ഇസ്രയേലിനെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയ ശേഷമാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ഖമേനിയുടെ പ്രത്യക്ഷപ്പെടലില്‍ വലി രാഷ്ട്രീയ പ്രധാന്യമാണ് നിരീക്ഷകര്‍ കണ്ടത്.
അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ഖമേനി നേതൃത്വം നല്‍കിയത്. ലോകം മുഴുവന്‍ ഖമേനിയുടെ വാക്കുകള്‍ക്കായി കാത്തിരുന്നു. പ്രതീക്ഷ തെറ്റിയില്ല, ഇസ്രയേലിനുള്ള താക്കീതായിരുന്നു ഖമേനിയുടെ പ്രസംഗത്തില്‍ നിറഞ്ഞത്.
ചെറുത്തുനില്‍പ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സന്ദേശമാണ് ഖമേനി നല്‍കിയത്. വിശ്വാസം ശക്തിപ്പെടുത്തി, ശത്രുവിനെതിരെ നിലയുറപ്പിക്കണമെന്നും ഖമേനി ആഹ്വാനം ചെയ്തു.
ഹമാസിനെയും ഹിസ്ബുള്ളയെയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ല. ഇസ്രയേലിനെതിരെയുള്ള നീക്കം ഉടനെയുണ്ടാകില്ല. എന്നാല്‍ കൃത്യമായ സമയത്ത് തിരിച്ചടിയുണ്ടാകും. ഹമാസും ഹിസ്ബുള്ളയുമായി ചേര്‍ന്ന് ഇറാന്‍ പൊതുശത്രുവിനെ നശിപ്പിക്കും. ഇസ്രയേലിന് ഇറാനെ ഒരിക്കലും തോല്‍പ്പിക്കാനാകില്ല. ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും ഖമേനി ആഹ്വാനം ചെയ്തു.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനും ഇറാനെ പിന്തുണയ്ക്കുന്ന സംഘടനകളും വലിയ തിരിച്ചടി നേരിടുന്ന ഘട്ടത്തില്‍ ഖമേനിയുടെ രംഗപ്രവേശം വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. 1979-ലെ ഇസ്ലാമിക വിപ്ലവത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചരിത്രപ്രസിദ്ധമായ ഇമാം ഖമേനി മസ്ജിദാണ് പ്രസംഗത്തിനായി അദ്ദേഹം തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.
ഇസ്രയേലിനെതിരെ ഇറാന്‍ രണ്ടും കല്‍പ്പിച്ച് തന്നെയെന്നു വ്യക്തം. അതിന്റെ തുടക്കമായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച കണ്ടത്. ചൊവ്വാഴ്ച രാത്രി ടെല്‍ അവീവിന്റെ ആകാശത്ത് തീ പടര്‍ത്തിക്കൊണ്ട് ഇറാന്റെ മിസൈലുകള്‍ പറന്നെത്തിയത്, ദീര്‍ഘകാലമായി ഈ മേഖല ഭയക്കുന്ന വലിയ വലിയൊരു സംഘര്‍ഷത്തിന്റെ തുടക്കമാണ്. ഇസ്രയേലിന് നേരെ കഴിഞ്ഞ ആറു മാസത്തിനിടെ ഇറാന്‍ നടത്തുന്ന രണ്ടാമത്തെ വ്യോമാക്രമണമാണിത്.
കഴിഞ്ഞ തവണ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കി, ക്രൂയിസ് മിസൈലുകള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വിക്ഷേപിക്കുകയായിരുന്നു. ഇത്തവണ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ജനസാന്ദ്രതയുള്ള നഗരങ്ങളെ ആക്രമിക്കുകയാണ് ഇറാന്‍ ചെയ്തത്. ഇത് ഇറാന്റെ യുദ്ധപ്രഖ്യാപനമായാണ് ഇസ്രയേല്‍ കാണുന്നത്.
ആള്‍നാശം ഉണ്ടായില്ലെങ്കിലും നഗരങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണം ഇസ്രയേലിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിലെ ജനങ്ങളും വലിയ ആശങ്കയിലാണ്. ഏപ്രിലില്‍ ഇറാന്റെ ആക്രമണത്തിനോടുള്ള ഇസ്രയേലിന്റെ പ്രതികരണം പ്രതീകാത്മകം മാത്രമായിരുന്നു. ഇറാന്റെ വ്യോമകേന്ദ്രങ്ങളിലൊന്നിനെ ലക്ഷ്യം വച്ചുള്ളത്.
എന്നാല്‍ ഇസ്രയേല്‍ പൗരസമൂഹത്തിനെ ഭീഷണിപ്പെടുത്തുന്നതാണ് ഈ ആക്രമണം. അതിനാല്‍, പ്രധാനമന്ത്രി നെതന്യാഹു ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകും എന്നുറപ്പാണ്.
ഇസ്രയേലിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടാകാന്‍ പോകുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയത് അമേരിക്കയാണ്. ആക്രമണം തടയുന്നതിനും കാഠിന്യം കുറയ്ക്കുന്നതിനുമുള്ള തന്ത്രം പരാജയപ്പെട്ടുവെങ്കിലും അമേരിക്കയുടെ ജാഗ്രത വീണ്ടും തെളിയിക്കപ്പെട്ടു.
ഈ ആക്രമണത്തിന്റെ പ്രത്യാഘാതം പശ്ചിമേഷ്യയില്‍ മാത്രം ഒതുങ്ങുന്നതായിരിക്കില്ല. നിര്‍ണായകമായ പ്രസിഡന്റ്് തിരഞ്ഞെടുപ്പിന് അഞ്ചാഴ്ച മാത്രമേ ബാക്കിയുള്ളൂ. അതിനാല്‍, യു.എസ് രാഷ്ട്രീയത്തെ കൂടി ഇത് സ്വാധീനിക്കും. ആഗോള തലത്തില്‍ ജോ ബൈഡന്‍ ഭരണകൂടം പരാജയമാണെന്നു ചിത്രീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംമ്പ് ഈ സാഹചര്യം ഉപയോഗിക്കും. ഇതിനിടയില്‍ ഗസയില്‍ സമാധാന ഉടമ്പടി ഉണ്ടാക്കാനും ലെബനാനില്‍ വെടി നിര്‍ത്തല്‍ നടപ്പില്‍ വരുത്താനും അമേരിക്ക നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.
ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രല്ല കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് തിരിച്ചടിയായി മിസൈല്‍ ആക്രമണം നടത്തിയത്.