കിമ്മിന്റെ സൈന്യം റഷ്യയില്‍; ഇനി എന്തും സംഭവിക്കാം

യുക്രൈനിനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ 3000 സൈനിക ട്രൂപ്പിനെ കൂടി ഉത്തര കൊറിയ അയച്ചു. ദക്ഷിണ കൊറിയന്‍ ഇന്റലിജന്‍സ് വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

author-image
Rajesh T L
New Update
russia

യുക്രൈനിനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ 3000 സൈനിക ട്രൂപ്പിനെ കൂടി ഉത്തര കൊറിയ അയച്ചു. ദക്ഷിണ കൊറിയന്‍ ഇന്റലിജന്‍സ് വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ സൈനികോപകരണങ്ങളും ഡ്രോണുകളും കൈകാര്യം ചെയ്യാന്‍ പരിശീലിക്കുകയാണെന്ന് ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ വിഭാഗം ആരോപിച്ചു.

ഒക്ടോബറില്‍ 1500 സൈനിക ട്രൂപ്പിനെ ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചിരുന്നു. ഡിസംബറോടെ റഷ്യയിലേക്ക് 10,000 സൈനികരെ വിന്യസിക്കാനാണ് ഉത്തര കൊറിയ ലക്ഷ്യമിടുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം മേധാവി ചോ തേ-യോങ് പറഞ്ഞു. അതേസമയം, ആധുനിക യുദ്ധരീതികളെക്കുറിച്ച് ഉത്തര കൊറിയന്‍ സൈനികര്‍ക്ക് വേണ്ടത്ര ധാരണയില്ലാത്തതിനാല്‍ കനത്ത ആള്‍നാശം നേരിടേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

യു.എസും നാറ്റോയും ഉത്തര കൊറിയ സൈനികരെ അയക്കുന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അങ്ങനെ ഉണ്ടായാല്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സൈനിക കൈമാറ്റത്തിലൂടെ റഷ്യയും ഉത്തരകൊറിയയും അമേരിക്കയ്‌ക്കെതിരെ പരസ്യമായ ആക്രമണ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് എന്നാണ് വിലയിരുത്തല്‍. ഒരേ ദിവസമാണ് രണ്ട് വ്യത്യസ്ത സംഭവങ്ങള്‍ മുന്‍നിര്‍ത്തി ഈ രാജ്യങ്ങള്‍ അമേരിക്കയ്‌ക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്.

ഉത്തര കൊറിയക്കെതിരെ അമേരിക്ക പുതുതായി 11 അംഗ ഉപരോധ നിരീക്ഷണ സംഘത്തെ നിയോഗിച്ചതാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇത് തികച്ചും നിയമവിരുദ്ധമാണെന്നാണ് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി തുറന്നടിച്ചിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയില്‍ ഉത്തര കൊറിയക്കെതിരായ നീക്കത്തെ റഷ്യ വീറ്റോ ചെയ്തിരുന്നു തുടര്‍ന്നാണ്. ഉത്തര കൊറിയക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് പരിശോധിക്കാന്‍ അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയുമടക്കം 11 രാജ്യങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘത്തെ നിയോഗിക്കാന്‍ അമേരിക്ക തീരുമാനിച്ചത്.

nk

സകല എതിര്‍പ്പുകളും പ്രതിസന്ധികളും മറികടന്ന് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകളുടെയും ആണവായുധങ്ങളുടെയും ഒരു പരമ്പര തന്നെ വികസിപ്പിച്ചിട്ടുണ്ട്. റഷ്യയുമായി അടുത്ത സൈനിക ബന്ധം ഉണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് അമേരിക്ക വീണ്ടും ഉപരോധത്തിന്റെ പാത തിരഞ്ഞെടുത്തിരിക്കുന്നത്.

