കലിയടങ്ങാത്ത പാപ്പരാസികൾ എന്ന് പറഞ്ഞാൽ അധികപ്പറ്റാവില്ല. പക്ഷേ കലി എന്നതിനേക്കാൾ അങ്കക്കലി എന്ന വാക്കാവും പാപ്പരാസികൾക്കു ചേരുക. പണ്ട് ഡയാന രജകുമാരിയുടെ പിന്നാലെ ഒളിക്യാമറ കണ്ണുകളുമായി പാപ്പരാസികൾ പോയ കഥ ഓർമയില്ലേ ? അതി സുന്ദരിയായ ഡയാന അവരുടെ കാമുകൻ ഡോഡിയുമായി മെഴ്‌സിഡസ് ബെൻസിൽ പോയതിന്റെ ഫോട്ടോ എടുക്കാൻ ഒപ്പത്തിനൊപ്പം പാപ്പരാസികൾ വച്ചുപിടിക്കുകയായിരുന്നു. ബ്രിട്ടീഷുകാർക്ക് ഇപ്പോഴും രാജാവും രാജ്ഞിയും കൊട്ടാര സുന്ദരിമാരും ഹരമാണ്. അവരുടെ ഇക്കിളികഥകൾക്കു അന്നാട്ടിൽ വലിയ പ്രചാരമാണ്. ഈ കൗതുകം മുതലെടുക്കാനാണ് പാപ്പരാസികൾ ഒളിക്യാമറക്കണ്ണുകളുമായി അവരെ പിന്തുടരുന്നത്.
ഡയാനയുടെ കാർ ഒരു തുരംഗത്തിൽ വച്ച് ഇടിച്ചു മറിഞ്ഞാണ് അവർക്ക് ജീവൻ നഷ്ടപ്പെട്ടത്. കാമുകൻ ഡോഡിയും ഡ്രൈവറും അപ്പോൾ തന്നെ മരിച്ചു. ഡയാനയ്ക്കു നെഞ്ചു മിടിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ഏഴ് പാപ്പരാസികൾ അവർക്കു ചുറ്റും നിന്നു ഫോട്ടോ എടുക്കാൻ മത്സരിച്ചതിന്റെ വാർത്തകൾ ശ്വാസം അടക്കിയാണ് ലോകം കേട്ടതും കണ്ടതും. ഇന്ന് കേരളം ഉൾപ്പെടെ ലോകം മുഴുവൻ ഈ രീതിയിലേക്ക് മാധ്യമ പ്രവർത്തനം മാറിയിട്ടുണ്ട്.
മാധ്യമ പ്രവർത്തനം എക്കാലത്തും നേരിടുന്ന വെല്ലുവിളിയാണത് - തൊഴിലൊ ജീവിതമോ ? ഏതാണ് വലുത് ? സൊമാലിയൻ പട്ടിണിയിൽ വീഴാറായ കുട്ടിയുടെയും, ആ കുട്ടിയെ കൊത്തിപ്പറിക്കാൻ തയ്യാറായി നിന്ന കഴുകൻറെയും ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ ഒടുവിൽ ആത്‍മഹത്യ ചെയ്തത് മനസ്സാക്ഷിക്കുത്തു സഹിക്കാനാവാതെ ആണ്.
പഴയ കഥകൾ ഓർത്തെടുത്തത് അടുത്ത കാലങ്ങളിൽ ബ്രിട്ടീഷ് പാപ്പരാസി മാധ്യമങ്ങൾ വീണ്ടും കൊട്ടാരത്തിലെ സുന്ദരിമാരെ വേട്ടയാടുന്നതിന്റെ കഥകൾ പുറത്തു വന്നതിനെ തുടർന്നാണ്.
മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്ത വെയിൽസ് രാജകുമാരി കാതറിൻ എലിസബത്ത് (കേറ്റ് ) മിഡിൽടണിനെ കുറിച്ചു ഒട്ടനവധി ഉഹാപോഹങ്ങളാണ് ബ്രിട്ടീഷ് പാപ്പരാസികൾ പുറത്തു വിട്ടത്. വില്യം രാജകുമാരനുമായി വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന് വരെ റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ അതിനോടെല്ലാം കാതറിൻ പ്രതികരിച്ചിരിക്കുകയാണ്. താൻ പ്രതിരോധ കീമോതെറാപ്പി ചെയ്തു വരികയാണ്. ജനുവരിയിൽ, ലണ്ടനിൽ വയറുവേദന കാരണം ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഓപ്പറേഷനുശേഷം നടത്തിയ പരിശോധനയിൽ കാൻസർ കണ്ടെത്തി. അതിനാൽ, പ്രതിരോധ കീമോതെറാപ്പി ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം ഐകെൻസിംഗ്ടൺ പാലസ് പുറത്തിറക്കിയ വീഡിയോയിലാണ് ഏവരെയും ഞെട്ടിച്ചു കേറ്റ് ഈ വിവരം പുറത്തു വിട്ടത്.
ബ്രിട്ടീഷ് പാപ്പരാസി മാധ്യമങ്ങളുടെ പാപ്പരത്വത്തിനു ഇരയായി കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെ തുടർക്കഥയായി കാതറീന്റെ വേട്ടയാടൽ. അവർ കാതറീന്റെ മൗനം വളച്ചൊടിക്കുകയായിരുന്നു. എന്നാൽ സമയോചിതമായി കാതറീൻ തന്റെ രോഗവിവരം മാധ്യമളോട് വിളിച്ചറിയിക്കുകയായിരുന്നു. ബ്രിട്ടീഷ് രാജകുടുംബങ്ങളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്ന മാധ്യമങ്ങളുടെ പ്രവണത ഒരിക്കൽ കൂടി വിമർശന വിധേയമായി.
എന്ത് തരം കാൻസർ ആണ് തനിക്ക് പിടിപെട്ടിരിക്കുന്നത് എന്ന് കേറ്റ് വെളിപ്പെടുത്തിയില്ല. പ്രതിരോധ കീമോ തെറാപ്പിയിൽ അഡ്ജുവൻ്റ് കീമോതെറാപ്പിയാണ് കേറ്റ് സ്വീകരിക്കുന്നത്.
കാൻസർ തിരിച്ചു വരുന്നത് തടയാനുള്ള പ്രാഥമിക ശസ്ത്രക്രിയ പോലുള്ള ചികിത്സയ്ക്ക് ശേഷം നടത്തുന്ന ചികിത്സയെ ആണ് പ്രതിരോധ കീമോതെറാപ്പി എന്ന് പറയുന്നത്. ആദ്യഘട്ട ചികിത്സയിൽ നശിച്ചു പോകാത്ത കാൻസർ കോശങ്ങളെ അല്ലെങ്കിൽ ഒളിച്ചു കിടക്കുന്ന കോശങ്ങളെ തുടർ ചികിത്സയിലുടെ നശിപ്പിച്ചു കളയുന്നു ഇതാണ് പ്രിവന്റീവ് കീമോ തെറാപ്പി അഥവാ പ്രതിരോധ കീമോതെറാപ്പി എന്ന് പറയുന്നത്.
ബ്രിട്ടീഷ് രാജകുമാരനായ വില്യമിന്റെ ഭാര്യയായ കാതറിൻ അന്ന ഫ്രോയിഡ് സെൻ്റർ , ആക്ഷൻ ഫോർ ചിൽഡ്രൻ , സ്പോർട്സ് എയ്ഡ് , നാഷണൽ പോർട്രെയ്റ്റ് ഗാലറി എന്നിവയുൾപ്പെടെ 20-ലധികം ചാരിറ്റബിൾ, മിലിട്ടറി ഓർഗനൈസേഷനുകളുമായി ചുമതല ഏറ്റെടുത്തിരുന്നു . നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കൊപ്പം റോയൽ ഫൗണ്ടേഷനിലൂടെ പ്രോജക്ടുകളും കാതറിൻ ഏറ്റെടുക്കുന്നു. വില്യം കാതറിൻ ദമ്പതികൾക്ക് 3 മക്കളാണുള്ളത്.