ഡൽഹി: ലോകം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വ്യോമയാന ദുരന്തം നടന്നിട്ട് 39 വര്‍ഷം പിന്നിടുന്നു. ഒന്നില്‍ പിഴച്ചാല്‍ 3 എന്ന് പറയും പോലെ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷം സിഖ് തീവ്രവാദികള്‍ മൂന്നാമതും ആ ദൗത്യം നടത്തിയെടുത്തപ്പോള്‍ അത് ഇന്ത്യയുടെ ചരിത്രത്തിലേ തന്നെ ഉണങ്ങാത്ത മുറിവായി മാറി.
സിഖ് തീവ്രവാദികളില്‍ നിന്ന് തുടരെ രാജ്യത്ത് വിമാനങ്ങള്‍ക്ക് ഭീഷണി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിലായി ഗുര്‍പട്വന്ത് സിങ് പന്നുവിന്റെ ഭീഷണിയിയും വന്നിരിക്കുന്നു. നവംബര്‍ ഒന്നു മുതല്‍ 19 വരെ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്നാണ് പന്നുവിന്റെ ഭീഷണി. സിഖ് വിരുദ്ധ കലാപത്തിന്റെ വാര്‍ഷികം ആയതിനാല്‍ ആക്രമണം ഉണ്ടാകുമെന്നാണ് പന്നുവിന്റെ താക്കീത്. ഒരാഴ്ചയ്ക്കിടെ നൂറോളം വിമാനങ്ങള്‍ക്ക് സുരക്ഷാ ഭീഷണി ഉണ്ടായ സാഹചര്യത്തില്‍ പന്നുവിന്റെ ഭീഷണിയെ ജാഗ്രതയോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.
രാജ്യത്തിന്റെ മുന്‍കാല അനുഭവങ്ങള്‍ പരിഗണിച്ചാല്‍ പന്നുവിന്റെ ഭീഷണി അത്ര നിസാരമല്ല. കാരണം 1985 ജൂണ്‍ 23-നാണ് എയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനം കനിഷ്‌ക കാനഡയിലെ മൊണ്‍ട്രിയലില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 329 യാത്രക്കാര്‍ക്കും 22 ജീവനക്കാര്‍ക്കും ജീവന്‍ നഷ്ടമായി. പഞ്ചാബിലെ അമൃത്സറിലുള്ള സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ബ്ലൂ സ്റ്റാര്‍ എന്ന സൈനിക നടപടിയുടെ പ്രതികാരമെന്നോണം സിഖ് ഭീകരവാദ സംഘടനകളാണ് വിമാനം ബോംബുവച്ച് തകര്‍ത്തത്. അമേരിക്കയ്ക്കുനേരെ അല്‍ ഖൈദ ഭീകരസംഘടന നടത്തിയ 9/11ലെ ഭീകരാക്രമണമാണ് ലോകകണ്ട ഏറ്റവും വലിയ വ്യോമയാന ദുരന്തമായി വിശേഷിപ്പിക്കപ്പെടുന്നത്. രണ്ടാമത്തേതാണ് കനിഷ്‌ക ദുരന്തവും.
ജൂണ്‍ 23-ന് പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്. മൊണ്‍ട്രിയലില്‍നിന്ന് പുറപ്പെട്ട വിമാനം ലണ്ടന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇറങ്ങിയശേഷമാണ് മുംബൈയില്‍ എത്തേണ്ടിയിരുന്നത്. ലണ്ടനില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായി. വിമാനവുമായി ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. തുടര്‍ന്ന് വിമാനവുമായി അവസാനമായി ബന്ധപ്പെടാന്‍ കഴിഞ്ഞ സ്ഥലത്ത് അധികൃതരുടെ നിര്‍ദ്ദേശാനുസരണം ലോറന്‍ഷ്യല്‍ ഫോറസ്റ്റ് എന്ന കപ്പല്‍ എത്തി. മൃതദേഹങ്ങളും ഫൈ്ളറ്റ് ജാക്കറ്റുകളും തകര്‍ന്ന വിമാനത്തിന്റെ ഭാഗങ്ങളും കടലില്‍ ചിതറിക്കിടക്കുന്നുണ്ടെന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. മൃതദേഹങ്ങളില്‍ മിക്കവയും മുഖത്തും കൈകാലുകളിലും പരിക്കേറ്റ നിലയില്‍ ഉള്ളതായിരുന്നു.
