പശ്ചിമേഷ്യയെ സംഘര്‍ഷഭൂമിയാക്കിയ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് ഒരു വയസ്സ്

യുദ്ധങ്ങളെല്ലാം ഡിസ്ട്രക്ടീവാണ്, കണ്‍സ്ട്രക്ടീവ് അല്ല. അതായത് യുദ്ധങ്ങളൊന്നും ലോകത്ത് ഒരു നല്ല മാറ്റവും കൊണ്ടുവന്നിട്ടില്ല. ലോകത്ത് നാശം വിതയ്ക്കാനേ യുദ്ധങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ.

author-image
Rajesh T L
New Update
oo

 🌎യുദ്ധങ്ങളെല്ലാം ഡിസ്ട്രക്ടീവാണ്, കണ്‍സ്ട്രക്ടീവ് അല്ല. അതായത് യുദ്ധങ്ങളൊന്നും ലോകത്ത് ഒരു നല്ല മാറ്റവും കൊണ്ടുവന്നിട്ടില്ല. ലോകത്ത് നാശം വിതയ്ക്കാനേ യുദ്ധങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. യുദ്ധ വെറിയന്മാരായ ഭരണാധികാരികളുടെ സ്ഥാനവും ചരിത്രത്തിന്റെ ഇരുണ്ട അറയിലാണ്. 

പശ്ചിമേഷ്യയെ സംഘര്‍ഷഭൂമിയാക്കിയ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് ഒരു വയസ്സ്. തിരിഞ്ഞുനോക്കുമ്പോള്‍ എന്താണ് ഈ യുദ്ധത്തിന്റെ ബാലന്‍സ് ഷീറ്റ്. മനുഷ്യക്കുരുതി, പട്ടിണി, അഭയാര്‍ത്ഥി പ്രവാഹം. എന്തിനു വേണ്ടിയായിരുന്നു. ഉത്തരം വളരെ ലളിതം അധികാരത്തിനും ആധിപത്യത്തിനും വേണ്ടി. 

യുദ്ധത്തില്‍ പരാജയപ്പെട്ടത് ഹമാസ് മാത്രമല്ല, ഇസ്രയേലും കൂടിയാണ്. സമാധാനം നഷ്ടപ്പെട്ട ജനതയായി ഇസ്രയേല്‍ മാറി. ജനങ്ങള്‍ ഭീതിയിലാണ്. വടക്കന്‍ ഇസ്രയേലില്‍ യുദ്ധ സമാനമായ അന്തരീക്ഷമാണുള്ളത്. 

ഹമാസിന്റെ തുടച്ചുനീക്കുകയായിരുന്നു ഇസ്രയേലിന്റെയും നെതന്യാഹുവിന്റെയും ലക്ഷ്യം. അത് സാധിച്ചില്ലെന്നു മാത്രമല്ല, കൂടുതല്‍ പ്രദേശങ്ങളിലേക്ക് യുദ്ധം വ്യാപിക്കുകയും ചെയ്തു. ഇറാനും ലബനനും യെമനുമെല്ലാം ഇസ്രയേലിനെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ എങ്ങനെയാണ് ഇസ്രയേലിലെ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനാവുക.

ഗസ തകര്‍ന്നൊരു പ്രദേശമാണ്. പലസ്തീന്‍ വലിയൊരു ശവപ്പറമ്പായി മാറിയിരിക്കുന്നു. മേഖലയിലെ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സംവിധാനങ്ങളെല്ലാം തകര്‍ന്നു. ഹമാസ് ആക്രമണം ഒരു  വര്‍ഷം  പിന്നിടുമ്പോള്‍, ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം  42,870 ആയി. ഇതില്‍ 16500 കുട്ടികളാണ്. 97166 പേര്‍ക്കാണ് വിവിധ ആക്രമണങ്ങളില്‍ പരിക്കുപറ്റിയത്. 

ഇസ്രായേലില്‍ ആകെ മരിച്ചവരുടെ എണ്ണം 1,139 ഉം പരുക്കേറ്റവര്‍ 8,730 പേരുമാണ്.  

ഒക്ടോബര്‍ 7 ന് ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്‌ലഡ് എന്ന പേരില്‍ ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ  ആക്രമണത്തില്‍ അയ്യായിരത്തോളം റോക്കറ്റുകളാണ്  വര്‍ഷിച്ചത്. ഈ ആക്രമണത്തില്‍ മാത്രം 1200ലധികം    ഇസ്രായേലി  പൗരന്മാരാണ് കൊല്ലപ്പെട്ടത്. 251 പേരെയാണ് ഹമാസ് ബന്ദികളാക്കി ഗാസയിലേക്ക് അയച്ചത്.   അപ്രതീക്ഷിതമായി നേരിട്ട ഈ അക്രമണത്തിന് പകരം ചോദിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി  ബെഞ്ചമിന്‍ നെതന്യാഹു ഉടന്‍ തന്നെ പ്രതികരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇസ്രയേല്‍ പലസ്തീനിലും ഗസയിലും നടത്തിയത് അതിക്രൂരമായ മനുഷ്യക്കുരുതിയാണ്.

war

ഈ യുദ്ധത്തില്‍ ഇസ്രായേലിന് മൂന്നു ലക്ഷ്യങ്ങളാണുള്ളത്. ഹമാസിനെ  നശിപ്പിക്കുക, ഭീഷണികള്‍ ഉണ്ടാകാത്ത വിധം അതിര്‍ത്തികള്‍ സംരക്ഷിക്കുക, ഹമാസ് ബന്ദികളാക്കി കൊണ്ടുപോയവരെ  സുരക്ഷിതമായി  തിരിച്ചെത്തിക്കുക. എന്നാല്‍, യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോഴും  ഇസ്രായേലിന്റെ  ലക്ഷ്യങ്ങളില്‍ ഒന്ന് പോലും നടത്താനായിട്ടില്ല.

ഇസ്രായേല്‍ ഇപ്പൊള്‍ ശത്രുക്കളാല്‍  ചുറ്റപ്പെട്ടിരിക്കുന്നു. ആക്രമണവും പ്രത്യാക്രമണങ്ങളും മാത്രം  നിരന്തരം  നടക്കുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ യുദ്ധം ചെയ്യുന്നതെന്ന ന്യായമാണ് ഇസ്രയേല്‍ ഉയര്‍ത്തുന്നത്. പക്ഷെ, ബന്ദികളെ മോചിപ്പിക്കാനുള്ള ചര്‍ച്ചകളോട് മയമില്ലാത്ത   സമീപനമാണ് നെതന്യാഹു സ്വീകരിക്കുന്നത്. യുദ്ധം തുടര്‍ന്ന് പോകാനാണ് നെതന്യാഹുവിന്റെ  താല്‍പര്യമെന്ന വിമര്‍ശനം ഇസ്രായേലില്‍ നിന്ന് പോലും ഇപ്പോള്‍ ഉയരുന്നുണ്ട്.

war gaza conflict iran israel conflict israel hizbulla conflict