സമീപകാലങ്ങളിലായി കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷം ഏറെ രൂക്ഷമായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന്, അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളായ ദക്ഷിണ കൊറിയയുമായും, ജപ്പാനുമായും സൈനിക സഹകരണം ശക്തിപ്പെടുത്തേണ്ട അവസ്ഥയിലാണ് അമേരിക്ക.

നിലവിലെ റഷ്യ  ഉത്തരകൊറിയ സൈനിക കരാര്‍ പ്രകാരം ഉത്തരകൊറിയയെ ആര് ആക്രമിച്ചാലും റഷ്യ ഇനി സൈനികമായി തന്നെ ഇടപെടും. അമേരിക്കയെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന കരാറാണിത്. ഉപരോധം വഴി ഒരു പ്രതിരോധമാണ് അമേരിക്കയും സഖ്യകക്ഷികളും ആഗ്രഹിക്കുന്നത്.

ഇതിനെതിരെയാണ് അതിരൂക്ഷമായി ഇപ്പോള്‍ ഉത്തരകൊറിയയും പ്രതികരിച്ചിരിക്കുന്നത്. ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയുടെ കൂടെ മുന്നിട്ടിറങ്ങിയ മറ്റു രാജ്യങ്ങളെയും വെറുതെ വിടില്ലെന്നതാണ് കിം ജോങ് ഉന്നിന്റെയും നിലപാട്. ഇതിനായി ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്നതാണ് ഭീഷണി. റഷ്യയുമായി സൈനിക സഖ്യത്തിലായ സ്ഥിതിക്ക് ഇനി ഉത്തര കൊറിയക്ക് നേരെ ഏത് രാജ്യം ഏറ്റുമുട്ടാന്‍ തീരുമാനിച്ചാലും അത് റഷ്യയോട് ഏറ്റുമുട്ടുന്നതിന് തുല്യമായി മാറും.

അതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ അമേരിക്ക പോലും തയ്യാറാകുമെന്ന് തോന്നുന്നില്ല. മാത്രമല്ല, ഉത്തര കൊറിയക്കെതിരായ ഏതൊരു നടപടിയും ചൈനയുടെ ഇടപെടലിനും കാരണമാകും. രണ്ട് വശങ്ങളിലായി റഷ്യയും ചൈനയും ഉള്ളതിനാല്‍ ഉത്തര കൊറിയയെ സംബന്ധിച്ച് ശത്രുവിനെ ഭയക്കേണ്ട കാര്യവുമില്ല. എന്നാല്‍, ഉത്തര കൊറിയയുടെ ശത്രുക്കളായ അമേരിക്കയുടെയും, ജപ്പാന്റെയും, ദക്ഷിണ കൊറിയയുടെയും അവസ്ഥ അതല്ല.

അവര്‍, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ഭയക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ആണവായുധങ്ങള്‍ ഉള്‍പ്പെടെ കൈവശമുള്ള ഉത്തര കൊറിയയെ മുന്‍നിര്‍ത്തി റഷ്യ കരുക്കള്‍ നീക്കുമെന്ന ഭയമാണ് ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ നയിക്കുന്നത്. ഒരു അന്താരാഷ്ട്ര നിയമത്തെയും വകവയ്ക്കാതെ മുന്നോട്ടുപോകുന്ന കിം ജോങ് ഉന്‍ ശത്രുരാജ്യങ്ങള്‍ക്ക് ഒരു മാനുഷിക പരിഗണനയും നല്‍കാത്ത രാഷ്ട്രതലവനാണ്. ഇത്തരത്തില്‍ ലോകത്ത് ചിന്തിക്കുന്ന ഒരേയൊരു ഭരണാധികാരിയും 'കിം' തന്നെ ആയിരിക്കും. പുതിയ ഉപരോധശ്രമം കൂടി അമേരിക്കന്‍ ചേരി നടത്തുന്ന സ്ഥിതിക്ക് ഇനി എന്ത് സംഭവിക്കുമെന്നത് കണ്ടുതന്നെ അറിയണം.

russia north korea president vladimir putin north korean kimjongun