വിമാനത്തിന് സാങ്കേതിക തകറാറുണ്ടാകാനുള്ള സാധ്യതകളെല്ലാം അന്വേഷണസംഘം ആദ്യം പരിശോധിച്ചെങ്കിലും ഒന്നും സ്ഥിരീകരിക്കാനായില്ല. ഇതോടെയാണ് ബോംബ് സ്‌ഫോടനം തന്നെയാകാം ദുരന്തത്തിന് ഇടയാക്കിയതെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. വിമാനത്തിന്റെ വാലറ്റത്താകാം സ്‌ഫോടനം നടന്നതെന്നും അത് വിമാനത്തിന്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടാകാമെന്നും വിലയിരുത്തപ്പെട്ടു.
പൈലറ്റായിരുന്ന ക്യാപ്റ്റന്‍ എച്ച്.എസ് നരേന്ദ്ര എയര്‍ഇന്ത്യയില്‍ അന്നുണ്ടായിരുന്ന ഏറ്റവും മികച്ച അഞ്ച് പൈലറ്റുമാരില്‍ ഒരാളായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. വളരെ കുറച്ച് സമയമെങ്കിലും കിട്ടിയിരുന്നുവെങ്കില്‍ അദ്ദേഹം ദുരന്തം ഒഴിവാക്കാന്‍ ശ്രമിക്കുകയോ വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന വിവരം കൈമാറാന്‍ ശ്രമിക്കുകയോ ചെയ്യുമായിരുന്നുവെന്നും വിലയിരുത്തപ്പെട്ടു. വ്യോമസേനയില്‍നിന്ന് എയര്‍ ഇന്ത്യയില്‍ എത്തിയ ആളായിരുന്നു വിമാനത്തിന്റെ കോ പൈലറ്റ് എസ്.എസ് ബിന്ദര്‍. ഫ്‌ളൈറ്റ് എന്‍ജിനിയറും വളരെയധികം പരിചയസമ്പന്നനായിരുന്നു. ഇതെല്ലാമാണ് സ്‌ഫോടനമാകാം ദുരന്തത്തിന് ഇടയാക്കിയതെന്ന നിഗമനത്തിലേക്ക് വിദഗ്ധരെ എത്തിച്ചത്.
കനിഷ്‌ക ദുരന്തമുണ്ടായ അന്നേ ദിവസംതന്നെ മറ്റൊരു വിമാനംകൂടി തകര്‍ക്കാന്‍ സിഖ് ഭീകരസംഘടനകള്‍ പദ്ധതിയിട്ടിരുന്നു. ടോക്യോ - മുംബൈ വിമാനം ബോംബുവച്ച് തകര്‍ക്കാനായിരുന്നു പദ്ധതി. എന്നാല്‍ ലഗേജുകള്‍ വിമാനത്തിലേക്ക് എത്തുന്നതിന് മുമ്പുതന്നെ ബോംബ് സ്‌ഫോടനമുണ്ടായി. ടോക്യോ വിമാനത്താവളത്തില്‍ ലഗേജ് കൈകാര്യം ചെയ്തിരുന്ന രണ്ടുപേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്.
ടോക്യോ വിമാനത്താവളത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവംകൂടി ഉണ്ടായതോടെ ബോംബ് സ്‌ഫോടനമാണ് കനിഷ്‌ക വിമാന ദുരന്തത്തിന് ഇടയാക്കിയതെന്നകാര്യം സ്ഥിരീകരിപ്പെടുകയായിരുന്നു. എയര്‍ഇന്ത്യ വിമാനം ലക്ഷ്യംവച്ചാണ് ടോക്യോ വിമാനത്താവളത്തില്‍ ബോംബ് എത്തിച്ചതെന്ന് കണ്ടെത്തിയതോടെ ആയിരുന്നു ഇത്. തുടര്‍ന്ന് കനേഡിയന്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ എല്‍. സിങ്, എ. സിങ് എന്നീ രണ്ടുപേരാണ് രണ്ട് വിമാനങ്ങളിലും ടിക്കറ്റ് ബുക്കുചെയ്യുകയും വിമാനങ്ങള്‍ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാകുകയും ചെയ്തതെന്ന് കണ്ടെത്തി. ഒരേ തരത്തിലുള്ള പദ്ധതിയാണ് ഇട്ടിരുന്നതെങ്കിലും ഒന്ന് പാളി.
