ഉച്ചകോടിക്ക് ജയശങ്കര്‍ ഇസ്ലാമാബാദിലേക്ക്; പാകിസ്താനുമായി ചര്‍ച്ചയില്ല

ഷാങ്ഹായ് സഹകരണ സഖ്യ(എസ്.സി.ഒ.)ത്തിന്റെ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നവേളയില്‍ പാകിസ്താനുമായി ചര്‍ച്ച നടത്തില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

author-image
Prana
New Update
s jaishankar

ഷാങ്ഹായ് സഹകരണ സഖ്യ(എസ്.സി.ഒ.)ത്തിന്റെ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നവേളയില്‍ പാകിസ്താനുമായി ചര്‍ച്ച നടത്തില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഈ സന്ദര്‍ശനം ഒരു ബഹുരാഷ്ട്ര പരിപാടിയുടെ ഭാഗമാണ്. അല്ലാതെ ഇന്ത്യപാകിസ്താന്‍ ബന്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ല ഞാന്‍ അവിടെ പോകുന്നത്. ഷാങ്ഹായ് സഹകരണ സഖ്യത്തിന്റെ ഒരു നല്ല അംഗമാകാനാണ് അവിടെ പോകുന്നത്,' അദ്ദേഹം ഡല്‍ഹിയില്‍ വ്യക്തമാക്കി. പക്ഷേ ഒരു മര്യാദയുള്ള വ്യക്തി എന്ന നിലയില്‍ സാഹചര്യത്തിന് അനുസരിച്ച് പെരുമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 15, 16 തീയതികളിലായി ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സഖ്യ (എസ്.സി.ഒ.)ത്തിന്റെ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് എസ്. ജയശങ്കര്‍ പാകിസ്താനിലേക്ക് പോകുന്നത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ജയശങ്കറിന്റെ ആദ്യ പാകിസ്താന്‍ സന്ദര്‍ശനമാണിത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും. 2015ന് ശേഷം ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ആദ്യ പാകിസ്താന്‍ സന്ദര്‍ശനമാണിത്. സുഷമ സ്വരാജാണ് അവസാനമായി പാകിസ്താന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി. 2015 ഡിസംബറില്‍ അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവര്‍ ഇസ്ലാമാബാദ് സന്ദര്‍ശിച്ചിരുന്നു.
ഷാങ്ഹായ് സഹകരണ സഖ്യം കൗണ്‍സില്‍ ഓഫ് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് (സി.എച്ച്.ജി.) നിലവിലെ അധ്യക്ഷസ്ഥാനം പാകിസ്താനാണ്. ഇതോടെയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന എസ്.സി.ഒ. രാഷ്ട്രതലവന്മാരുടെ യോഗത്തിന് പാകിസ്താന്‍ ആതിഥേയത്വം വഹിക്കുന്നത്. ഇസ്ലാമാബാദില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്താന്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്താനില്‍ രാജ്യത്തിന്റെ ഉന്നതനേതാവ് പോകേണ്ടെന്ന ഇന്ത്യയുടെ നയം ഇക്കാര്യത്തിലും തുടരുമെന്നാണറിയുന്നത്. കഴിഞ്ഞവര്‍ഷം കിര്‍ഗിസ്താനിലെ ബിഷ്‌കെക്കില്‍ നടന്ന ഉച്ചകോടിയിലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്.

India. pakistan external affairs minister S Jaishankar sco summit meeting