റോം: ഇറ്റലിയിലെ റോമില്‍ പണിത മഹാത്മ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച അനാച്ഛാദനം ചെയ്യാനിരുന്ന പ്രതിമയാണു തകര്‍ത്തത്. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇറ്റലിയില്‍ എത്തുന്നത്. കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് നിജ്ജര്‍ക്കായി ഖലിസ്ഥാൻവാദികൾ ചുമരെഴുതുകയും ചെയ്തു.
കാനഡയിൽ കഴിഞ്ഞ വർഷം മഹാത്മാ ഗാന്ധിയുടെ മൂന്നു പ്രതിമകളാണ് വികൃതമാക്കിയത്. തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള തന്റെ ആദ്യ രാജ്യാന്തര സന്ദർശനമാണ് പ്രധാനമന്ത്രി നാളെ ഇറ്റലിയിലേക്ക് നടത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മക്രോ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരും ഉച്ചക്കോടിയിൽ പങ്കെടുക്കും.