റോം ∙ ഇറ്റാലിയൻ തീരത്തിനു സമീപത്ത് 2 കപ്പലുകൾ അപകടത്തിൽപെട്ടു. സംഭവത്തിൽ 11 പേർ മരിച്ചു നിരവധിപ്പേരെ കാണാതായി. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച നാദിർ എന്ന കപ്പലിൽ രക്ഷാപ്രവർത്തകർ 10 മൃതദേഹങ്ങൾ കണ്ടെത്തി. തുനീസിയയിൽനിന്നു പുറപ്പെട്ടതായി കരുതുന്ന ഈ കപ്പലിലെ 51 പേരെ രക്ഷിച്ചതായി ജർമൻ രക്ഷാപ്രവർത്തകരായ റെസ്ക്യുഷിപ് അറിയിച്ചു. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയിൽനിന്ന് 40 മൈൽ തെക്ക് ഭാഗത്തായിരുന്നു അപകടം.
തെക്കൻ ഇറ്റലിയിലെ കാലാബ്രിയ തീരത്തുനിന്ന് 100 മൈൽ അകലെ അയോണിയൻ കടലിൽ തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ മറ്റൊരു കപ്പൽ അപകടത്തിൽ 26 കുട്ടികളടക്കം 66 പേരെ കാണാതായി. 12 പേരെ ചരക്കുകപ്പൽ രക്ഷിച്ചു തുറമുഖത്തെത്തിച്ചു. ഇവരിൽ ഒരു സ്ത്രീ പിന്നീട് മരിച്ചു. തുർക്കിയിൽനിന്ന് പുറപ്പെട്ട കപ്പലായിരുന്നു ഇതെന്നാണു സൂചന