സ്ഥാനാർത്ഥിത്വത്തിൽ ആശങ്ക ഉയരുന്നതിനിടെ ബൈഡന് കുരുക്കായി നാക്കുപിഴയും. വാഷിങ്ടണിൽ നടന്ന നാറ്റൊ ഉച്ചകോടിക്ക് ശേഷമുള്ള പത്രസമ്മേളനത്തിൽ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയെ ബൈഡൻ മാറിവിളിച്ചത് ‘പുടിൻ’ എന്നും വൈസ് പ്രസിഡന്റ് കമല ഹാരിസിന് പകരം ‘ട്രംപ്’ എന്നുമാണ്. നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ ഉണ്ടായിരുന്ന വേദിയിലാണ് ബൈഡൻ വലിയ നാക്കുപിഴ സംഭവിച്ചത്.
തന്റെ പ്രസംഗം തീർത്ത ശേഷം സെലൻസ്‌കിയെ മറുപടി പ്രസംഗത്തിനായി ക്ഷണിക്കുകയായിരുന്നു ബൈഡൻ. ‘ഇനി ഞാൻ യുക്രൈൻ പ്രസിഡന്റിനെ സംസാരിക്കാനായി ക്ഷണിക്കുകയാണ്. പുടിന് സ്വാഗതം’ എന്നായിരുന്നു ബൈഡന്റെ നാക്കുപിഴ. ശേഷം തെറ്റ് മനസിലായ ബൈഡൻ ഉടൻ തന്നെ തിരുത്തി. എന്നാൽ ഇതിനെ തമാശ രീതിയിൽ മാത്രമാണ് സെലൻസ്‌കി കണ്ടത്.
വൈസ് പ്രസിഡന്റ് കമല ഹാരിസിനു പകരം ബൈഡൻ പറഞ്ഞ പേര് തന്റെ മുഖ്യ ശത്രു ഡൊണാൾഡ് ട്രംപിന്റേതാണ്. ‘ നോക്കൂ, വേണ്ടത്ര കഴിവില്ലെങ്കിൽ ഞാൻ ട്രംപിനെ വൈസ് പ്രസിഡന്റാക്കുമായിരുന്നോ’ എന്നായിരുന്നു പരാമർശം.