അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് ജോ ബൈഡന്‍ പിന്‍മാറി

പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളായ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമര്‍ തുടങ്ങിയവര്‍ ബൈഡനെ സന്ദര്‍ശിച്ച് പിന്മാറ്റം സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു.

author-image
Rajesh T L
New Update
kk

joe biden and kmala haris

Listen to this article
0.75x 1x 1.5x
00:00 / 00:00

വാഷിങ്ടണ്‍:  യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പ്രസിഡന്റും ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ജോ ബൈഡന്‍ പിന്മാറി. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും നല്ലതിനായി മത്സരത്തില്‍നിന്ന് പിന്മാറുന്നുവെന്ന് എക്‌സില്‍ കുറിപ്പ് പങ്കുവച്ചുകൊണ്ടാമ് ബൈഡന്റെ പിന്മാറ്റം.

അമേരിക്കന്‍ തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനില്‍ക്കേയാണ് ബൈഡന്റെ പിന്മാറ്റം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനോട് ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ പതറിയതോടെ ബൈഡന്‍ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളില്‍ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡന്‍ കുറിപ്പില്‍ പറയുന്നു. 

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തില്‍നിന്നു ബൈഡന്‍ പിന്മാറണമെന്നു പാര്‍ട്ടിക്കകത്തും പുറത്തും കടുത്ത സമ്മര്‍ദമുയര്‍ന്നിരുന്നു.  നിലവിലെ സാഹചര്യത്തില്‍ ബൈഡന്‍ സ്ഥാനാര്‍ഥിയാകുന്നതു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സാധ്യകള്‍ ഇല്ലാതാക്കുമെന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അഭിപ്രായമുയര്‍ന്നു. ബൈഡനു പകരം വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണ് കരുതുന്നത്.

എതിരാളിയായ ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം, പ്രായാധിക്യ പ്രശ്‌നങ്ങള്‍, ട്രംപിനു നേരെയുണ്ടായ വധശ്രമം, അനുകൂലമല്ലാത്ത അഭിപ്രായ സര്‍വേകള്‍, ഏറ്റവുമൊടുവിലായി കോവിഡ് ബാധിച്ചത് തുടങ്ങി രണ്ടാമൂഴം തേടുന്ന ബൈഡന് നിരന്തരം വെല്ലുവിളി നേരിട്ടിരുന്നു.

പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളായ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമര്‍ തുടങ്ങിയവര്‍ ബൈഡനെ സന്ദര്‍ശിച്ച് പിന്മാറ്റം സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു. 

ബൈഡന്റെ പിന്മാറ്റത്തോടെ ഷിക്കാഗോയില്‍ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനല്‍ കണ്‍വന്‍ഷനില്‍ പുതിയ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാം. ആദ്യവട്ട വോട്ടെടുപ്പില്‍ 3900 പ്രതിനിധികള്‍ക്കാണ് വോട്ടവകാശം. അതില്‍ തീരുമാനമായില്ലെങ്കില്‍ പാര്‍ട്ടി നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുമടക്കം 700 സൂപ്പര്‍ഡെലിഗേറ്റുകള്‍ ആര്‍ക്കെങ്കിലും ഭൂരിപക്ഷം ലഭിക്കുംവരെ വോട്ട് ചെയ്ത് തീരുമാനത്തിലെത്തും.

joe biden