അമേരിക്ക സന്ദര്‍ശനത്തിനിടെ രാജീവ് ഗാന്ധിയേയും ഹരിയാന മുഖ്യമന്ത്രി ആയിരുന്ന ഭജന്‍ ലാലിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിടുകയും അതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ എഫ്ബിഐയുടെ നിരീക്ഷണത്തില്‍നിന്ന് രക്ഷപ്പെടുകയും ചെയ്ത രണ്ടുപേര്‍ ആയിരുന്നു അവരെന്ന് പിന്നീട് കണ്ടെത്തി. തീവ്രവാദ പരിശീലനം ലഭിച്ചവരായിരുന്നു അവര്‍. കാനഡയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും എക്‌സ് റേ പരിശോധനാ യന്ത്രം കേടുവന്നതും അടക്കമുള്ളവ ഭീകരവാദികളുടെ നീക്കങ്ങള്‍ എളുപ്പമാക്കി.
സിഖ് ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സയാണ് സ്‌ഫോടനം നടത്തിയതെന്ന് കാനഡയിലെയും ഇന്ത്യയിലെയും അന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷനും സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കനേഡിയന്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി കണ്ടെത്തിയിരുന്നു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്നുപേരിട്ട സൈനിക നടപടി സിഖ് ഭീകരവാദ സംഘടനകള്‍ക്കുണ്ടാക്കിയ അമര്‍ഷമാണ് സ്‌ഫോടനത്തിന് പിന്നിലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ നടത്തിയ സൈനിക നടപടിയില്‍ നിരവധി സിഖ് ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. കനേഡിയന്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണവും വിചാരണയും 20 വര്‍ഷം നീണ്ടു. ബോംബ് നിര്‍മ്മിച്ച ഇന്ദ്രജിത്ത് സിങ് റയാത്ത് എന്നയാള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചുവെങ്കിലും ഗൂഢാലോചന നടത്തിയവര്‍ അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെട്ടില്ല.
കാനഡ പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കുമുണ്ടായ ഗുരുതരമായ വീഴ്ചകളാണ് സ്‌ഫോടനത്തിന് വഴിതെളിച്ചതെന്ന് കാനഡ പിന്നീട് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിഖ് ഭീകരവാദ സംഘടനകള്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന സൂചന കാനഡയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഉണ്ടായിരുന്നുവെന്ന സൂചനകളും പിന്നീട് പുറത്തുവന്നു. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോട് കാനഡ സര്‍ക്കാര്‍ പിന്നീട് മാപ്പ് പറഞ്ഞിരുന്നു. ഇന്ത്യയില്‍നിന്ന് കുടിയേറിയ കാനഡ പൗരന്മാരായിരുന്നു മരിച്ചവരില്‍ അധികവും. ഇവരില്‍ പലരും കാനഡയില്‍ താമസമാക്കിയശേഷം അവധിക്ക് ആദ്യമായി ഇന്ത്യയിലേക്കുള്ള യാത്രയിലും ആയിരുന്നു.
ഖാലിസ്ഥാന്‍ വാദം ശക്തിപ്രാപിച്ചതോടെ 1984 ല്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധിയാണ് ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് ഉത്തരവിട്ടത്. സായുധ പോരാട്ടത്തിന് നീക്കം നടത്തിയ ജര്‍ണൈല്‍ സിങ് ബിന്ദ്രന്‍വാലയേയും അനുയായികളേയും അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ കടന്നുകയറി വധിച്ചത് ഈ സൈനിക നടപടിയിലൂടെയാണ്. സിഖ് വിഭാഗക്കാരില്‍ കടുത്ത പ്രതിഷേധത്തിന് സൈനിക നടപടി ഇടയാക്കി.
1984 ഒക്ടോബര്‍ 31-ന് ഇന്ദിരാഗാന്ധി സിങ് വിഭാഗക്കാരായ സുരക്ഷാ ഉദ്യോഗസ്ഥനാല്‍ കൊല്ലപ്പെടുന്നത് ഇതേത്തുടര്‍ന്നാണ്. ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് പിന്നാലെ കാനഡയിലുള്ള ഖാലിസ്ഥാന്‍ വാദികളും പ്രതികാര നീക്കങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തി. കനിഷ്‌ക വിമാന ദുരന്തത്തിന് കാരണമായ അട്ടിമറി നടന്നതും ഇതേത്തുടര്‍ന്നാണ്.രാജ്യത്ത് തുടര്‍ച്ചയായി വിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടായ സാഹചര്യത്തില്‍ ഈ ദുരന്തവും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്.