ടെൽ അവീവ്: ഗാസയിലും ലെബനാനലും അക്രമണം ശക്തമാകുന്നതിനിടെ ഇസ്രയേലിന് പിന്തുണ അറിയിച്ച് അമേരിക്ക. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സംസാരിച്ചു. ഫോണിലൂടെയായിരുന്നു സംസാരിച്ചത്. അരമണിക്കൂറോളമാണ് ഇരുവരുടേയും സംഭാഷണം നീണ്ടതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കമല ഹാരിസും നെതന്യാഹുവിനോട് സംസാരിച്ചിരുന്നു. ഓഗസ്റ്റിന് ശേഷം ഇരുവരും പരസ്യമായി പ്രഖ്യാപിക്കുന്ന ആദ്യ സംഭാഷണമാണിത്.
ഇസ്രയേലിന്റെ സുരക്ഷയ്ക്കായി പൂർണ പിന്തുണ അറിയിക്കുന്നുവെന്ന് ബൈഡൻ അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ഒക്ടോബർ ഒന്നിന് ഇസ്രയേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെയും അമേരിക്ക അപലപിച്ചു. സംഭവത്തിൽ ഇറാനെതിരെ പ്രത്യാക്രമണം നടത്താൻ ഇസ്രയേൽ പദ്ധതിയിടുന്നതിനിടെയാണ് പിന്തുണയറിയിച്ചുള്ള യുഎസിന്റെ ഫോൺ സംഭാഷണം.
കഴിഞ്ഞ ആഴ്ചയായിരുന്നു ഇറാൻ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. ടെഹ്റാനിൽ വെച്ച് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാര നടപടിയെന്നായിരുന്നു വിശദീകരണം. ആക്രമണത്തിന് ഇസ്രയേൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ ഇറാൻ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയാൽ പിന്തുണക്കില്ലെന്ന് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു, ഇറാനുമേൽ പുതിയ ഉപരോധങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായുളള ടെലിഫോൺ സംഭാഷണത്തിന് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം.
ഇസ്രയേലിന് നേരെ ഇറാൻ തൊടുത്ത മിസൈലുകളെ വെടിവെച്ചിടാനും ജോ ബൈഡൻ ഉത്തരവിട്ടിരുന്നു. സ്വയം പ്രതിരോധത്തിന് എല്ലാ സഹായവും ബൈഡൻ വാഗ്ദാനം ചെയ്തിരുന്നു. ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.