില്‍ താമസിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറയുന്നുണ്ട്. 

കഴിഞ്ഞ തവണ പ്രസിഡന്റ് പദവി ഒഴിഞ്ഞ വേളയില്‍ ട്രംപും ജോബൈഡനെ ഓവല്‍ ഓഫീസിലേക്ക് വരവേല്‍പ്പ് നല്‍കാത്തതും പദവിയൊഴിഞ്ഞ് കൊടുക്കാന്‍ വൈകിയതുമെല്ലാം ഇവര്‍ തമ്മിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കാന്‍ കാരണമായി എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ബൈഡനും കുടുംബവും വളരെ സൗഹാര്‍ദ്ദപരമായി പദവി ഒഴിയാനാണ് തീരുമാനിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു വിരുന്നൊരുക്കാനും പതിവുകള്‍ തെറ്റിക്കാതിരിക്കാനും അവര്‍ തീരുമാനിച്ചത്. ക്ഷണം സ്വീകരിച്ച ട്രംപ്  ഓവല്‍ ഓഫീസില്‍ ബൈഡന്‍ നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുക്കാന്‍ ബൈഡന്‍ കുടുംബം തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയിലെ രീതിയനുസരിച്ച് സ്ഥാനമൊഴിയുന്ന പ്രസിഡന്റും നിയുക്ത പ്രസിഡന്റും ഒരുമിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നത്. എന്നാല്‍ 2020 ല്‍ ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ട്രംപ് വിട്ടു നിന്നിരുന്നു.

donald trump trump